പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശം.
എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രൊഫ. പ്രസാദ് കൃഷ്ണ മാനസികമായി സമ്മര്‍ദം ചെലുത്തി എന്നാണ് കുറിപ്പില്‍ പറയുന്നത്. ചേര്‍ത്തല സ്വദേശി അഗിന്‍ എസ് ദിലീപിനെയാണ് ഇന്നലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡയറക്ടര്‍ സ്ഥാനത്തുനിന്നും അധ്യാപകന്‍ മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് എന്‍ഐടിയിലേക്ക് എസ്‌എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. സംഭവത്തില്‍ പഞ്ചാബ് പോലീസ് അന്വേഷണം തുടങ്ങി.
ജലന്ധറിലെ ലവ്ലി പ്രൊഫഷണല്‍ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഗിന്‍ എസ് ദിലീപിനെ ചൊവ്വാഴ്ച വൈകീട്ടാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തല പള്ളുരുത്തി സ്വദേശി ദിലീപിന്‍റെ മകനാണ് 21 വയസുകാരനായ അഗിന്‍. മൃതദേഹത്തിന് സമീപം കണ്ടെത്തിയ കുറിപ്പിലാണ് പ്രൊഫ പ്രസാദ് കൃഷ്ണ എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ മാനസികമായി സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആരോപിക്കുന്നത്. നേരത്തെ കോഴിക്കോട് എന്‍ഐടിയിലെ ബിടെക് വിദ്യാര്‍ത്ഥിയായിരുന്നു അഗിന്‍. പ്രൊഫ പ്രസാദ് കൃഷ്ണ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് വൈകീട്ടാണ് എസ്‌എഫ്‌ഐ കോഴിക്കോട് എന്‍ഐടിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
പിന്നാലെ എന്‍ഐടി വിശദീകരണ കുറിപ്പിറക്കി. 2018 മുതല്‍ 2022 വരെ നാല് വര്‍ഷത്തെ എന്‍ഐടിയിലെ പഠനത്തിന് ശേഷവും ഒന്നാം വര്‍ഷത്തെ വിഷയങ്ങള്‍ പാസാകാന്‍ അഗിന് കഴിഞ്ഞില്ലെന്നും, ഇതിനെതുടര്‍ന്നാണ് സ്ഥാപനത്തില്‍നിന്നും പുറത്തായതെന്നും വാര്‍ത്താകുറിപ്പില്‍ വിശദീകരിച്ചു. മരണവിവരം അറിഞ്ഞതിന് പിന്നാലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ജലന്ധറിലെ സര്‍വകലാശാല ക്യാംപസിനകത്ത് പ്രതിഷേധിച്ചിരുന്നു. പത്തു ദിവസത്തനിടെ രണ്ടാമത്തെ മരണമാണെന്നും, സംഭവം മറച്ചുവയ്ക്കാന്‍ സര്‍വകലാശാല അധികൃതര്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
രാത്രി സര്‍വകലാശാലയിലെത്തിയ പഞ്ചാബ് പോലീസ് ലാത്തിചാര്‍ജ് നടത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അഗിന്‍റെ ബന്ധുക്കള്‍ ജലന്ധറിലെത്തി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വിട്ടു നല്‍കും. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ പഞ്ചാബ് പോലീസ് കേസെടുത്തു. അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. കേസന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ലവ്ലി പ്രൊഫഷണല്‍ സര്‍വകലാശാല അധികൃതരും അറിയിച്ചു
Post a Comment