Oct 26, 2022

ബൈക്ക് തടഞ്ഞുനിർത്തി താക്കോലൂരി പൊലീസ്; യുവാവിന്‍റെ പി.എസ്.സി പരീക്ഷ മുടങ്ങി".


കോഴിക്കോട്: പി.എസ്.സി പരീക്ഷ എഴുതാനായി ബൈക്കിൽ പോകുകയായിരുന്ന ഉദ്യോഗാർഥിയെ തടഞ്ഞുനിർത്തി താക്കോൽ ഊരി പൊലീസുകാരൻ. ഏറെ അഭ്യർഥിച്ചിട്ടും താക്കോൽ നൽകാൻ തയാറാകാത്തതോടെ യുവാവിന് ഏറെ പ്രതീക്ഷയോടെ തയാറെടുപ്പ് നടത്തിയ പരീക്ഷ എഴുതാനാകാതെ മടങ്ങേണ്ടിവന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

രാമനാട്ടുകര സ്വദേശിയായ അരുണ്‍ (29) എന്ന യുവാവിനാണ് പൊലീസിന്‍റെ നടപടിമൂലം പരീക്ഷ നഷ്ടമായത്. ഇതേത്തുടർന്ന് ഫറോക്ക് അസി. കമീഷണർക്ക് പരാതി നൽകി. ഉദ്യോഗാര്‍ഥിയെ അകാരണമായി തടഞ്ഞുവെച്ച ഫറോക്ക് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ രഞ്ജിത്ത് പ്രസാദിനെ ജില്ല പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

ശനിയാഴ്ചത്തെ പരീക്ഷക്ക് മീഞ്ചന്ത ജി.വി.എച്ച്.എസ് ആയിരുന്നു അരുണിന് കേന്ദ്രമായി ലഭിച്ചത്. ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിസരത്ത് ഗതാഗത തടസമുണ്ടായതോടെ പുതിയ പാലത്തിൽ നിന്ന് യു-ടേൺ എടുത്ത് ഫറോക്ക് ടൗൺ വഴി പോകാൻ ശ്രമിച്ചു. ഫറോക്ക് ജങ്ഷനിൽ വെച്ച് ഗതാഗതം നിയന്ത്രിക്കുകയായിരുന്ന പൊലീസുകാരൻ തന്നെ തടഞ്ഞെന്ന് അരുൺ പറയുന്നു.

ബൈക്ക് റോഡരികിലേക്ക് മാറ്റിയപ്പോൾ പൊലീസുകാരൻ വന്ന് താക്കോൽ ഊരി. അരുണിന് പറയാനുള്ളത് കേൾക്കാതെ പൊലീസുകാരൻ വീണ്ടും ഗതാഗതം നിയന്ത്രിക്കാനായി പോയി. വൈകിയാൽ പരീക്ഷ മുടങ്ങുമെന്ന് അരുൺ പലതവണ പറഞ്ഞെങ്കിലും പൊലീസുകാരൻ അനുവദിച്ചില്ല. അൽപസമയം കഴിഞ്ഞ് ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റി. 1.55 വരെ അരുണിനെ ഇവിടെ നിർത്തി. സ്റ്റേഷൻ എസ്.ഐ ഇടപെട്ടതോടെ അരുണിനെ പൊലീസ് ജീപ്പിൽ കയറ്റി പരീക്ഷാ കേന്ദ്രത്തിലെത്തിക്കാനായി ശ്രമം. എന്നാൽ, സ്കൂളിലെത്തിയപ്പോഴേക്കും റിപ്പോർട്ടിങ് സമയം കഴിഞ്ഞിരുന്നു. ഇതിനാൽ പരീക്ഷാഹാളിൽ പ്രവേശിക്കാൻ അധികൃതർ അനുവദിച്ചില്ല. പൊലീസുകാർ ആവശ്യപ്പെട്ടെങ്കിലും ഒ.എം.ആർ ഷീറ്റ് ക്യാൻസൽ ചെയ്തതിനാൽ ഇനി എഴുതാനാവില്ലെന്ന് പരീക്ഷ നടത്തിപ്പുകാർ വ്യക്തമാക്കി. ഇതോടെ പൊലീസ് ജീപ്പിൽ തന്നെ അരുണിനെ തിരികെയെത്തിച്ചു. ഗതാഗതനിയമലംഘനത്തിന് രണ്ടാഴ്ച കഴിഞ്ഞ് സമൻസ് വരുമെന്നും പെറ്റിയടക്കണമെന്നും പറഞ്ഞ് പോകാൻ അനുവദിക്കുകയായിരുന്നു.

ഏറെ പ്രതീക്ഷയോടെ തയാറെടുപ്പ് നടത്തിയ പരീക്ഷയാണ് പൊലീസുകാരന്‍റെ മനുഷ്യത്വരഹിതമായ ഇടപെടലിലൂടെ മുടങ്ങിയത്. തുടർന്നാണ് അരുൺ അസി. കമീഷണർക്ക് പരാതി നൽകിയതും പൊലീസുകാരനെതിരെ നടപടി വന്നതും. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only