Nov 13, 2022

സായാഹ്ന വാർത്തകൾ


2022 | നവംബർ 13  | ഞായർ | 1198 |  തുലാം 27 |  തിരുവാതിര 


◾കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്തും ചെയ്യാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യം ഉണ്ടെന്നും മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സര്‍ക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും  അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നല്‍കിയ ഗവര്‍ണര്‍, തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ലെന്നും പറഞ്ഞു.

◾യൂണിവേഴ്സിറ്റി ചാന്‍സലര്‍ ആരാകണമെന്ന് തീരുമാനിക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് മന്ത്രി പി രാജീവ്. ഓര്‍ഡിനന്‍സ് ആര്‍ക്കും എതിരല്ലെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇനിയും മാറ്റങ്ങള്‍ വരാനുണ്ടെന്നും രാജീവ് പറഞ്ഞു. ഭരണഘടനാ ചുമതലയുള്ള ഗവര്‍ണര്‍ ഉത്തരവാദിത്തം നിറവേറ്റുമെന്ന് കരുതുന്നതായും രാജീവ് പറഞ്ഞു.

◾ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് അവ്യക്തത ഇല്ലെന്ന് മന്ത്രി എം ബി രാജേഷ്. സര്‍ക്കാര്‍ നിലപാട് വ്യക്തമാണെന്നും ഭരണഘടനാപരമായ അധികാരമാണ്  ഉപയോഗിച്ചിരിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.

◾കൂട്ടബലാത്സംഗ കേസില്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍  പി.ആര്‍.സുനു അറസ്റ്റില്‍. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് ഒരു തൊഴില്‍ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുകയാണ്. ഇത് മുതലെടുത്ത് സിഐ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി.

◾നാളികേര സംഭരണ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന്. കോഴിക്കോട് നടന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. കൂടുതല്‍ വില, കൂടുതല്‍ സംഭരണ കേന്ദ്രങ്ങള്‍, സംഭരണത്തിലെ നിയമ തടസ്സങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള കോണ്‍ഗ്രസ്സ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

◾കണ്ണൂര്‍ ഏരുവേശ്ശിയില്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രവര്‍ത്തകരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയെ ചൊല്ലി സംഘര്‍ഷം. ദീര്‍ഘകാലമായി ബാങ്കിന്റെ ഭരണം യുഡിഎഫിന്റെ കൈയ്യിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി ബാങ്കിന്റെ ഭരണം പിടിച്ചെടുത്തിരുന്നു, സംഘര്‍ഷത്തിനിടെ  പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമാനുവലിനെ കയ്യേറ്റം ചെയ്തു. സംഘര്‍ഷം വ്യാപിച്ചതോടെ പൊലീസ് ലാത്തിവീശി. അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.

◾മൂന്നാറിലെ മണ്ണിടിച്ചിലില്‍ കാണാതായ രൂപേഷിന്റെ  മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്  നടത്തിയ തെരച്ചിലിലാണ്  അപകടം നടന്നതിന് ഒരു കിലോമീറ്റര്‍ താഴെ വെച്ച് രൂപേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

◾ഹോണടിച്ചെന്നാരോപിച്ച് തിരുവനന്തപുരം നീറമണ്‍കരയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കൃഷി വകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ മര്‍ദിച്ച സംഭവത്തിലാണ് പ്രതികളായ അഷ്‌കറിനും സഹോദരന്‍ അനീഷിനും എതിരെ കരമന പൊലീസ് വധശ്രമത്തിന് കേസെടുത്തത്.

◾ആലുവ പറവൂര്‍ കവലയിലെ പെട്രോള്‍ പമ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജീവനക്കാരെ അക്രമിച്ച് പണം തട്ടിയതായി പരാതി. 29,000 രൂപയാണ് നഷ്ടപ്പെട്ടത്. കവര്‍ച്ചാ ശ്രമം തടയുന്നതിനിടെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് പരിക്കേറ്റു.

