Aug 17, 2022

കുതിരവട്ടത്തുനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കർണാടകയിൽ പിടിയിൽ


കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് സെല്ലിൽനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി നറുകര ഉതുവേലി കുണ്ടൂപറമ്പിൽ വിനീഷാണ് (23) അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകീട്ടോടെ കർണാടക ധർമസ്ഥലിൽനിന്നാണ് ഇയാൾ പിടിയിലായത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയവെ മാനസികാസ്വാസ്ഥ്യം കാണിച്ചതിനെ തുടർന്ന് നാലുദിവസം മുമ്പാണ് ഇയാളെ കുതിരവട്ടത്തെത്തിച്ചത്. ഇവിടത്തെ മറ്റൊരു അന്തേവാസിയുടെ കൈയിൽ കുടുങ്ങിപ്പോയ മോതിരം ഊരിയെടുക്കാൻ അഗ്നിശമന സേന കഴിഞ്ഞ ദിവസം കുതിരവട്ടത്തെത്തിയിരുന്നു. ഈ സമയമാണ് ഇയാൾ രക്ഷപ്പെട്ടത് എന്നാണ് കരുതുന്നത്. പ്രതി ചാടിപ്പോയ വിവരം ആരോഗ്യകേന്ദ്രം അധികൃതർ മെഡിക്കൽ കോളജ് പൊലീസിൽ അറിയിച്ചതോടെ തിരച്ചിൽ തുടങ്ങിയിരുന്നു.
ഇയാളെത്താനിടയുള്ള മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ട്രെയിൻ കയറിയതായി വ്യക്തമായി. മംഗളൂരുവിൽ ഇറങ്ങി റെയിൽവേ സ്റ്റേഷനു സമീപം നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച് പോകവെ ധർമസ്ഥലിൽനിന്നാണ് പിടിയിലായത്.

പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 2021 ജൂണിലാണ് ഏലംകുളം മുഴന്തറ ചെമ്മാട്ടിൽ ദൃശ്യയെ (21) പ്രതി വീട്ടിലെ കിടപ്പുമുറിയിലെത്തി കുത്തിക്കൊലപ്പെടുത്തിയത്.

യുവതിയുടെ പിതാവ് ബാലചന്ദ്രന്‍റെ കടക്ക് തീയിട്ട് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയ ശേഷമാണ് പ്രതി ദൃശ്യയെ കൊലപ്പെടുത്തിയത്. ഒരേ സ്ഥാപനത്തിൽ പഠിച്ചപ്പോഴുള്ള പരിചയമാണ് ഇരുവരും തമ്മിലുള്ളത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only