Oct 6, 2022

കേരളത്തിലെ മനുഷ്യ മനസ്സിനെ ഞെട്ടിച്ച ആറു കൊലപാതകങ്ങൾ; ജോളി അറസ്റ്റിലായിട്ട് മൂന്നു വര്‍ഷം


കോഴിക്കോട് ∙ കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി തോമസ് അറസ്റ്റിലായിട്ട് മൂന്നു വര്‍ഷം. സ്വത്ത് തട്ടിയെടുക്കുന്നതിനായി ജോളി നടത്തിയത് ആറു കൊലപാതകങ്ങൾ. ഇതില്‍ അഞ്ചെണ്ണം സയനൈഡ് ഉപയോഗിച്ചാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ആറു കൊലപാതകങ്ങളിൽ റോയി തോമസ് കേസിലെ പ്രാരംഭ വാദം മാറാട് പ്രത്യേക കോടതിയില്‍ തുടരുകയാണ്.

സ്വത്ത് തട്ടിയെടുക്കാന്‍ തയാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു പരാതിയുമാണ് സ്വാഭാവിക മരണങ്ങളായി അവശേഷിക്കുമായിരുന്ന ആറു മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. പൊന്നാമറ്റം കുടുംബത്തിലെ മരുമകള്‍ ജോളി തോമസ് സ്വത്ത് കൈക്കലാക്കുന്നതിനാണ് ആറു പേരെ കൊലപ്പെടുത്തിയത്. 2002ലായിരുന്നു ആദ്യ കൊലപാതകം ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു. ആറു വര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസ് എന്നിവരും മരിച്ചു.


അന്നമ്മ തോമസിന്റെ സഹോദരന്‍ എം.എം. മാത്യുവിന്റേതായിരുന്നു നാലാമത്തെ മരണം. തൊട്ടടുത്ത മാസം ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈന്‍ മരിച്ചു. 2016ല്‍ ഷാജുവിന്റെ ഭാര്യ സിലിയും മരണത്തിനു കീഴടങ്ങി.

ഇതില്‍ റോയി തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തി. പക്ഷേ ആത്മഹത്യയാണെന്നായിരുന്നു നിഗമനം. റോയിയുടെ മരണം ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ ജോളി തോമസ് മനഃപൂർവം ശ്രമിക്കുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

റോയിയുടെ സഹോദരന്‍ റോജോ തോമസ് വടകര റൂറല്‍ എസ്പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് നൽകിയ പരാതിയാണ് കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. അന്നത്തെ റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ മൂന്നു മാസം നീണ്ട അന്വേഷണത്തിന് ഒടുവിൽ കല്ലറകള്‍ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. തൊട്ടടുത്ത ദിവസം ജോളിയെ അറസ്റ്റ് ചെയ്തു. ജോളിക്കായി സയനൈഡ് ശേഖരിച്ചതിന് സൃഹൃത്ത് എം.എസ്. മാത്യു, ഇയാൾക്ക് സയനൈഡ് നല്‍കിയതിന് സ്വര്‍ണപ്പണിക്കാരന്‍ പ്രിജുകുമാര്‍ എന്നിവരും അറസ്റ്റിലായി.


ഒന്നാം പ്രതി ജോളിയും രണ്ടാം പ്രതി എം.എസ്. മാത്യുവും ഇപ്പോഴും ജയിലിലാണ്. ഇതില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയി തോമസിന്റെ ശരീരത്തില്‍ നിന്നായിരുന്നു. ആറു കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ അഞ്ചു മരണങ്ങളും സയനൈഡ് ഉള്ളില്‍ ചെന്നാണെന്നാണ് കുറ്റപത്രം. സിലിയുടെ ആന്തരികാവയവങ്ങളില്‍ നടത്തിയ പരിശോധനയില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമാണ്. അവശേഷിക്കുന്ന നാലു പേരുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കാത്തിരിക്കുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only