മുംബൈ: വലിപ്പത്തിലും വിലയിലും ഏറ്റവും ചെറിയതെന്ന് അവകാശപ്പെടുന്ന ഇലക്ട്രിക് കാർ ഇന്ത്യയിലെ ഉപഭോക്താക്കളെ തേടിയെത്തിയിരിക്കുകയാണ്. ഇഎഎസ്-ഇ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഒരു നാനോ ഇലക്ട്രിക് കാറാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ പിഎംവി ഇലക്ട്രിക് ആണ് നാനോ കാർ തയ്യാറാക്കിയത്.
4.79 ലക്ഷം രൂപയാണ് കാറിന്റെ വില. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തുന്ന ഇലക്ട്രിക് കാറാണിത്. ആദ്യത്തെ 10,000 ഉപഭോക്താക്കൾക്കാണ് ഈ വിലയിൽ കാർ ലഭിക്കുക. ഇതിനോടകം 6,000 പേർ കാർ ബുക്ക് ചെയ്ത് കഴിഞ്ഞു. കാറിന്റെ ഒഫീഷ്യൽ ലോഞ്ചിന് മുമ്പാണ് ഇത്രയും ബുക്കിങ്ങുകൾ നടന്നിരിക്കുന്നത്. പിഎംവിയുടെ വെബ്‌സൈറ്റ് വഴി 2,000 രൂപയടച്ചാൽ ഉപഭോക്താക്കൾക്ക് കാർ ബുക്ക് ചെയ്യാവുന്നതാണ്.
ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറാണ് ഇഎഎസ്-ഇ. മുതിർന്നവരായ രണ്ട് പേർക്കും ഒരു കുട്ടിക്കും കാറിൽ സഞ്ചരിക്കാനുള്ള സൗകര്യമാണുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 200 കിലോ മീറ്റർ ദൂരം വരെ സഞ്ചരിക്കാം. കാർ ഫുൾ ചാർജ് ആകാൻ നാല് മണിക്കൂറാണ് പരമാവധി വേണ്ടത്. 2,915 എംഎം നീളവും 1,157 എംഎം വീതിയും 1,600 എംഎം ഉയരവും ഈ കാറിനുണ്ട്.
3 കിലോവാട്ടിന്റെ എസി ചാർജറും കാർ നിർമ്മാതാക്കൾ നൽകുന്നതാണ്. ഏതൊരു 15എ ഔട്ട്‌ലെറ്റിൽ നിന്നും കാർ ചാർജ് ചെയ്യാൻ സാധിക്കും. പരമാവധി 70 കിലോ മീറ്റർ വേഗതയിൽ കാറിൽ സഞ്ചരിക്കാം. അഞ്ച് സെക്കൻഡിനുള്ളിൽ 40 കിലോ മീറ്റർ വേഗത വരെ കൈവരിക്കാമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. അടുത്ത വർഷം പകുതിയോടെ കാർ പുറത്തിറക്കുമെന്ന് പിഎംവി ഇലക്ട്രിക് അറിയിക്കുന്നു.
Post a Comment