Sep 30, 2022

മകളുടെ മുന്നിലിട്ട് പിതാവിനെ മർദിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മുൻകൂർ ജാമ്യമില്ല


തിരുവനന്തപുരം: പിതാവിനെയും മകളെയും മർദിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52), മിലൻ ഡോറിച്ച് (45), അനിൽകുമാർ (49) വർക് ഷോപ്പ് ജീവനകാരനായ സുരേഷ് കുമാർ, അജികുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

മകളുടെ മുന്നിൽ വെച്ച് പിതാവിനെ മർദിച്ച സർക്കാർ ഉദ്യോഗസ്ഥരായ പ്രതികൾ മുൻകൂർ ജാമ്യം അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മർദിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പ്രതികളിൽ നിന്ന് ശബ്ദവും ദൃശ്യങ്ങളും ഉൾപ്പെടെ സാമ്പിളുകൾ ശേഖരിക്കണമെന്നും ഇതിന് കസ്റ്റഡി ആവശ്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം. മലയിൻകീഴ് മാധവകവി ഗവ. കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥി രേഷ്മയും പതാവ് പ്രേമനനും കാട്ടാക്കട ഡിപ്പോയില്‍ കണ്‍സഷൻ കാർഡ് പുതുക്കാനെത്തിയതായിരുന്നു. കണ്‍സഷന്‍ ടിക്കറ്റ് ലഭിക്കണമെങ്കില്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായി ജീവനക്കാർ. മൂന്ന് മാസം മുമ്പ് കോഴ്സ് സർട്ടിഫിക്കറ്റ് നല്‍കിയാണ് കണ്‍സഷന്‍ എടുത്തതെന്നും ആവശ്യമെങ്കില്‍ അടുത്ത പ്രാവശ്യമോ അടുത്തദിവസമോ വീണ്ടും നല്‍കാമെന്നും പ്രേമനൻ പറഞ്ഞെങ്കിലും ജീവനക്കാർ അംഗീകരിച്ചില്ല.

'ഇത്തരം ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയുടെ ശാപം' എന്ന് പ്രേമനൻ പറഞ്ഞതിൽ പ്രകോപിതനായ ജീവനക്കാരൻ സുരക്ഷ ഉദ്യോഗസ്ഥനെ വിളിച്ചു. ഉദ്യോഗസ്ഥനെത്തി പ്രേമനനെയും മകളെയും കൗണ്ടറിൽനിന്ന് തള്ളിമാറ്റാൻ ശ്രമിച്ചു. വഴങ്ങാതെ പ്രതിഷേധിച്ചപ്പോൾ കൂടുതൽ ജീവനക്കാരെത്തി ഇരുവരെയും മർദിക്കുകയായിരുന്നു. മകൾ പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചതിനെ തുടർന്നാണ് ഇവർക്ക് ആശുപത്രിയിലേക്ക് പോകാനായത്.

സംഭവത്തിൽ നേരത്തെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസ ഒരു ജീവനക്കാരനെ കൂടി കെ.എസ്.ആർ.ടി.സി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only