ന്യൂഡൽഹി: കേന്ദ്ര ഏജൻസികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ടിന് പുറമെ ഇതുമായി ബന്ധപ്പെട്ട ഉപസംഘടനകൾക്കും അഞ്ചു വർഷത്തേക്കാണ് നിരോധനം. ഇതാദ്യമായല്ല ഒരു സംഘടനയ്ക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തുന്നത്. വലതുപക്ഷ സംഘടനയായ ആർ.എസ്.എസിനും രാജ്യത്ത് നിരോധനമേർപ്പെടുത്തിയിരുന്നു. ഒരു 'സാംസ്കാരിക' സംഘടനയാണെന്ന് അവകാശപ്പെടുന്ന ആർ.എസ്.എസിന് ഇന്ത്യയിൽ മൂന്ന് തവണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 1948, 1975, 1992 വർഷങ്ങളിലായിരുന്നു ഇത്.
1925-ൽ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ആർഎസ്എസിന് 1948-ൽ മഹാത്മ ഗാന്ധി വധിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ആദ്യത്തെ നിരോധനം. സർദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഒരു സർക്കാർ അറിയിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: "നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാനുമാണ് ആർ.എസ്.എസിനെ നിരോധിക്കുന്നത്." ആർ.എസ്.എസ്. സംഘടനാ പ്രവർത്തകർ അപകടകരമായ പ്രവർത്തനങ്ങൾ നടത്തിയതായും അക്രമസംഭവങ്ങളിൽ ഏർപ്പെട്ടതായും അറിയിപ്പിൽ പറയുന്നു. ഡോ. ശ്യാമ പ്രസാദ് മുഖർജിക്ക് എഴുതിയ കത്തിൽ ഗാന്ധിജിയുടെ കൊലപാതകത്തിൽ ഹിന്ദു മഹാസഭയുടെ തീവ്രവിഭാഗത്തിന് പങ്കുണ്ടെന്നതിൽ തന്റെ മനസ്സിൽ സംശയമില്ലെന്നും ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെയും സംസ്ഥാനത്തിന്റെയും നിലനിൽപ്പിന് വ്യക്തമായ ഭീഷണിയാണെന്നും പട്ടേൽ പറയുന്നു. എന്നാൽ 18 മാസങ്ങൾക്കിപ്പുറം പട്ടേൽ തന്നെ നിരോധനം പിൻവലിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിൽനിന്ന് മാറിനിൽക്കുമെന്ന അനൗദ്യോഗിക ഉറപ്പിന്മേലായിരുന്നു ഇത്.
അടിയന്തരാവസ്ഥ കാലത്തായിരുന്നു ആർ.എസ്.എസിനുള്ള അടുത്ത നിരോധനം. ബാബ്റി മസ്ജിദ് തകർക്കപ്പെട്ട് 1992-ലായിരുന്നു മൂന്നാമതായി കേന്ദ്രം ആർ.എസ്.എസിനെ നിരോധിച്ചത്. പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവും ആഭ്യന്തര മന്ത്രി ശങ്കർറാവു ബൽവന്ത്റാവു ചവാനും ചേർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്.
ആർ.എസ്.എസ്., വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) എന്നിവയെ റാവു സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ കേന്ദ്ര ട്രൈബ്യൂണലിന് മുമ്പാകെ നടപടിയെ വിശദീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
Post a Comment