പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയറാണ് കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയോടുചേർന്ന് ഗ്രെയ്സ് പാർക്ക് സമുച്ചയം നിർമിക്കുന്നത്.
രണ്ടരയേക്കറിൽ ആറുകോടിയോളം രൂപ ചെലവിലാണ് നിർമാണം. വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമായുള്ള ലഹരിവിമുക്തികേന്ദ്രം, മാനസികാരോഗ്യചികിത്സ, പുനരധിവാസകേന്ദ്രം, വയോജനങ്ങൾക്കുള്ള ഡേ കെയർ സെന്റർ എന്നിവയാണ് ഒരുക്കുന്നത്.
ബഹുജനപങ്കാളിത്തത്തോടെയാണ് നിർമാണം. വിഭവസമാഹരണത്തിനായി 24, 25 തീയതികളിൽ മെഗാ ബിരിയാണി ചലഞ്ച് നടക്കും. ഗ്രെയ്സ് പാലിയേറ്റീവിന് ഫണ്ട് സമാഹരിക്കാൻ 2021-ൽ നടത്തിയ ബിരിയാണി ചലഞ്ചിൽ 53.5 ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ അനുഭവത്തിൽനിന്നാണ് നിർമാണത്തിനായും ബിരിയാണി ചലഞ്ച് നടത്തുന്നത്. ഇതിനായി എട്ടുപഞ്ചായത്തുകളിലും മുക്കം നഗരസഭയിലും 112 പ്രാദേശിക കമ്മിറ്റികൾ രൂപവത്കരിച്ചു. റെസിഡന്റ്സ് അസോസിയേഷനുകൾ, പ്രാദേശികകൂട്ടായ്മകൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവയാണ് നേതൃത്വം നൽകുന്നത്. സ്റ്റുഡൻറ്്സ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ സ്ക്രാപ് ചലഞ്ചും നടത്തി.
ഗ്രെയ്‌സ് പാലിയേറ്റീവ്
കാരശ്ശേരി പഞ്ചായത്ത്, മുക്കം നഗരസഭ, ചാത്തമംഗലം പഞ്ചായത്തിലെ ഒരുഭാഗം എന്നിവിടങ്ങളെ ഉൾപ്പെടുത്തി 2004 മുതൽ പ്രവർത്തിക്കുന്നു. 700-ഓളം രോഗികളെ പരിചരിക്കുന്നുണ്ട്. 80 പേർക്ക് ഫിസിയോതെറാപ്പിയും 75 പേർക്ക് സൈക്യാട്രി ചികിത്സയും നൽകുന്നു. 60 അർബുദരോഗികളെ പരിചരിക്കുന്നു. 80 പേർക്ക് ഡയാലിസിസ് നൽകുന്നു. പി.കെ. ഷരീഫുദീൻ ചെയർമാനും കെ.പി. അഷ്റഫ് സെക്രട്ടറിയുമായ കമ്മിറ്റിക്കുകീഴിൽ 250-ഓളം സന്നദ്ധസേവകരാണ് പ്രവർത്തിക്കുന്നത്.
കാമ്പസ് വിങ് വിഭവസമാഹരണം
മുക്കം : ഗ്രെയ്സ് പാലിയേറ്റീവ് കെയറിന്റെ ബിരിയാണി ചലഞ്ചിന്റെ വിഭവസമാഹരണത്തിന് കാമ്പസുകളിൽ തുടക്കമായി. 51 രൂപ ചലഞ്ചിന്റെ ഉദ്ഘാടനം മുക്കം വി.കെ.എച്ച്.എം.ഒ. വനിതാ കോളേജിൽ പ്രിൻസിപ്പൽ റംലത്ത് നടത്തി.
ഗ്രെയ്സ് സ്റ്റുഡന്റ്സ് വിങ്ങിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, തെരുവ് നാടകം തുടങ്ങിയവയും നടത്തും. ഗ്രെയ്സ് ചെയർമാൻ പി.കെ. ഷരീഫുദ്ദീൻ, അധ്യാപകരായ അഷൂറ ബാനു, പ്രഭ, ബിജിന, രേഷ്മ, സാബിറ, ഖൈറുന്നീസ, അജിത, സീന നസീർ, സജ്ന, ഹസ്ന, ഫാത്തിമ നസ്‌ല, അമീൻ എന്നിവർ പങ്കെടുത്തു
Post a Comment