Nov 12, 2022

വരുന്നു അവതാർ 2 മലയാളത്തിലും


കൊച്ചി: ജയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന
അവതാർ; ദ വേ ഓഫ് വാട്ടർ ഇന്ത്യയിൽ ആറ്
ഭാഷകളിൽ റിലീസ് ചെയ്യുന്നു.
നിർമാതാക്കളിലൊരാളയ ജോൺ
ലാൻഡോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇന്ത്യയുടെ വൈവിധ്യം തന്നെ എല്ലായ്പ്പോഴും
ആശ്ചര്യപ്പെടുത്തുന്നുവെന്നും
ഇന്ത്യയിൽ ആറ്
ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്നും ജോൺ
ലാൻഡോ ട്വീറ്റ് ചെയ്തു. ഇംഗ്ലീഷിന് പുറമേ ഹിന്ദി,
മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ്
ചിത്രം മൊഴിമാറ്റിയെത്തുന്നത്.
പൻഡോറയിലേക്കുള്ള മടങ്ങിവരവ് ഡിസംബർ
16 ന് ആഘോഷിക്കാമെന്നും അദ്ദേഹം
കൂട്ടിച്ചേർത്തു.
2009 ലാണ് അവതാർ ആദ്യഭാഗം
പ്രദർശനത്തിനെത്തിയത്. ലോക സിനിമയുടെ
ചരിത്രത്തിൽ സാമ്പത്തികമായി ഏറ്റവും
വരുമാനം (2.923 ബില്യൺ ഡോളർ) നേടിയ
ചിത്രമെന്ന അവതാറിന്റെ റെക്കോഡ് ഇതുവരെ
തകർക്കപ്പെട്ടിട്ടില്ല.
നീണ്ട പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക്
ശേഷമാണ് അവതാർ; ദ വേ ഓഫ് വാട്ടർ
പ്രദർശനത്തിനെത്തുന്നത്. ലൈറ്റ് സ്റ്റോം
എന്റർടൈൻമെന്റ്സിന്റെ ജോൺ
ലാൻഡോയ്ക്കൊപ്പം കാമറൂണും ചിത്രത്തിന്റെ
നിർമാണ പങ്കാളിയാണ്. 2000 കോടി
മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും
നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ്
കാമറൂൺ പറയുന്നത്. കാമറൂണിനൊപ്പം റിക്ക്
ജാഫയും അമാൻഡ സിൽവറും ചേർന്നാണ്
തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക്
ഗോത്രത്തലവനാകുന്നതിലൂടെ കഥ
പുരോഗമിക്കുമെന്നാണ് സൂചന. പൻഡോറയിലെ
ജലാശയങ്ങൾക്കുള്ളിലൂടെ ജേക്കും നെയിത്രിയും
നടത്തുന്ന സാഹസികയാത്രകൾ കൊണ്ട്
അവതാർ 2 കാഴ്ചയുടെ വിസ്മയലോകം
സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറച്ച്
മാസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത
ചിത്രത്തിന്റെ ട്രെയ്ലർ മികച്ച അഭിപ്രായമാണ്
നേടിയത്. സാം വെർത്തിങ്ടൺ, സോയി
സാൽഡാന, സ്റ്റീഫൻ ലാങ്, സിഗേർണ്ണി വീവർ
എന്നിവർക്കൊപ്പം കേറ്റ് വിൻസ്ലറ്റും ചിത്രത്തിൽ
പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീണ്ട
23 വർഷങ്ങൾക്ക് ശേഷമാണ് കേറ്റ് വിൻസ്ലറ്റ്
കാമറൂണിനൊപ്പം സിനിമ ചെയ്യുന്നത്.
ടൈറ്റാനിക്കിൽ കേറ്റ് ആയിരുന്നു നായിക.
അവതാറിന്റെ മൂന്നാംഭാഗം 2024 ഡിസംബർ 20 ന്
റിലീസ് ചെയ്യപ്പെടുമെന്നാണ്
പ്രതീക്ഷിക്കപ്പെടുന്നത്. നാലം ഭാഗം 2026
ഡിസംബർ 18 നും. മൂന്നിനും നാലിനും ശേഷം
ശേഷമുള്ള ഭാഗങ്ങൾ താൻ സംവിധാനം ചെയ്യാൻ
സാധ്യതയില്ലെന്ന് കാമറൂൺ ഈയിടെ ഒരു
അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only