Aug 26, 2022

ഭക്ഷണത്തിനും താമസത്തിനും മാർഗമില്ല, ചുറ്റും പരിഹാസം; ദയാവധം തേടി മലയാളി ട്രാൻസ് വുമൺ


റിഹാന ഇർഫാൻ- കൂർഗ് ഭരണകൂടത്തിന് ദയാവധ ഹർജി നൽകി കാത്തിരിക്കുന്ന മലയാളി ട്രാൻസ് വുമൺ. ഇരുപത്തിയൊമ്പതാമത്തെ വയസ്സിൽ ജീവിതം അവസാനിപ്പിക്കാൻ റിഹാന തീരുമാനിച്ചത് ജീവിച്ച് കൊതി തീർന്നതുകൊണ്ടല്ല, ജീവിതം അക്ഷരാർഥത്തിൽ വഴി മുട്ടിയതുകൊണ്ടാണ്. ട്രാൻസ് വുമണായതിനാൽ താമസിക്കാൻ ഇടമില്ല, ചെയ്യാൻ ജോലിയില്ല, ഒരുനേരം വയറു നിറച്ചുണ്ണാനുള്ള വരുമാനം പോലും ഇല്ല, ചുറ്റുമുള്ളവരുടെ മനം മടുപ്പിക്കുന്ന പരിഹാസം. ആശ്രയിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ. ജീവിതം മുന്നോട്ട് പോകാൻ ലൈംഗിക തൊഴിലില്ലാതെ വേറെ വഴിയില്ലെന്ന് വന്നതോടെ കടുത്ത മാനസിക സംഘർഷത്തിലേക്ക് കാര്യങ്ങൾ മാറി.

മരിച്ചാൽ തീരുന്നതാണ് ഈ പ്രശ്നങ്ങളെല്ലാം എന്ന ചിന്തയിലേക്ക് എത്തിയപ്പോളാണ് റിഹാന കർണാടകയിലെ കൂർഗ് ജില്ലാ ഭരണകൂടത്തിന് ദയാവധത്തിന് ഹർജി നൽകിയത്.


കോഴിക്കോട് താമരശ്ശേരി സ്വദേശിയായ റിഹാന എട്ട് വർഷം മുൻപാണ് കർണാടകയിൽ എത്തുന്നത്. ലിംഗമാറ്റ ശാസ്ത്രക്രിയക്കായി ആദ്യം എത്തിയത് ബെംഗളൂരുവിൽ. രണ്ട് ശസ്ത്രക്രിയകൾക്കായി ചെലവായത് മൂന്ന് ലക്ഷത്തിലധികം രൂപ. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്ക് ഒപ്പംനിന്ന് പല ചടങ്ങുകളിൽ പങ്കെടുത്താണ് ചികിത്സയ്ക്കുള്ള പണം അത്രയും റിഹാന കണ്ടെത്തിയത്. ചികിത്സ പൂർത്തിയായതോടെ അവിടെനിന്ന് പുറത്തിറങ്ങി. സ്ത്രീയായി, മാന്യമായി തൊഴിലെടുത്ത് ജീവിക്കാനായിരുന്നു റിഹാനയുടെ ആഗ്രഹം.

