വടകര: വടകരയിൽ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചയുടൻ കുഴഞ്ഞ് വീണ് സജീവൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സജീവന് ഹൃദയാഘാതം ഉണ്ടാകുന്നതിലേക്ക് നയിച്ചത് പൊലീസിന്റെ കസ്റ്റഡിയിലുണ്ടായ മർദ്ദനമെന്ന് കണ്ടെത്തൽ. മനഃപൂർവമല്ലാത്ത നരഹത്യക്ക് ക്രൈം ബ്രാഞ്ച് കേസ് എടുത്തു.
സബ് ഇൻസ്‌പെക്ടർ നിജീഷ് , സിപി ഒ പ്രജീഷ് എന്നിവർക്കെതിരെയാണ് കേസ്. ഇരുവരും ഒളിവിലാണെന്നാണ് വിവരം. സജീവന്റേത് അസ്വാഭാവിക മരണമായാണ് നേരത്തെ കേസെടുത്തിരുന്നത്. സജീവന്റെ മരണ കാരണം ഹൃദയാഘാതം തന്നെയാണ്. എന്നാൽ ഇതിലേക്ക് നയിച്ചത് ശരീരത്തിലുണ്ടായിരുന്ന പരിക്കുകളാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
സജീവന്റെ ശരീരത്തിൽ 11 ഇടത്ത് പരിക്കുകൾ കണ്ടെത്തിയതാണ് പോസ്റ്റ്മോർട്ടത്തിൽ നിർണായകമായത്. സജീവനെ ശാരീരികവും മാനസികവുമായ പീഡനത്തിന് പൊലീസ് സംഘം ഇരയാക്കിയെന്നാണ് ക്രൈം ബ്രാഞ്ച് എഫ് ഐ ആറിൽ പറയുന്നത്. സജീവന്റെ ശരീരത്തിലേറ്റ മുറിവുകൾ മർദ്ദനത്തെ തുടർന്നുള്ളതാണെന്ന് വ്യക്തമായെന്നും അന്വേഷണ സംഘം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലുള്ള എസ്ഐ എം.നിജേഷ്, എഎസ്ഐ അരുൺ കുമാർ, സിപിഒ ഗിരീഷ് എന്നിവർ അന്വേഷണസംഘത്തിന് മുൻപിൽ ചോദ്യം ചെയ്യലിന് ഇതുവരെ ഹാജരായിട്ടില്ല. മൂവരും ഒളിവിലാണെന്നാണ് ഇതിന് കാരണമായി പറയുന്നത്. ഇവർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരിക്കുകയാണ്.
കസ്റ്റഡിയിലെടുത്ത സജീവൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇതിലേക്ക് നയിച്ച കാരണങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. സജീവന്റെ കൈമുട്ടുകൾ രണ്ടും ഉരഞ്ഞ് പോറലേറ്റ നിലയിലായിരുന്നു. കൈ വിരലുകളിൽ ക്ഷതമുണ്ടെന്നും മുതുകിൽ ക്ഷമേറ്റതിന് സമാനമായ ചുവന്ന പാടുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ടായിരുന്നു. അന്വേഷണ സംഘം സംഭവ ദിവസം സജീവനെ പരിശോധിച്ച വടകര സഹകരണ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ആശുപത്രിയില്‍ എത്തിക്കും മുന്‍പ് സജീവന്‍ മരിച്ചിരുന്നതായാണ് ഡോക്ടർ മൊഴി നൽകിയത്. വടകര പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട് . സ്റ്റേഷനിലെ കംപ്യൂട്ടർ ഹാർഡ് ഡിസ്കിൽ നിന്നും വിവരങ്ങളെടുക്കും. സജീവനെതിരെ കേസ്സെടുത്ത് മരണത്തിന് മുമ്പാണോ, ശേഷമാണോ എന്നതടക്കം അറിയാൻ വേണ്ടിയാണിത്. സജീവനെ ജൂലൈ 21നാണ് കസ്റ്റഡിയലെടുത്തത്. വാഹനാപകട കേസുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. ബന്ധുക്കളുൾപ്പെടെ 30 ഓളം സാക്ഷികളുടെ മൊഴി അന്വേഷണ സംഘം ഇതുവരെ രേഖപെടുത്തിയിട്ടുണ്ട്
Post a Comment