Sep 2, 2022

വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ മുപ്പതു പവന്‍ ആഭരണങ്ങൾ കണ്ടെത്തി

 
വടകര :വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ മുപ്പതു പവന്‍ ആഭരണം കണ്ടെത്തി. വീട്ടിലെ സെന്‍ട്രല്‍ ഹാളിലെ ശൗചാലയത്തിലെ ഫ്‌ളഷ് ടാങ്കില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് വടകരയ്ക്കടുത്ത് വാണിമേല്‍ വെള്ളിയോട് സംഭവം നടന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മീത്തലെ നടുവിലക്കണ്ടി എംഎന്‍ ഹാഷിം കോയ തങ്ങളുടെ വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നത്. കവര്‍ച്ച നടന്ന ഉടനെ കല്യാണ വീട്ടിലും പരിസരങ്ങളിലും വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വളയം ഇന്‍സ്‌പെക്ടര്‍ എ അജീഷിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അതിനിടെയാണ് സ്വര്‍ണാഭരണം കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി ശൗചാലയത്തില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകുന്നത് വീട്ടുടമയായ ഹാഷിം കോയ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വെള്ളമൊഴുകുന്നതു തടയാന്‍ വാള്‍വ് പൂട്ടി. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇതു ശരിയാക്കാന്‍ വേണ്ടി ശൗചാലയത്തിലെ ഫ്‌ളഷ് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്.

പാദസരം, താലിമാല, നെക്ലെയ്‌സ്, വളകള്‍ തുടങ്ങിയ കവര്‍ച്ച ചെയ്ത മുഴുവന്‍ സ്വര്‍ണാഭരണങ്ങളും അതിലുണ്ടായിരുന്നു. വീട്ടുടമ ഹാഷിം കോയ തങ്ങള്‍ സ്വര്‍ണാഭരണം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചു. വളയം പൊലീസെത്തി ആഭരണം കസ്റ്റഡിയിലെടുത്തു.

കവര്‍ച്ച മുതല്‍ ആരെങ്കിലും കൊണ്ടിട്ടതാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. തൊണ്ടിമുതല്‍ ലഭിച്ചെങ്കിലും അന്വേഷണം തുടരാന്‍ തന്നെയാണ് പൊലീസ് തീരുമാനം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only