കോഴിക്കോട് : ജില്ലയിൽ നായയുടെ കടി കൊണ്ടതിന്റെ മൂന്നിരട്ടിയിലേറെപ്പേർ പൂച്ചയുടെ ആക്രമണത്തിനിരയാകുന്നുണ്ടെന്നു കണക്കുകൾ. കഴിഞ്ഞ ജനുവരി 1 മുതൽ ജൂൺ 30 വരെ 21,859 പേരാണ് പൂച്ച മാന്തിയതിനും കടിച്ചതിനുമായി ജില്ലയിൽ ആരോഗ്യ വകുപ്പിനു കീഴിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
നായയുടെ കടിയേറ്റ് 7,733 പേർ പേ വിഷബാധയ്ക്കെതിരെ കുത്തിവയ്പെടുത്തു. 27 പേർക്ക് കുറുക്കന്റെയും 13 പേർക്കു കീരിയുടെയും 88 പേർക്ക് എലിയുടെയും കടിയേറ്റു. മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി, പേ വിഷബാധയ്ക്കെതിരെ കുത്തിവയ്പെടുക്കാൻ ആളുകൾ വേഗത്തിൽ തയാറാകുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. പേവിഷ ബാധയേറ്റ് ആളുകൾ മരിച്ച സംഭവങ്ങൾ ഉണ്ടായ സാഹചര്യത്തിലാണിത്.
വാക്സീൻ ഉപയോഗം കൂടി
ലോക്ഡൗൺ കാലം മുതൽ പൂച്ച, നായ തുടങ്ങിയവയെ ആളുകൾ കൂടുതലായി വളർത്താൻ തുടങ്ങിയിരുന്നു. തെരുവുനായ്ശല്യം വർധിക്കുകയും ചെയ്തു. പൂച്ചമാന്തിയും കടിച്ചും നായയുടെ കടിയേറ്റും മറ്റും കൂടുതൽ പേർ ചികിത്സ തേടിയതോടെ പേ വിഷബാധയ്ക്കെതിരെയുള്ള വാക്സീൻ ഉപയോഗവും കൂടി. വാക്സിൻ ലഭ്യത കുറഞ്ഞതിനാൽ സമീപ ജില്ലകളിൽ നിന്നുവരെ എത്തിച്ചാണ് പ്രശ്നം പരിഹരിക്കുന്നത്.
പതിവിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ആന്റി റാബീസ് സീറത്തിന് 100% അധികമാണ് ആവശ്യം ഉണ്ടായത്. തൊലിയിൽ കുത്തിവയ്ക്കുന്ന ഐഡിആർവി (ഇൻട്രാ ഡെർമൽ റാബീസ് വാക്സിനേഷൻ) കുത്തിവയ്പിന് ആവശ്യക്കാർ 48% വർധിച്ചു. മെഡിക്കൽ കോളജ്, ജില്ല, താലൂക്ക് ആശുപത്രികളിൽ ഉൾപ്പെടെ മരുന്നു ലഭ്യമാണ്. എവിടെയെങ്കിലും സ്റ്റോക്ക് തീർന്നാൽ അതിനടുത്ത സ്ഥലത്ത് കിട്ടുന്ന തരത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
Post a Comment