അന്ന് തൃശ്ശൂര്‍ പാലപ്പിള്ളിയില്‍വെച്ച് കാട്ടാന തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചത് ഹുസൈന്റെ ജീവന്‍ മാത്രമായിരുന്നില്ല, ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ കൂടിയായിരുന്നു. പാലപ്പിള്ളിയില്‍ കാട്ടാനകളെ തുരത്താന്‍ എത്തിച്ച കുങ്കിയാനകളുടെ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാരനായിരുന്നു ഹുസൈന്‍ കല്‍പ്പൂര്‍. സെപ്റ്റംബര്‍ നാലിനാണ് അദ്ദേഹത്തിന് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ഒരാഴ്ചയിലധികമായി ചികിത്സയിലായിരുന്നു.
വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ച് കയറ്റുന്ന സംഘത്തിലെ പ്രത്യേക പരിശീലനം നേടിയ വ്യക്തിയായിരുന്നു ഹുസൈന്‍. പാലപ്പിള്ളിയില്‍ കാട്ടാനയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് കുങ്കിയാനകളെ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. കുങ്കിയാനകളെ ഒരിടത്ത് തളച്ച ശേഷം പരിശോധന നടത്തുമ്പോള്‍ തൊട്ടടുത്ത തോട്ടത്തില്‍നിന്ന് പാഞ്ഞടുത്ത കാട്ടാന ആക്രമിക്കുകയായിരുന്നു. ഹുസൈനെ കാട്ടാന തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നു.
ആദ്യം ഹുസൈനെ തൃശ്ശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. എന്നാല്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ആരോഗ്യനില വഷളാകുകയും തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. നാട്ടിലെത്തിക്കുന്ന ഹുസൈന്റെ ഭൗതികദേഹം കൂടരഞ്ഞിയിലെ ടി.ഒ.എം.എസ്. ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും
കോഴിക്കോട് മുക്കം സ്വദേശിയായ ഹുസൈന്റെ മരണം തീരാനഷ്ടമാവുന്നത് ഒരു കുടുംബത്തിന് മാത്രമല്ല, നാടിനാകെത്തന്നെയാണ്. മനസ്സിനെയും ശരീരത്തെയും സദാസമയവും സേവന സന്നദ്ധമാക്കി നാടിനാകെ കാവലാളായിരുന്നു ഹുസൈന്‍. പറക്കമുറ്റാത്ത രണ്ടുകുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്നതാണ് ഹുസൈന്റെ കുടുംബം. ആ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അദ്ദേഹം. ആ താങ്ങിനെയാണ് കാടിറങ്ങി വന്ന കാട്ടാനക്കൂട്ടം തല്ലിക്കെടുത്തിയത്.
ചെറുപ്പം മുതല്‍ തന്നെ ഏതു ജീവികളെയും വരുതിയിലാക്കാനുള്ള അസാമാന്യ പാടവമുണ്ടായിരുന്നു ഹുസൈന്. അതുകൊണ്ടു തന്നെ നിരവധി തവണ രാജവെമ്പാല ഉള്‍പ്പെടെയുള്ള വിഷപ്പാമ്പുകളെ പിടികൂടി നാട്ടുകാരുടെ ഭീതിയകറ്റാന്‍ എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം. വനം വകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ അംഗമാവുന്നതിനും മുന്‍പ് തന്നെ വനപാലകര്‍ക്കു സഹായിയായിരുന്നു ഹുസൈന്‍.
ഏഴുവര്‍ഷം മുന്‍പാണ് വനം വകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ അംഗമായി ഹുസൈന്‍ വയനാട്ടില്‍ ജോലിയില്‍ പ്രവേശിച്ചത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കി വെച്ചാണ് ഹുസൈന്‍ ജീവിതത്തോട് വിട പറയുന്നത്.
വാടകവീട്ടിലായിരുന്നു അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും താമസം. ആ വാടകവീട് ഏറെ കഠിനാധ്വാനം ചെയ്താണ് സ്വന്തമാക്കിയത്. അത് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ഏറെക്കുറെ പൊളിച്ചുമാറ്റിയ നിലയിലുമാണ്. വല്ലപ്പോഴും കിട്ടുന്ന ഒഴിവുദിനങ്ങളില്‍ ഹുസൈന്‍ സ്വന്തം നിലയ്ക്കായിരുന്നു പലപ്പോഴും വീടിന്റെ പണികള്‍ ചെയ്തിരുന്നത്.
മലയോരത്തെ സന്നദ്ധസംഘടനയായ എന്റെ മുക്കത്തിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു ഹുസൈന്‍. ഏതു പ്രതിസന്ധി ഘട്ടത്തിലും മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ഹുസൈനെക്കുറിച്ച് ജ്വലിക്കുന്ന സ്മരണകളാണ് ഇനി ബാക്കിയുള്ളത്
Post a Comment