കോയമ്പത്തൂർ: നഗരത്തെ നടുക്കിയ സ്ഫോടനത്തിന് പിന്നിൽ കൂടൂതൽപേർക്ക് പങ്കുണ്ടെന്ന് പോലീസിന് സംശയം. കഴിഞ്ഞദിവസം ഉക്കടത്ത് കാറിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ചില നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. സ്ഫോടനത്തിൽ മരിച്ച ജമീഷ മുബീന്റെ വീടിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. സംഭവദിവസം ജമീഷ മുബീന്റെ വീട്ടിൽനിന്ന് നാലുപേർ ചേർന്ന് എന്തോ സാധനം പൊതിഞ്ഞനിലയിൽ കൊണ്ടുപോകുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്.
ഗ്യാസ് സിലിണ്ടറിന് സമാനമായ വസ്തുവാണ് പൊതിഞ്ഞുകെട്ടി കൊണ്ടുപോകുന്നതെന്നാണ് ദൃശ്യങ്ങളിൽനിന്നുള്ള സൂചന. അതേസമയം, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തതിന് പിന്നാലെ ഈ ദൃശ്യങ്ങളിലുള്ള ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച പുലർച്ചെ ഉക്കടം കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ കാർ രണ്ടായി പിളരുകയും പൂർണമായി കത്തിനശിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധമുണ്ടോ എന്നകാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നിട്ടാണ് ജമീഷ മുബീൻ ക്ഷേത്രത്തിന് സമീപത്തേക്ക് കാറോടിച്ച് എത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബോംബ് നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു. പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡർ, സൾഫർ തുടങ്ങിയവയാണ് കണ്ടെടുത്തത്. സ്ഫോടനത്തിൽ തകർന്ന കാറിൽ ഫൊറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ ആണികളും മാർബിൾ കഷണങ്ങളും കണ്ടെത്തി.
എൻജിനീയറിങ് ബിരുദധാരിയായ ജമീഷ മുബീനെ ഐ.എസ്. ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്ന് 2019-ൽ എൻ.ഐ.എ. ചോദ്യംചെയ്തിരുന്നു. എന്നാൽ ഇയാൾക്കെതിരേ നേരത്തെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മറ്റു നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ദീപാവലി ആഘോഷത്തിനിടെയുണ്ടായ സ്ഫോടനം അതീവഗൗരവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. സംഭവത്തിൽ അന്വേഷണത്തിനായി പോലീസിന്റെ ആറ് സംഘങ്ങളും രൂപവത്കരിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പോലീസ് സുരക്ഷയും വർധിപ്പിച്ചു.
Post a Comment