ബെംഗളൂരുവിലും മൈസൂരിലും കോയമ്പത്തൂരിലും എല്ലാം മാറി മാറി സഞ്ചരിച്ചു. ഒരു ജോലിക്കായി തുണിക്കടകളലും ആശുപത്രികളിലും അങ്ങനെ പലയിടങ്ങളിലും കയറിയിറങ്ങി. പക്ഷേ ട്രാൻസ് വുമണായതിനാൽ എല്ലായിടത്തും തഴയപ്പെട്ടു, ഒടുവിൽ പട്ടിണിയാവാതിരിക്കാൻ ഭിക്ഷാടനം തുടങ്ങി. പ്ലസ്ടു യോഗ്യത ഉള്ള താൻ ഉന്നത വിദ്യാഭ്യാസം നേടിയാലെങ്കിലും ഒരു നല്ല തൊഴിൽ കിട്ടും എന്ന പ്രതീക്ഷയാണ് വീണ്ടും പഠിക്കാൻ റിഹാനയെ പ്രേരിപ്പിച്ചത്. അങ്ങനെ കൂർഗിലെ ഒരു കോളേജിൽ ഡിഗ്രിയ്ക്ക് അഡ്മിഷൻ കിട്ടി. അതോടെ കൂർഗിലെത്തി, പിച്ചയെടുത്താണെങ്കിലും പഠിക്കാൻ ഉള്ള പണം കണ്ടെത്താം എന്ന സ്വപ്നവുമായി കോളേജിൽ പോയെങ്കിലും സഹപാഠികളുടെ ഭാഗത്തുനിന്നുണ്ടായ പരിഹാസവും ഒറ്റപ്പെടുത്തലും കാരണം പഠനം തുടരാനായില്ല. താമസ സ്ഥലത്തു നിന്നും അയൽക്കാർ ഇറക്കി വിടുകയും ചെയ്തു.



പിന്നീട് താമസ സ്ഥലം അന്വേഷിച്ച് ഒരുപാട് അലഞ്ഞു പലരും വീട് നൽകാൻ കൂട്ടാക്കിയില്ല, തയ്യാറായവരെ അയൽക്കാർ പിന്തിരിപ്പിച്ചു. ഒടുവിൽ മാറി മാറി ലോഡ്ജുമുറികളിലായി താമസം. ഒരു ദിവസം 400 രൂപ എങ്കിലും നൽകണം മുറി ലഭിക്കാൻ. കൂർഗിലെ കടകളിലും തെരുവിലും മുഴുവൻ ഭിക്ഷ എടുത്തിട്ടും 100 രൂപ പോലും കിട്ടിയില്ല. അതോടെ താമസിക്കാൻ സ്ഥലം കിട്ടുന്നില്ലെന്നും അഭയം കണ്ടെത്താൻ സഹായിക്കണം എന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ചു. എന്നിട്ടും നടപടി ഉണ്ടായില്ല. സർക്കാരിന്റെ അഭയകേന്ദ്രങ്ങളിൽ പോലും ഇടം കിട്ടിയില്ല.

ഇപ്പോൾ സ്ഥിരമായി കാണുന്നത് കൊണ്ട് ഭിക്ഷ കൊടുക്കാൻ പോലും ആളുകൾ പാടെ മടികാണിക്കുന്ന സ്ഥിതിയാണെന്ന് റിഹാന പറയുന്നു. പണം വേണമെങ്കിൽ ലൈംഗിക തൊഴിലെടുക്കുകയല്ലാതെ മറ്റുവഴിയില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഞാൻ അങ്ങനെ ഇരുട്ടിന്റെ മറവിൽ ജീവിക്കാനല്ല ആഗ്രഹിച്ചത്, മറ്റെന്തെങ്കിലും തൊഴിലെടുത്ത് ജീവിക്കാനാണ്. ഒരു വഴിയും ഇല്ലെന്നായപ്പോൾ ദയാ വധത്തിന് ഹർജിയുമായി ജില്ലാ കളക്ടർക്ക് മുന്നിൽ എത്തി. അതും സ്വീകരിക്കില്ലെന്നായപ്പോളാണ് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞത്. അതുകേട്ടപ്പോൾ ഹർജി വാങ്ങാൻ തയ്യാറായി. ജീവിച്ച് കൊതി തീർന്നിട്ടില്ല പക്ഷെ ജീവിക്കാൻ മറ്റുവഴിയില്ലെങ്കിൽ ഇതല്ലാതെ ഞാൻ എന്തുചെയ്യണം- റിഹാന ചോദിക്കുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only