Sep 16, 2022

ബദൽ മാർഗ്ഗമില്ല, കൂറ്റൻ യന്ത്ര ഭാഗങ്ങളുമായി എത്തിയ ട്രൈലർ ലോറികൾക്ക് ആശ്രയം താമരശ്ശേരി ചുരം മാത്രം.


താമരശ്ശേരി:  നഞ്ചൻഗോഡ് നസ് ലെ ഫാക്ടറിയിലേക്കുള്ള കൂറ്റൻ യന്ത്ര ഭാഗങ്ങളുമായി ആഴ്ചകൾക്ക് മുമ്പ് എത്തിയ രണ്ടു ലോറികൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ താമരശ്ശേരി ചുരം കയറുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല.


ഒരു ലോറിയിൽ 6 ടൺ ഭാരമുള്ള യന്ത്രഭാഗവും, മറ്റൊരു ലോറിയിൽ 4 ടൺ ഭാരമുള്ള യന്ത്ര ഭാഗവുമാണ്.

കൊയിലാണ്ടി മംഗലാപുരം വഴി പോകുന്നതിന് തടസ്സമായി നിൽക്കുന്നത് മൂരാട് പാലമാണ്. ഇടുങ്ങിയ പാലത്തിലൂടെ ലോറി കടന്ന് പോകില്ല.

ചുരം കയറാതെ മംഗലാപുരം വഴി തിരിച്ചു പോകാൻ നേരത്തെ അധികൃതർ ആവശ്യപ്പെട്ടിരുന്നു.

റയിൽവെ മേൽപ്പാലം തടസ്സമായതിനാലാണ് ചെന്നൈ ബാംഗ്ലൂർ റോഡ് വഴി പോകാതെ 800 കിലോമീറ്റർ അധികം ദൂരം സഞ്ചരിച്ച് താമരശ്ശേരിയിൽ എത്തിയത്. 

കൊറിയയിൽ നിന്നും ചെന്നൈ തുറമുഖത്ത് എത്തിയ യന്ത്രഭാഗങ്ങൾ കഴിഞ്ഞ ജൂലായ് 21നാണ് ലോറിയിൽ കയറ്റി യാത്ര പുറപ്പെട്ടത്.ഏഴു ദിവസം കൊണ്ട് വാഹനം പാലക്കാട് എത്തിച്ചേർന്നിരുന്നു. 48 ദിവസമായി ലോറികൾ കേരളത്തിന് അകത്താണ്.

 മഴ കാരണം റോഡിന് കുറുകെയുള്ള വൈദ്യുതലൈനുകൾ അഴിച്ചു മാറ്റാൻ സാധിക്കാത്തതിനാലാണ് പല ദിവസങ്ങളിലും യാത്ര മുടങ്ങിയത്‌. പത്തിൽ താഴെ ദിവസം മാത്രമാണ് ലോറിക്ക് സഞ്ചരിക്കാൻ സാധിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി താമരശ്ശേരി, പുതുപ്പാടി ഭാഗങ്ങളിലായി ലോറികൾ നിർത്തിയിട്ടിരിക്കുകയാണ്.

ചുരം കയറുന്നതിന് ട്രാഫിക് പോലീസ് അനുമതി നൽകാത്തതാണ് ലോറികൾ നിർത്തിയിടാൻ കാരണം.

ലോറികൾ ചുരം കയറാൻ ആരംഭിച്ചാൽ വൻ ഗതാഗതക്കുരുക്കും, തടസ്സവും അനുഭവപ്പെടുമെന്നാണ് വിലയിരുത്തുന്നത്.

എന്നാൽ കേവലം രണ്ടു മണിക്കൂർ കൊണ്ട് വാഹനം ചുരം കയറുമെന്ന് ഡ്രൈവർമാർ പറയുന്നു.
ചുരത്തിൽ റോഡിന് കുറുകെ വൈദ്യുതി ലൈനുകൾ ഇല്ലാത്തതിനാൽ ലൈനുകൾ അഴിച്ചുമാറ്റി പുനസ്ഥാപിക്കുന്നതിനായുള്ള സമയം നഷ്ടമാവില്ല. ലോറികൾ ചുരം കയറുന്നതിനായി  രണ്ടു മണിക്കൂർ നേരം മാത്രം വലിയ വാഹനങ്ങൾ ചുരത്തിനു മേലെ തടയേണ്ടതായി  വരികയുള്ളൂവെന്നും ഡ്രൈവർമാർ പറഞ്ഞു.

ലോറി ജീവനക്കാരും, സഹായികളുമായി പതിനഞ്ചോളം പേരാണ് വാഹനങ്ങളിൽ ഉള്ളത്.

നിലവിൽ ഒരു ലോറി ഒടുങ്ങാക്കാടും, മറ്റൊന്ന് പുല്ലാഞ്ഞിമേട്ടിലും ദേശീയ പാതയോരം ചേർന്ന് നിർത്തിയിട്ടിരിക്കുകയാണ്.

പാലം പണി കാരണം ഈ മാസം ഇരുപത്തി ആറാം തിയ്യതി മുതൽ ഒക്ടോബർ 15 വരെ ദേശീയ പാതയിൽ അടിവാരത്തിന് സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയാണ്.

അടിവാരത്തിന് സമീപം എലിക്കാട് പാലം ഉയർത്തുന്നതിനു വേണ്ടിയാണ് 20 ദിവസത്തോളം റോഡ് അടക്കുന്നത്.ഈ കാലയളവിൽ വലിയ വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയായിരിക്കും തിരിച്ചുവിടുക, റോഡ് അടക്കുന്ന സമയത്ത് വാഹനങ്ങൾ ചുരം കയറ്റി വിട്ടാൽ മറ്റു തടസ്സങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല, എന്നാൽ ഇത്രയും ദിവസം കാത്തിരിക്കാൻ കരാർ കമ്പനി തയ്യാറാവുമോ എന്ന് വ്യക്തമല്ല.

ലോറികൾ ചുരം കയറുന്ന സമയത്തുണ്ടാവുന്ന സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി നാളെ ചർച്ച നടത്തുന്നുണ്ടെന്നാണ് അറിവെന്ന് ലോറി തൊഴിലാളികൾ പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only