മാടപ്പീടികയിലായിരുന്നു മീത്തലെവാഴയിൽ വീട്.
മുളിയിൽ നടയിലായിരുന്നു മൊട്ടേമ്മൽ വീട്. ഇരു
വീടുകളും തമ്മിൽ ഒരു കിലോമീറ്ററിൽ താഴെയേ
അകലമുള്ളൂ. പക്ഷേ, അതിനിടയിൽ ചെറിയൊരു
കുന്നുണ്ട്. ആ കുന്ന് ഇരുവീട്ടുകാരും തമ്മിലുള്ള
അടുപ്പത്തിനു തടസ്സമായിരുന്നില്ല. ആ അടുപ്പമാണ്
കോടിയേരി ബാലകൃഷ്ണനും വിനോദിനിയും
തമ്മിലുള്ള വിവാഹത്തിലെത്തിച്ചത്.
തലശ്ശേരി എംഎൽഎയായിരുന്ന സിപിഎം
നേതാവ് എം.വി.രാജഗോപാലന്റെ മകളാണ്
വിനോദിനി. രാജഗോപാലന്റെ സന്തത
സഹചാരിയായിരുന്നു കോടിയേരി.
രാഷ്ട്രീയത്തിൽ തന്റെ ശിഷ്യൻ എന്ന
തരത്തിലായിരുന്നു രാജഗോപാലൻ
കോടിയേരിയെ കൊണ്ടു നടന്നിരുന്നത്. രണ്ടു
കുടുംബങ്ങളും തമ്മിൽ വളരെ
അടുപ്പമായിരുന്നതിനാൽ കോടിയേരിയുടെയും
വിനോദിനിയുടെയും വിവാഹത്തിനു മുന്നിൽ
തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രണയ
വിവാഹമായിരുന്നോ എന്നു ചോദിച്ചാൽ
അല്ലെന്നോ ആണെന്നോ പറയാൻ പറ്റാത്ത
അടുപ്പമായിരുന്നു ഇരുവർക്കും തമ്മിൽ. 1980
ഒടുവിൽ കല്യാണം നടക്കുന്ന സമയത്ത്
കോടിയേരി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ
പ്രസിഡന്റായിരുന്നു.
തലശ്ശേരി ടൗൺ ഹാളിൽ അന്നത്തെ സിപിഎം
ജില്ലാ സെക്രട്ടറി എ.വി.കുഞ്ഞമ്പുവിന്റെ
കാർമികത്വത്തിലായിരുന്നു പാർട്ടി രീതിയിൽ നടന്ന
ലളിതമായ വിവാഹമെന്ന് പഴയകാല
സഹപ്രവർത്തകർ ഓർക്കുന്നു. കോടിയേരിയുടെ
പിതാവ് കുഞ്ഞുണ്ണിക്കുറുപ്പ് കല്ലറ തലായി എൽപി
സ്കൂൾ അധ്യാപകനായിരുന്നു.
എം.വി.രാജഗോപാലനും അധ്യാപകനായിരുന്നു.
Post a Comment