പാലക്കാട് : ആഴമുള്ള കുളത്തിൽ വീണ സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർത്ഥിനിയായ ചേച്ചി മുങ്ങി മരിച്ചു. കരിപ്പോട് അടിച്ചിറ സ്വദേശി പരേതനായ ശിവദാസന്റെയും ശശികലയുടെയും മകൾ ശിഖാ ദാസാണ് മരിച്ചത്. പെരുമാട്ടി വണ്ടിത്താവളം മേലെ എത്താണിയിലെ സ്വകാര്യ വ്യക്തിയുടെ ആഴമുള്ള കുളത്തിലാണ് സംഭവം.
പ്രദേശത്തെ കൂട്ടുകാരിയുടെ വീട്ടിൽ എത്തിയതാണ് ശിഖയും അനിയത്തി ശിൽപ്പയും. തുടർന്ന് കൂട്ടുകാരിക്കൊപ്പം ഇരുവരും വയലിൽ നടക്കാൻ ഇറങ്ങി. ഇതിനിടയിൽ ശിൽപ്പയുടെ കാലിൽ ചെളി പുരണ്ടു. ഇത് കഴുകാനായി ശിൽപ്പ സമീപത്തെ കുളത്തിനടുത്ത് എത്തുകയും കാൽവഴുതി കുളത്തിലേക്ക് വീഴുകയുമായിരുന്നു.
പിന്നാലെയാണ് അനിയത്തിയെ രക്ഷിക്കാൻ ശിഖ കുളത്തിലേക്ക് ചാടിയത്. സമീപത്തെ പുല്ലിൽ പിടിച്ച് ശിൽപ്പയ്‌ക്ക് കരയ്‌ക്ക് കയറാൻ ആയെങ്കിലും ശിഖ കുളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു.നിലവിളി കേട്ട് എത്തിയ പ്രദേശത്തെ യുവാക്കൾ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും ശിഖ കുളത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്ന് പോയിരുന്നു.
ചിറ്റൂർ അഗ്‌നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് ജീവനക്കാരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.കുളത്തിന് 20 അടിയോളം ആഴമുണ്ടായിരുന്നതായി അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. വടവന്നൂർ വി.എം.എച്ച്.എസ്. സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ശിഖ. മുത്തശ്ശി ജാനകിക്കൊപ്പമാണ് ശിഖ താമസിച്ചിരുന്നത്.
Post a Comment