◾ബൈക്കില്‍ യാത്രചെയ്ത ദമ്പതികള്‍ക്കുനേരെ ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണം. മാങ്കുളം ആനക്കുളം കുറ്റിപ്പാലായില്‍ ജോണി, ഭാര്യ ഡെയ്സി എന്നിവരാണ് ആക്രമണത്തിനിരയായത്. റോഡരികില്‍ നിന്ന് പാഞ്ഞെത്തിയ കാട്ടാന ബൈക്ക് കുത്തി മറിച്ചിടുകയായിരുന്നു.

◾തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനോടു ചേര്‍ന്ന് നവംബര്‍ 16ന് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. നിലവില്‍ വടക്കന്‍ കേരളാതീരത്തിനു സമീപം ന്യൂനമര്‍ദം നിലനില്‍ക്കുന്നതിനാല്‍ ഇന്നും നാളേയും വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

◾കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നന്ദി പറഞ്ഞ് രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതയായ നളിനി. രാജീവ് ഗാന്ധിയുടെ മരണം ഏറെ ദുഃഖകരമാണെന്നും അദ്ദേഹത്തിന്റെ വധത്തെ പറ്റി അറിവുണ്ടായിരുന്നില്ലെന്നും നളിനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

◾പ്രണയ ബന്ധത്തിന് ശേഷം അയാളെ വിവാഹം കഴിക്കാത്തത് വഞ്ചനയല്ലെന്ന് കര്‍ണാടക ഹൈക്കോടതി. കാമുകനെതിരെ യുവതി നല്‍കിയ വഞ്ചനാ പരാതിയില്‍ എഫ്‌ഐആര്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കെ നടരാജന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഇങ്ങനെ നിരീക്ഷിച്ചത്.

◾അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്ക് ഭൂരിപക്ഷം. നൂറ്  അംഗങ്ങളുള്ള സെനറ്റില്‍ 50-49 എന്ന നിലയില്‍ ഡെമോക്രാറ്റുകള്‍ക്കാണ് മുന്‍തൂക്കം. അതേസമയം 36 സംസ്ഥാനങ്ങളില്‍ നടക്കുന്ന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾വിജയത്തുടര്‍ച്ചക്കായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ആറാം മത്സരത്തില്‍ എഫ് സി ഗോവയാണ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്ക് കൊച്ചിയിലാണ് മത്സരം. അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റ് നേടിയ ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ ഏഴാമതാണ്.

◾ഫുട്ബോള്‍ രംഗത്തെ വമ്പന്മാരായ ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ വ്യവസായ ഭീമനായ മുകേഷ് അംബാനി രംഗത്തെന്ന് റിപ്പോര്‍ട്ട്. ക്ലബ്ബിന്റെ ഉടമകളായ ഫെന്‍വേ സ്പോര്‍ട്സ് ഗ്രൂപ്പ് ക്ലബ്ബിനെ വില്‍പനക്ക് വെച്ചതിന് പിന്നാലെയാണ് മുകേഷ് അംബാനി താല്‍പര്യം പ്രകടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍.

◾ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍ കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിനിടെ വീണ് കാലൊടിഞ്ഞു. ഇതോടെ വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് മാക്സ്വെല്ലിനെ ഒഴിവാക്കി. ശസ്ത്രക്രിയക്ക് വിധേയനാക്കിയ മാക്സ്വെല്ലിന്  കുറഞ്ഞത് മൂന്ന് മാസമെങ്കിലും ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും.

◾ട്വന്റി20 ലോകകപ്പ് കിരീടം കൈപ്പിടിയിലൊതുക്കാന്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് വേണ്ടത് 138 റണ്‍സ് മാത്രം. മെല്‍ബണില്‍ നടക്കുന്ന കലാശപ്പോരില്‍ ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിംഗിനയച്ചു. കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിച്ചിറങ്ങിയ പാകിസ്ഥാനെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമേ നേടാനായുള്ളു.

