കൊളംബോ: ശ്രീലങ്കൻ തീരത്ത് നങ്കൂരമിടാൻ ചൈനീസ് ചാരക്കപ്പലിന് അനുമതി നൽകിയതായി വാർത്ത. ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്തിൽ സന്ദർശനത്തിനെന്ന പേരിൽ വരുന്ന ചൈനീസ് ചാര കപ്പൽ യുവാൻ വാങ് 5നാണ് ശ്രീലങ്ക അനുമതി നൽകിയത്. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് കപ്പലിന്റെ സന്ദർശനം നീട്ടിവെയ്‌ക്കാൻ ശ്രീലങ്ക ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ ചർച്ചകൾ ആവശ്യമാണെന്നും കപ്പലിന്റെ വരവ് ഇന്ത്യയുടെ സൈനിക രഹസ്യങ്ങൾ ഉൾപ്പെടെ ചോർത്താനാണെന്നും ഇന്ത്യ ശ്രീലങ്കയെ അറിയിച്ചിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലെ കടലിടുക്കുകളുടെ ദൂര പരിധിയും ആഴവും അളക്കാൻ ചാരക്കപ്പലിന്റെ മാപ്പിങ്ങിലൂടെ സാധിക്കും. ഇതിലൂടെ ചൈനീസ് അന്തർ വാഹിനികൾക്ക് സമുദ്രത്തിന്റെ അടിത്തട്ടിലെ സാഹചര്യത്തെ കുറിച്ച് പഠിക്കാനാകുമെന്ന് ഇന്ത്യ ശ്രീലങ്കക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കപ്പലിന് നങ്കൂരമിടാൻ അനുവാദം നൽകിയെന്ന വാർത്ത പുറത്തു വരുന്നതിലൂടെ ഇന്ത്യ-ശ്രീലങ്ക ആഭ്യന്തര ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറയുന്നു.
കൊളംബോയിൽ നിന്നും 250 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഹംബൻടോട്ട തുറമുഖം ചൈനയുടെ സഹായത്തോടെയാണ് നിർമിച്ചത്. ഇന്ത്യയുടെ എതിർപ്പിന് പിന്നാലെ ബിജീങ്ങിലെ ശ്രീലങ്കൻ എംബസി വഴി ചൈന ഇതിനെതിരെ സമ്മർദ്ദം
ശക്തമാക്കിയിരുന്നു. ഇതിനൊടുവിലാണ് ഇപ്പോൾ അനുമതി നൽകിയെന്ന വാർത്തകൾ പുറത്തുവരുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയ്‌ക്ക് ഇന്ത്യയാണ് കൂടുതൽ സഹായങ്ങൾ നൽകിയത്. ശ്രീലങ്കയുടെ നിലവിലെ നടപടി ഇന്ത്യയുടെ നിലപാടുകൾ പുനപ്പരിശോധിക്കുന്നതിലേക്ക് വരെ നയിച്ചേക്കാമെന്നാണ് നയതന്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
Post a Comment