Oct 2, 2022

വിലാപയാത്ര തലശേരി ടൗണ്‍ ഹാളില്‍; അന്ത്യോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍..


കണ്ണൂര്‍: അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി വിലാപയാത്ര തലശേരി ടൗണ്‍ ഹാളിലെത്തി.

തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര തലശേരിയില്‍ എത്തിയത്. പ്രിയ നേതാവിനെ അവസാനമായി കാണാന്‍ വന്‍ ജനപ്രവാഹമാണ് തലശേരിയിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. തലശേരിയില്‍ രാത്രി 12 മണി വരെയാണ് പൊതുദര്‍ശനം ഉണ്ടാകുക. നാളെ രാവിലെ 10 മണി വരെ കോടിയേരി മാടപ്പീടികയിലെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. 11 മണി മുതല്‍ കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മൂന്നു മണിയോടെ പയ്യാമ്പലത്ത് സംസ്‌കാരിക്കും. ചടങ്ങില്‍ ബന്ധുക്കളും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും മന്ത്രിമാരും മാത്രമാണ് പങ്കെടുക്കുക.

വിലാപയാത്ര കടന്നു വന്ന 14 കേന്ദ്രങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുളള സൗകര്യമൊരുക്കിയിരുന്നു. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തിയത്. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സ്ഥാപനങ്ങള്‍ അടച്ചിടും.

കോടിയേരിക്ക് ആദരമര്‍പ്പിക്കാനായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും നാളെ കേരളത്തിലെത്തും. അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സീതാറാം യെച്ചൂരി അനുസ്മരിച്ചു. കോടിയേരിയുടെ വിയോഗം ഇടത് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും ശക്തനായ നേതാവായിരുന്നു കോടിയേരിയെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും അനുസ്മരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് കോടിയേരിയുടെ വേര്‍പാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററും അനുസ്മരിച്ചിരുന്നു.

അര്‍ബുദ ബാധിതനായി ചെന്നൈയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് കോടിയേരി അന്തരിച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only