മാനന്തവാടി: തിരുനെല്ലി തെറ്റ് റോഡിന് സമീപം സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരനില്‍ നിന്നും ഒന്നരക്കോടിയോളം രൂപ കവര്‍ച്ച ചെയ്ത സംഭവത്തിലെ പ്രതികളെ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
നിരവധി കേസുകളിലെ പ്രതികളായ പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ചക്കാലക്കല്‍ വീട്സുജിത്ത് (28) , എറണാകുളം അങ്കമാലി പള്ളിയാനം വീട് ശ്രീജിത്ത് വിജയന്‍ (25) , കണ്ണൂര്‍ ആറളം കാപ്പാടന്‍ വീട് സക്കീര്‍ ഹുസൈന്‍ (38), നടവയല്‍ കായക്കുന്ന് പതിപ്ലാക്കല്‍ വീട് ജോബിഷ് (23) എന്നിവരെയാണ് മാനന്തവാടി ഡിവൈഎസ്പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ക്രിമിനല്‍ സംഘത്തെ സാഹസികമായി കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെ തിരുനെല്ലി സി.ഐ പി.എല്‍ ഷൈജുവിന്റെ മുകളിലൂടെ പ്രതികള്‍ കാര്‍ കയറ്റിയിറക്കി.
തുടര്‍ന്ന് അദ്ദേഹത്തെ മാണ്ഡ്യ ആശുപത്രി, മാനന്തവാടി ആശുപത്രി എന്നിവിടങ്ങളില്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി. സാരമായ പരിക്കുകള്‍ ഇല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
പിടിയിലായ പ്രതികള്‍ക്കെതിരെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങി വിവിധ ജില്ലകളില്‍ നിരവധി കേസുകളുണ്ട്.
ഒക്ടോബര്‍ 5 ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കവര്‍ച്ച നടത്തിയത്. പോലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ച കാറിലെത്തിയ ഏഴംഗസംഘം ബംഗളൂര് - കോഴിക്കോട് സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരനായ തിരൂര്‍ സ്വദേശിയില്‍ നിന്നും ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നതായാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ മാനന്തവാടി ഡി വൈ എസ് പി എ പി ചന്ദ്രന്റെ നേതൃത്വത്തില്‍ തിരുനെല്ലി സി.ഐ പി എല്‍ ഷൈജു, മാനന്തവാടി സി.ഐ അബ്ദുള്‍ കരീം, കമ്പളക്കാട് സി.ഐ സന്തോഷ് തുടങ്ങിയവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു ശാസ്ത്രീയമായ അന്വേഷണം നടത്തുകയായിരുന്നു.
സംഘത്തെ കുറിച്ച്‌ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്നലെ കര്‍ണാടക മാണ്ഡ്യയില്‍ വെച്ച് അതിസാഹസികമായി കവര്‍ച്ച സംഘത്തെ പിടികൂടുകയായിരുന്നു. പോലീസിനെ വെട്ടിച്ച് കടക്കാനുള്ള ശ്രമം പോലീസ് സംഘം ജീവന്‍ പണയം വെച്ച് തടയുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന കവര്‍ച്ചാ സംഘം പോലീസ് വലയം ഭേദിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ വേഗത്തില്‍ പിന്നോട്ടെടുത്തപ്പോള്‍ സി.ഐ ഷൈജു കാറിനടിയില്‍പ്പെട്ടു. ഷൈജുവിന്റെ അരയ്ക്ക് മുകളിലൂടെ കാറിന്റെ പിന്‍ചക്രം കയറിയെങ്കിലും ഭാഗ്യം കൊണ്ട് മാത്രം സാരമായ പരിക്കുകള്‍ പറ്റാതെ രക്ഷപ്പെടുകയായിരുന്നു.
പ്രതികളില്‍ നിന്നും അഞ്ചര ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഇവര്‍ സഞ്ചരിച്ച കാറും, മൊബൈല്‍ ഫോണുകളും മറ്റും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ രാത്രിയോടെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കും.
കടപ്പാട്: ഓപ്പൺ ന്യൂസർ വയനാട്.
Post a Comment