തലസ്ഥാന നഗര മദ്ധ്യത്തില്‍ പട്ടാപ്പകല്‍ വൃദ്ധയെ കൊലപ്പെടുത്തി കിണറ്റില്‍ കെട്ടിത്താഴ്ത്തി. കേശവദാസപുരം രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ (68)യാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് അറുപതിനായിരം രൂപയും നഷ്ടമായിട്ടുണ്ട്.
മനോരമയെ കാണാനില്ലെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്നലെ രാത്രി പത്തുമണിയോടെ സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മനോരമയുടെ വീടിന് സമീപം നിര്‍മ്മാണം നടക്കുന്ന വീടിന്റെ പണിക്കായി എത്തിയ ബംഗാള്‍ സ്വദേശി ആദം അലിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് മുതല്‍ ഇയാളെ കാണാനില്ല.
ആദം അലിക്കായി തെരച്ചില്‍ ശക്തമാക്കി.
ഇയാള്‍ക്കൊപ്പം താമസിക്കുന്ന നാല് ബംഗാള്‍ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനോരമയെ താന്‍ അടിച്ചതായി പറഞ്ഞ ശേഷം ആദം അലി കടന്നുകളയുകയായിരുന്നുവെന്ന് പിടിയിലായവര്‍ പറഞ്ഞു. കൊലപാതകത്തിനും കവര്‍ച്ചയ്ക്കും പിന്നില്‍ കൂടുതല്‍ പേരുണ്ടൊയെന്നും സംശയുമുണ്ട്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് മനോരമയെ കാണാനില്ലെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരുടെ വീട്ടിനരികില്‍ നിന്ന് അസ്വഭാവികമായ വലിയ ശബ്ദം കേട്ടെന്ന് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സ്ത്രീ പറഞ്ഞതനുസരിച്ചാണ് നാട്ടുകാര്‍ അന്വേഷണം നടത്തിയത്. ദിനരാജ് വര്‍ക്കലയിലുള്ള മകളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ ദിനരാജിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം നാട്ടുകാര്‍ വീട്ടില്‍ കയറി പരിശോധിച്ചെങ്കിലും മനോരമയെ കണ്ടില്ല. അലമാര തുറന്ന നിലയിലായിരുന്നു. മനോരമയുടെ കണ്ണട വീട്ടിലുണ്ടായിരുന്നു.
ഭര്‍ത്താവെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ വീടിനുള്ളില്‍ സൂക്ഷിച്ച 60,000 രൂപയും കാണാനില്ലെന്ന് മനസിലായി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി നാട്ടുകാര്‍ക്കൊപ്പം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം മനോരമയുടെ വീടിന്റെ തൊട്ടടുത്തുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Post a Comment