തെങ്കാശി: തമിഴ്നാട്ടിൽ ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക് സാധനങ്ങൾ വിൽക്കില്ലെന്ന് പറഞ്ഞ കടയുടമ അറസ്റ്റിൽ. തെങ്കാശി ശങ്കരൻകോവിൽ പാഞ്ചാകുളം സ്വദേശി മഹേശ്വരനെയാണ് തെങ്കാശി പോലീസ് അറസ്റ്റ് ചെയ്തത്.
ഗ്രാമത്തിലെ ദളിത് വിഭാഗത്തിൽപ്പെട്ട കുട്ടികൾ മിഠായി വാങ്ങാനെത്തിയപ്പോൾ മഹേശ്വരൻ മിഠായി നൽകില്ലെന്ന് പറയുന്ന വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് നടപടി. കേസിൽ ഗ്രാമമുഖ്യനായ രാമചന്ദ്രമൂർത്തിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കടയിൽ മിഠായി വാങ്ങാനെത്തിയ ആദി ദ്രാവിഡ സ്കൂളിലെ വിദ്യാർഥികളോടാണ് ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക് കടയിൽനിന്ന് സാധനം നൽകേണ്ടെന്ന് തീരുമാനിച്ചതായി മഹേശ്വരൻ പറഞ്ഞത്. നിങ്ങളുടെ തെരുവിലെ ആർക്കും ഇനി കടയിൽനിന്ന് സാധനങ്ങൾ തരില്ലെന്നും ഇക്കാര്യം വീട്ടിൽ പോയി പറയണമെന്നും ഇയാൾ കുട്ടികളോട് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയും മഹേശ്വരൻ ഫോണിൽ പകർത്തി. തുടർന്ന് കുട്ടികൾ നിരാശരായി മടങ്ങുന്നതും വീഡിയോയിലുണ്ടായിരുന്നു.
കടയുടമ തന്നെ പകർത്തിയ ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം തെങ്കാശി പോലീസ് കേസെടുക്കുകയും മഹേശ്വരനെയും ഗ്രാമമുഖ്യനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ കടയും പോലീസ് അടച്ചുപൂട്ടി.
Post a Comment