വർക്കല: വിവാഹം നടന്ന് രണ്ടു മാസം തികയും മുൻപ് നവവധുവിനെ ഭർത്താവ് നിലവിളക്കുകൊണ്ട് അടിച്ചു കൊലപ്പെടുത്തി. വർക്കല അയന്തി മൂന്നുമുക്ക് വിളയിൽ വീട്ടിൽ അനീഷിന്റെ ഭാര്യ നിഖിത(ദേവു-26) ആണ് കൊല്ലപ്പെട്ടത്. അനീഷി(35)നെ വർക്കല പോലീസ് അറസ്റ്റുചെയ്തു.
ആലപ്പുഴ തത്തംപള്ളി ജില്ലാ കോടതി വാർഡ് പുത്തൻപറമ്പ് വീട്ടിൽ കുട്ടപ്പന്റെയും ഉഷയുടെയും മകളാണ് മരിച്ച നിഖിത.
കഴിഞ്ഞ ജൂലായ് എട്ടിനായിരുന്നു അനീഷിന്റെയും നിഖിതയുടെയും വിവാഹം നടന്നത്. അനീഷിന്റെ സംശയരോഗമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസ് നിഗമനം.
ചൊവ്വാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. പുലർച്ചെ കിടപ്പുമുറിയിൽനിന്ന് നിഖിതയുടെ കരച്ചിൽ കേട്ടിരുന്നു. ഇതു കേട്ട് വീട്ടിലുണ്ടായിരുന്നവർ വിളിച്ചെങ്കിലും കതകു തുറന്നില്ല. തുടർന്ന് സമീപത്തു താമസിക്കുന്ന ബന്ധുക്കളെ വിളിച്ചുണർത്തി അവരുടെ സഹായത്തോടെ കമ്പിപ്പാരയുപയോഗിച്ച് കതക് കുത്തിത്തുറക്കുകയായിരുന്നു.
മുറിക്കുള്ളിൽ കയറിനോക്കിയപ്പോൾ നിഖിത രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. അനീഷ് അക്രമാസക്തനായി മുറിക്കുള്ളിലുണ്ടായിരുന്നു. അനീഷിന്റെ കൈയിലും ദേഹത്തും രക്തം പുരണ്ടിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു. അനീഷിന്റെ അച്ഛൻ അശോകൻ, അമ്മ ഷീബ, സഹോദരൻ അജീഷ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
കുടുംബങ്ങൾ നിശ്ചയിച്ച പ്രകാരമാണ് അനീഷിന്റെയും നിഖിതയുടെയും വിവാഹം നടന്നത്. 10 ദിവസം കഴിഞ്ഞ് ഇരുവരും അനീഷ് ജോലിചെയ്യുന്ന ഷാർജയിലേക്കു പോയിരുന്നു. അനീഷിന്റെ ചികിത്സയ്ക്കായി സെപ്റ്റംബർ ഒന്നിനാണ് ഇവർ നാട്ടിൽ മടങ്ങിയെത്തിയത്
Post a Comment