Aug 2, 2022

സ്കേറ്റിങ് ബോർഡിൽ കശ്മീരിലേക്ക് പുറപ്പെട്ട മലയാളിക്ക് ഹരിയാനയിൽ ദാരുണാന്ത്യം


സ്കേറ്റിങ് ബോർഡിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസ് ഹരിയാനയിലുണ്ടായ അപകടത്തിൽ മരിച്ചു. യാത്രക്കിടെ ട്രക്കിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കു​മ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് ഹരിയാനയിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന വിവരം. തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശിയായ അനസ് കമ്പ്യൂട്ടർ സയൻസ് ബിരുദത്തിന് ശേഷം ടെക്നോ പാർക്കിലും ബിഹാറിലെ സ്വകാര്യ സ്കൂളിലും ജോലിചെയ്തിരുന്നു.

2022 മേയ് 29നാണ് 31 കാരനായ അനസ് ഹജാസ് കന്യാകുമാരിയിൽനിന്ന് ഒറ്റക്കുള്ള യാത്ര തുടങ്ങിയത്. സ്കേറ്റിങ് ബോർഡിൽ മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എല്ലാം പിന്നിട്ടാണ് ഹരിയാനയിലെത്തിയത്.

സ്കേറ്റിങ്ങിനെകുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് അനസ് യാത്ര തുടങ്ങിയത്. കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് ഏകദേശം 3800 കി.മീ. ദൂരമുണ്ട്. ഈ ദൂരമത്രയും സ്കേറ്റിങ് ബോർഡിൽ ഒറ്റക്ക് താണ്ടാനായാണ് അനസ് പുറപ്പെട്ടത്. ലക്ഷ്യ സ്ഥാനത്തെത്താൻ മൂന്ന് ദിവസത്തെ യാത്രമാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതിനിടെയാണ് അപകടം.

സൗദി പ്രവാസിയായ അലിയാർകുഞ്ഞാണ് അനസിന്റെ പിതാവ്. മാതാവ്: ഷൈലാബീവി. സഹോദരങ്ങൾ: അജിംഷാ (ഇമാം, വെഞ്ഞാറമൂട്), സുമയ്യ (ഫാർമസിസ്റ്റ്).

*സ്കേറ്റിങ് തുടങ്ങിയത് മൂന്ന് വർഷം മുമ്പ്*

അനസ് ഹജാസ് സ്കേറ്റിങ് ബോർഡ് ആദ്യമായി സ്വന്തമാക്കിയത് മൂന്നുവർഷം മുമ്പാണ്. മറ്റാരുടെയും സഹായമില്ലാതെ സ്വന്തമായി പരിശീലനം നടത്തിയാണ് സ്കേറ്റിങ് ബോർഡിൽ കയറാനും യാത്രചെയ്യാനും പഠിച്ചത്. കൂടാതെ യൂട്യൂബിന്‍റെ സഹായവും തേടി. ബോർഡിൽ ശരീരം ബാലൻസ് ചെയ്യാൻ ഒരുവർഷത്തോളമെടുത്തു. നാട്ടിലെ നിരപ്പായ റോഡുകളിൽ രാവിലെയും വൈകീട്ടും പരിശീലിച്ചുവെന്നും അനസ് പറഞ്ഞിരുന്നു.

മാസങ്ങളുടെ കാത്തിരിപ്പോ പദ്ധതികളോ ഒന്നുമില്ലാതെയാണ് കശ്മീർ ലക്ഷ്യമാക്കി അനസ് ഹജാസ് യാത്ര പുറപ്പെട്ടത്. യാത്ര പുറപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മാത്രമാണ് ഇതിനെക്കുറിച്ച് ചിന്തിച്ചതെന്ന് അനസ് നേരത്തെ പറഞ്ഞിരുന്നു. രണ്ട് ജോഡി വസ്ത്രവും ഷൂസും ഹെൽമറ്റും എടുത്ത് വീട്ടുകാരോട് യാത്ര പറഞ്ഞ് സുഹൃത്തിനൊപ്പം കന്യാകുമാരിയിലേക്ക് തിരിച്ചു. കൈയിൽ കുടിവെള്ളക്കുപ്പി പോലും കരുതിയിട്ടുണ്ടായിരുന്നില്ല. ബാഗിന്‍റെ ഭാരം വർധിച്ചാൽ സ്കേറ്റിങ് ബോർഡിന്‍റെ ചലനത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു അനസ് പറഞ്ഞിരുന്നത്.

കന്യാകുമാരിയിൽനിന്നുള്ള യാത്രയുടെ ആരംഭ ആവേശത്തിൽ ദിവസവും 100 കി.മീ. വരെ യാത്ര ചെയ്തിരുന്നു. കൂടുതൽനേരം ബോർഡിൽ നിൽക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന ഉപദേശത്തിൽ പിന്നീട് ദൂരംകുറച്ചാണ് യാത്ര തുടർന്നത്. ഒരുദിവസം യാത്ര ചെയ്യുന്ന ദൂരം പിന്നീട് 30 കി.മീ. ആയി കുറച്ചു.

കശ്മീർ യാത്ര പൂർത്തിയാക്കിയ ശേഷം ഭൂട്ടാൻ, നേപ്പാൾ, കംബോഡിയ രാജ്യങ്ങളിലേക്ക് സ്കേറ്റിങ് ബോർഡിൽ യാത്ര ചെയ്യാൻ അനസിന് പദ്ധതിയുണ്ടായിരുന്നു. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only