Aug 6, 2022

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വില്ലേജ് തല ജനകീയ സമിതിയെ ഉപയോഗപ്പെടുത്തണം- മന്ത്രി കെ രാജൻ


മഴയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ പൊതു സാഹചര്യം വിലയിരുത്താൻ കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ മന്ത്രി കെ രാജൻ സംസാരിക്കുന്നു.



കോഴിക്കോട് :   മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വില്ലേജ് തല ജനകീയ സമിതിയെ ഉപയോഗപ്പെടുത്തണമെന്നും താഴെത്തട്ടിലേക്ക് എത്തും വിധം പ്രവർത്തനങ്ങൾ വിപുലീകരിക്കണമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.
മഴയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ പൊതുസാഹചര്യം വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മുൻ വർഷങ്ങളിലെ പ്രളയങ്ങളെ രൂപരേഖയായി എടുത്ത് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രി ബന്ധപെട്ടവർക്ക് നിർദേശം നൽകി.
ആഗസ്റ്റ് ഒൻപത് വരെ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കണം. തുടർച്ചയായി മഴ പെയ്യുന്ന സ്ഥലങ്ങളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അത്തരം മേഖലകളിൽ അടിയന്തര ശ്രദ്ധ കൊടുക്കണമെന്നും മന്ത്രി നിർദേശിച്ചു.

ക്യാമ്പുകൾ സജ്ജമാണെങ്കിലും വെള്ളം, വെളിച്ചം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ക്യാമ്പുകളിൽ ഉണ്ടോ എന്നും അവ ഉപ യോഗിക്കാവുന്ന സാഹചര്യത്തിലാണ് എന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
വെള്ളപ്പൊക്ക,ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതോടൊപ്പം അവരുടെ വളർത്തുമൃഗങ്ങളെ കൂടി ഒഴിപ്പിക്കുന്ന കാര്യത്തിൽ ശ്രദ്ധ വേണം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മാറ്റാൻ ഉദ്ദേശിക്കുന്ന മൃഗങ്ങളുടെ ലിസ്റ്റ് നേരത്തെ തയ്യാറാക്കണമെന്നും മന്ത്രി നിർദേശിച്ചു.

യോഗത്തിൽ ജില്ലയിലെ തഹസിൽദാർമാർ താലൂക്കുകളിലെ നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കി.

അടിയന്തര സാഹചര്യം നേരിടാൻ ഏതുസമയവും പ്രവർത്തനം ആരംഭിക്കാവുന്ന രീതിയിൽ താമരശ്ശേരി താലൂക്കിൽ 46 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്.
നിലവിൽ ഒരു ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെന്നും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ ആ പ്രദേശങ്ങളിൽ നിന്നും മാറ്റിയിട്ടുണ്ടെന്നും തഹസിൽദാർ പറഞ്ഞു.

കോഴിക്കോട് താലൂക്കിൽ അഞ്ച് ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും ഏതു സാഹചര്യത്തെ നേരിടാനും തയ്യാറാണെന്നും തഹസിൽദാർ അറിയിച്ചു.
മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ മുന്നറിയിപ്പും ആവശ്യം വേണ്ട മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്.

കൊയിലാണ്ടി താലൂക്കിൽ നിലവിൽ രണ്ടു വില്ലേജുകളിലായി നാല് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 31 ക്യാമ്പുകൾ ആവശ്യമെങ്കിൽ തുടങ്ങാൻ സജ്ജമാണെന്ന് തഹസിൽദാർ അറിയിച്ചു. മഴ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് അനൗൺസ്മെന്റ് നടക്കുന്നുണ്ടെന്നും അനിഷ്ട സംഭവങ്ങളെ നേരിടാൻ താലൂക്ക് സജ്ജമാണെന്നും തഹസിൽദാർ വ്യക്തമാക്കി.

വടകരയിൽ ഒൻപത് വില്ലേജുകളിലായി 8 ക്യാമ്പുകൾ തുറന്നിട്ടുള്ളതായി തഹസിൽദാർ അറിയിച്ചു.139 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 100 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.ദുരന്തബാധിത പ്രദേശങ്ങളിൽ അലർട്ട് സംവിധാനങ്ങൾ ഒരുക്കണമെന്നും കൂടുതൽ ശക്തമാക്കണമെന്നും കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഢി പറഞ്ഞു. ദേശീയപാതയിൽ കുഴികളുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് നൽകാൻ ഉദ്യോഗസ്ഥരോട് കലക്ടർ നിർദേശം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only