Aug 23, 2022

എട്ടാം ക്ലാസിൽ പഠിച്ചപ്പോഴുള്ള തർക്കം, പാലുകാച്ചിനെത്തിയപ്പോൾ തീർത്തു, കോഴിക്കോട് പത്താം ക്ലാസുകാർക്ക് മർദ്ദനം


കോഴിക്കോട്: എട്ടാം ക്ലാസിൽ പഠിച്ചപ്പോഴുണ്ടായ തർക്കത്തിന്‍റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന പരാതിയുമായി ജൂനിയർ വിദ്യാർത്ഥികൾ. വീടു പാലുകാച്ചലിനെത്തിയപ്പോഴാണ് സംഘം ചേർന്ന് മർദ്ദിച്ചതെന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. 

വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ... ഞായറാഴ്ച വൈകീട്ട് ബാലുശ്ശേരി വീര്യമ്പ്രത്തുള്ള സുഹൃത്തിന്‍റെ വീട്ടിൽ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ പോയി. അവിടെ വച്ച് സീനിയർ വിദ്യാർത്ഥികൾ മുൻവൈരാഗ്യത്തിന്‍റെ പേരിൽ സംഘംചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. 

പരിക്കേറ്റവർ കുട്ടമ്പൂർ സ്കൂളിൽ നിന്ന് ഇക്കൊല്ലം പത്താം ക്ലാസ് ജയിച്ചവരാണ്. ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതിർന്ന വിദ്യാർത്ഥികളുമായി തർക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് വർഷങ്ങൾക്കിപ്പുറം തീർത്തത് എന്നും പരിക്കേറ്റ മിഥിലാജും സിറിൽ ബാബുവും പറയുന്നു.

ഇവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലാണ് അദ്യം പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. ഇരുവിഭാഗവും പരാതി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം കേസ് എടുക്കുമെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only