ആലപ്പുഴ : ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം പ്രതി അറസ്റ്റിൽ . ആലപ്പുഴ നോർത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുത്തുകുമാറിനെ കസ്റ്റഡിയിൽ എടുത്തത് . പ്രതിയെ ചങ്ങനാശ്ശേരി പോലീസിന് കൈമാറും.
ആര്യാട് സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു ഇയാൾ. ഇന്നലെയാണ് ചങ്ങനാശേരിയിലെ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ എന്ന 40കാരനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ കൊല്ലപ്പെട്ടു എന്ന് പോലീസിന് സൂചന ലഭിച്ചു. പിന്നാലെയാണ് സംശയത്തിന്റെ അടിസ്ഥാനത്തിൽ വീടിന്റെ കോൺക്രീറ്റ് തറ പൊട്ടിച്ച് പരിശോധന നടത്തിയത്.ചങ്ങനാശേരി തഹസിൽദാരുടെ സാന്നിദ്ധ്യത്തിലാണ് വീടിനുള്ളിൽ പരിശോധന നടത്തിയത്.
പിന്നാലെ മൃതശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ തൃക്കൊടിത്താനത്ത് തോട്ടിൽ നിന്ന് ബിന്ദുകുമാറിന്റെ ബൈക്ക് കണ്ടെത്തിയിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ബിന്ദുകുമാർ എത്തിയിട്ടുണ്ടെന്ന് വ്യക്തമായി. ബിന്ദുകുമാറിന്റെ സുഹൃത്ത് മുത്തുകുമാർ താമസിക്കുന്ന വീടാണെന്ന് പോലീസിന് വിവരം ലഭിച്ചു.മുത്തുകുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ശേഷം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
Post a Comment