മുക്കം: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന കക്കാട് ഗവ. എൽ.പി സ്‌കൂളിനായി കണ്ടെത്തിയ നിർദ്ദിഷ്ട സ്ഥലം സെർച്ച് കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. കക്കാട് കണ്ടോളിപ്പാറയിലെ 22 സെന്റ് സ്ഥലമാണ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, വാർഡ് മെമ്പറും വൈസ് പ്രസിഡന്റുമായ എടത്തിൽ ആമിന, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, അസിസ്റ്റന്റ് എൻജിനീയർ അജിത്ത് ജേക്കബ്, ഓവർസിയർമാരായ അഭിഷേക്, ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്.
സേർച്ച് കമ്മിറ്റി അംഗങ്ങളായ സ്‌കൂൾ എച്ച്.എം ജാനിസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, മുൻ പി.ടി.എ പ്രസിഡന്റ് ഷുക്കൂർ മുട്ടാത്ത്, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം മുനീർ പാറമ്മൽ എന്നിവർ സംഘത്തെ സ്വീകരിച്ചു. വിഷൻ 2025 പദ്ധതിയിലൂടെ ലോകോത്തര മാതൃകയിലാണ് കണ്ടോളിപ്പാറയിൽ പുതിയ ഹൈടെക് കെട്ടിട സമുച്ചയം യാഥാർത്ഥ്യമാവുക. ഇതിന്റെ സ്ഥലമെടുപ്പിലേക്കായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് 11 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. രണ്ടര കോടിയിലേറെ രൂപ ചെലവ് വരുന്ന പദ്ധതിയുടെ ആദ്യഘട്ട നിർമാണ പ്രവൃത്തികൾക്കായി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി 34 ലക്ഷം രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രവർത്തനങ്ങൾ പരമാവധി വേഗത്തിലാക്കാനുള്ള ഊർജിത ശ്രമത്തിലാണ് അധികൃതർ. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്‌കൂളിനെ ഭാവിയിൽ യു.പി സ്‌കൂളായി ഉയർത്താനാണ് നാട്ടുകാരുടെയും പി.ടി.എയുടെയും ശ്രമം.
സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനപ്രശ്‌നം പരിഹരിക്കാനും പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതുമായ ഒരു അത്യാധുനിക ഹൈടെക് വിദ്യാഭ്യാസ സമുച്ചയമാണ് തിരുവമ്പാടി എം.എൽ.എയുടെ വിഷൻ 2025 എന്ന പദ്ധതിയിലൂടെ സ്‌കൂൾ വിഭാവനം ചെയ്യുന്നത്. 2007-ൽ കോഴിക്കോട് നോർത്തിൽ നടപ്പാക്കി ഏറെ സ്വീകാര്യത നേടിയ പ്രിസം മോഡൽ പദ്ധതിയുടെ പരിഷ്‌കരിച്ച പതിപ്പാണ് വിഷൻ 2025 പദ്ധതി. അക്കാദമിക മികവിനൊപ്പം കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമിടുന്ന നൂതനവും വൈവിദ്ധ്യമാർന്നതുമായ പദ്ധതി ഇതിന്റെ പ്രത്യേകതയാണ്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം വരാനിരിക്കുന്ന തലമുറയുടെ അവകാശമാണെന്നിരിക്കെ, അവരുടെ ഭാവി മുമ്പിൽ കണ്ട്, ദീർഘവീക്ഷണത്തോടെയുള്ള, അതിബൃഹത്തായ മാതൃകാ വിദ്യാഭ്യാസ സ്വപ്‌ന പദ്ധതിയാണിത്. മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയുന്നതോടൊപ്പം, അതിനാവശ്യമായ തിയറിയും പ്രാക്ടിക്കലും സ്വാനുഭവങ്ങളിലൂടെ കുട്ടികളെ ആർജിക്കാൻ പ്രാപ്തമാക്കുന്ന ഒരു അക്ഷരോദ്യാനമായി കക്കാട് ഗവ. എൽ.പി സ്‌കൂളിനെ മാറ്റാനാണ് ശ്രമം.
കുട്ടികൾക്കാവശ്യമായ ക്ലാസ് റൂം പോരായ്മ പരിഹരിക്കുന്നതോടൊപ്പം ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി സ്‌പെഷ്യൽ റൂം, കളിക്കാനായി ഇൻഡോർ ടെറഫ് മൈതാനം, ഓപ്പൺ തിയ്യേറ്റർ, ടാലന്റ് ലാബ്, കമ്പ്യൂട്ടർ ആൻഡ് സയൻസ് ലാബുകൾ, ലൈബ്രറി ആൻഡ് ഡിജിറ്റൽ ആർക്കൈവ്‌സ്, ഭിന്നശേഷി സൗഹൃദ റൂം, എച്ച്.എം ആൻഡ് സ്റ്റാഫ് റൂം, വിസിറ്റേഴ്‌സ് കാബിൻ, ഓഡിറ്റോറിയം, ബാത്ത് റൂം, ആധുനിക കിച്ചൺ & ഡൈനിംഗ് ഹാൾ, അസംബ്ലി സ്‌പേസ്, വാഹന പാർക്കിംഗ്, ജൈവവൈവിധ്യ ഉദ്യാനം അടക്കമുള്ള സജ്ജീകരണങ്ങളും നിർദ്ദിഷ്ട സ്ഥലത്തുണ്ടാവും.
സർക്കാർപറമ്പ്, മാടകശ്ശേരി എന്നി രണ്ട് എസ്.സി കോളനികളിലേതടക്കം നിത്യകൂലിക്കു പോകുന്ന, വളരെ ദരിദ്ര പശ്ചാത്തലത്തിലുള്ള മക്കളാണ് ഇവിടെ പഠിക്കുന്ന ബഹുഭൂരിഭാഗവും. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളായി ഭാവിയിൽ ഈ സ്‌കൂളിനെ ഉയർത്തുന്നതോടൊപ്പം അന്തർദേശീയ നിലവാരത്തിലേക്ക് സ്‌കൂളിന്റെ അക്കാദമിക ഭൗതിക പശ്ചാത്തല സൗകര്യങ്ങളും ഒരുക്കാൻ പി.ടി.എയും സ്‌കൂൾ വികസന സമിതിയും അതിയായി ആഗ്രഹിക്കുന്നു.
വൻ തുക ഫീസ് നൽകി മറ്റു സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാൻ നിവൃത്തിയില്ലാത്ത നാട്ടിലെ സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ലഭിക്കുന്നതിനേക്കാൾ മികച്ച വിദ്യാഭ്യാസം ഈ സർക്കാർ വിദ്യാലയത്തിൽ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. ആ നിലയ്ക്ക് കേരളീയ പൊതുസമൂഹത്തിന് എല്ലാ നിലയ്ക്കും മാതൃകയാക്കാവുന്ന പൊതുവിദ്യാലയത്തിന്റെ നമ്പർ വൺ മോഡലായി സ്‌കൂളിനെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു.
അതിനിടെ, ഈ അക്കാദമിക് വർഷം സ്‌കൂളിൽ ഒരു ഡിവിഷൻ അധികമായുണ്ടായതിനെ തുടർന്ന് നിലവിലുള്ള കെട്ടിടത്തിൽ പുതുതായൊരു ക്ലാസ് റൂമിന്റെ നിർമാണത്തിനായി എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച പത്തുലക്ഷം രൂപയുടെ പ്രവൃത്തികളുടെ ടെണ്ടറും ആയിട്ടുണ്ട്.
Post a Comment