Aug 9, 2022

വിവാഹം കഴിക്കാൻ വിസമ്മതിച്ചു; ഒപ്പം താമസിച്ച കാമുകനെ കൊന്ന് ബാഗിലാക്കി യുവതി: പിടിയിലായത് ബാഗുമായി റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴി.


ഗാസിയാബാദ്: കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗിൽ കൊണ്ടുപോകുന്നതിനിടെ യുവതി പൊലീസ് പിടിയിലായി. യുപി ഗാസിയാബാദ് സ്വദേശി പ്രീതി ശർമയാണ് പിടിയിലായത്. 


നാലു വർഷം മുൻപ് വിവാഹമോചിതയായ പ്രീതി, ഫിറോസ് അലി എന്ന ഇരുപത്തിമൂന്നുകാരനൊപ്പമാണ് താമസിച്ചിരുന്നത്. ഇയാൾ വിവാഹം കഴിക്കാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം.
ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് പ്രീതി ഒരു ട്രോളി ബാഗുമായി പോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. അസ്വഭാവികത തോന്നിയ പൊലീസ് ബാഗു പരിശോധിച്ചപ്പോഴാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഇത് തന്റെ കാമുകനാണെന്നും ഇരുവരും ഒരുമിച്ച് താമസിച്ചു വരികയായിരുന്നെന്നും പ്രീതി വെളിപ്പെടുത്തിയത്.
വിവാഹം കഴിക്കണമെന്ന് ഫിറോസിനോട് നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു പ്രീതി. എന്നാൽ മറ്റൊരു മതത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കില്ലെന്ന് ഫിറോസ് പറഞ്ഞു. വീണ്ടും വിവാഹ ആവശ്യം ഉന്നയിച്ചപ്പോൾ പ്രീതിയുടെ സ്വഭാവം മോശമാണെന്ന് പറഞ്ഞ് ഫിറോസ് അപമാനിച്ചു. ഇതിന്റെ ദേഷ്യത്തിലാണ് റേസർ ഉപയോഗിച്ച് ഫിറോസിന്റെ കഴുത്തറുത്തതെന്നും പ്രീതി മൊഴി നൽകി.

തുടർന്ന് ഫിറോസിന്റെ മൃതദേഹം ഒരു ദിവസം ഫ്ലാറ്റിൽ സൂക്ഷിച്ചു. പിന്നീട് വലിയൊരു ട്രോളി ബാഗ് വാങ്ങി പ്ലാസ്റ്റിക് കയറിട്ട് വരിഞ്ഞുമുറിക്കി കെട്ടി മൃതദേഹം അതിലാക്കി. അതുമായി ഗാസിയാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. മൃതദേഹം അടങ്ങിയ ബാഗ് ഏതെങ്കിലും ട്രെയിനിൽ ഉപേക്ഷിക്കാനാണ് പ്രീതി പദ്ധതിയിട്ടിരുന്നത്. കഴുത്തറുക്കാൻ ഉപയോഗിച്ച റേസർ പൊലീസ് പിടിച്ചെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only