Sep 9, 2022

മോഷ്ടിക്കുമ്പോള്‍ വീട്ടുകാര്‍ കയറിവന്നു; ഇറങ്ങിയോടിപ്പോള്‍ ഫോണ്‍ താഴെവീണു; കള്ളന്മാർ പിടിയിൽ


വീടിന്റെ വാതില്‍‌പൊളിച്ച് സ്വര്‍ണാഭരണം മോഷ്ടിക്കുമ്പോള്‍ വീട്ടുകാര്‍ കയറിവന്നു. വീട്ടില്‍ നിന്ന് ഇറങ്ങിയോടിപ്പോള്‍ മോഷ്ടാവിന്റെ ഫോണ്‍ താഴെവീണു. കൊല്ലം നിലമേലിലാണ് മോഷ്ടാവ് കുടുങ്ങിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നൂറിലധികം മോഷണം നടത്തിയ രണ്ടുപേരാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം വെടിവെച്ചാംകോവിൽ അറപ്പുരവീട്ടിൽ രാജേഷ്, രാജേഷിന്റെ സഹായി വെള്ളായണി സ്വദേശി സുഭാഷ് എന്നിവരാണ് പിടിയിലായത്. നിലമേൽ കണ്ണംകോടുളള വീട്ടിലായിരുന്നു പ്രതികളുടെ മോഷണം. ആളില്ലെന്ന് മനസിലാക്കി വീട്ടില്‍ മോഷണത്തിന് കയറിയതാണ്. പക്ഷേ സ്വർണാഭരണങ്ങൾ എടുക്കുന്നതിനിടെ വീട്ടുകാര്‍ കയറിവന്നു.

സ്വർണവുമായി വീട്ടിൽ നിന്നിറങ്ങി ഓടിയപ്പോള്‍ രാജേഷിന്റെ ഫോണ്‍ താഴെ വീണു. ഇതാണ് പ്രതികളെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. തന്ത്രപരമായാണ് രാജേഷിനെ പൊലീസ് പിടികൂടിയത്. ഫോണ്‍ കളഞ്ഞുകിട്ടിയെന്ന് പറഞ്ഞ് കോഴികച്ചവടകാരനായ പഞ്ചിമബംഗാൾ സ്വദേശിയെ കൊണ്ട് രാജേഷിനെ വിളിപ്പിച്ചു. 

അങ്ങനെ ഫോണ്‍ വാങ്ങാന്‍ രാജേഷിനെ കോഴിക്കടയിലേക്ക് വിളിച്ചുവരുത്തി. കോഴിക്കടയിൽ കച്ചവടക്കാരായി നിന്നത് പൊലീസ് ആയിരുന്നു. ചോദ്യം ചെയ്യലില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നൂറിലധികം മോഷണക്കേസുകളില്‍ തുമ്പായി. ആശാരിപണിക്കാരനായതിനാൽ രാജേഷ് നിമിഷനേരംകൊണ്ട് വാതിൽ പൊളിക്കുമായിരുന്നു


മോഷണമുതലുകള്‍ വില്‍ക്കുന്നയാളായിരുന്നു സുഭാഷ്. പത്തുവര്‍ഷത്തിലേറെയായി ഇരുവരും മോഷണം നടത്തിയിട്ടും ആദ്യമായാണ് പൊലീസ് പിടികൂടുന്നത്. മോഷണമുതലുകള്‍ വിറ്റുകിട്ടുന്ന പണം സുഖലോലുപതയ്ക്കും പെൺസുഹൃത്തുക്കള്‍ക്കും വേണ്ടിയാണ് പ്രതികള്‍ ചെലവഴിച്ചിരുന്നത്. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only