◾ഡെബിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാടുകള്‍ സുഗമമായി നടത്താന്‍ സൗകര്യം ഒരുക്കി യുപിഐ സേവന ദാതാവായ ഫോണ്‍ പേ. രജിസ്‌ട്രേഷന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതിന് പകരം ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യമാണ് ഫോണ്‍ പേ ഒരുക്കിയിരിക്കുന്നത്. ആധാര്‍ കാര്‍ഡിലെ അവസാന ആറക്ക നമ്പര്‍ ഉപയോഗിച്ചാണ് യുപിഐ പിന്‍ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. യുഐഡിഎഐയിലും അക്കൗണ്ടുള്ള ബാങ്കില്‍ നിന്നുമുള്ള ഒടിപി ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍ നടപടികള്‍. ഇത് പൂര്‍ത്തിയായാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും.

◾പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന 600 ദിവസത്തേക്കുള്ള എഫ്.ഡി സ്‌കീം ആരംഭിച്ചു. പ്രതിവര്‍ഷം 7.85 ശതമാനം വരെ ഉയര്‍ന്ന പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കും (60 വയസിന് മുകളില്‍ പ്രായമുള്ളവര്‍), സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ് (80 വയസിന് മുകളില്‍ പ്രായമുള്ളവര്‍) എന്നിവര്‍ക്കും രണ്ട് കോടി രൂപയില്‍ താഴെയുള്ള സിംഗിള്‍ ഡെപ്പോസിറ്റ് ടേം ഡെപ്പോസിറ്റുകള്‍ പദ്ധതി ബാധകമാണ്. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പി.എന്‍.ബി വണ്‍ ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ വഴിയും ഓണ്‍ലൈനില്‍ ഈ സ്‌കീം പ്രയോജനപ്പെടുത്താം.

◾മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കാതലിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. മമ്മൂട്ടിയുടയും ജ്യോതികയുടെയും കേന്ദ്ര കഥാപാത്രങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. ഒരു വീടിന്റെ ഉമ്മറത്ത് ആരെയോ നോക്കി ചിരിക്കുന്ന മട്ടിലാണ് ഈ കഥാപാത്രങ്ങളെ പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട് ചിത്രത്തില്‍ ഈ കഥാപാത്രം. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ്.

◾'പ്ലസ് ടു, 'ബോബി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാക്കിപ്പട' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. പേര് സുചിപ്പിക്കുന്നത് പോലെ പൊലീസുകാരാല്‍ സമ്പന്നമാണ് ഫസ്റ്റ് ലുക്ക്. പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പൊലീസുകാരിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരം ആണ് ഈ സിനിമ പറയുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. പൊലീസ്സുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും ആ നാടിനോടും, സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമയാണ് 'കാക്കിപ്പട'.

◾പതിനൊന്നാം തലമുറ ഹോണ്ട അക്കോര്‍ഡ് ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ടര്‍ബോചാര്‍ജ്ഡ് എല്‍എക്സ്, ഇഎക്സ്, ഹൈബ്രിഡ്-പവേര്‍ഡ് സ്‌പോര്‍ട്ട്, ഇഎക്സ് - എല്‍, സ്പോര്‍ട് എല്‍, ടൂറിംഗ് എന്നിങ്ങനെ ആറ് ട്രിമ്മുകളില്‍ പുതിയ 2023 ഹോണ്ട അക്കോര്‍ഡ് ലഭ്യമാകും. 252 ബിഎച്ച്പി പവറും 370 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 എല്‍, നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലാണ് സെഡാന്‍ വരുന്നത്. പുതിയ അക്കോര്‍ഡ് ഇക്കോണ്‍, നോര്‍മല്‍, സ്പോര്‍ട്ട് (ഹൈബ്രിഡ് മാത്രം) എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ 2023 ഹോണ്ട അക്കോര്‍ഡ് നീളവും കൂടുതല്‍ വിശാലവുമാണ്. 90-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള പുതിയ ക്യാമറയും 120 ഡിഗ്രി ഫീല്‍ഡ് വ്യൂ ഉള്ള വൈഡ് ആംഗിള്‍ റഡാറും ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്ത ഹോണ്ട സെന്‍സിംഗ് സിസ്റ്റം പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നു.

◾രണ്ടാമതും കോവിഡ് ബാധിക്കുന്നത് മരണസാധ്യത ഇരട്ടിയാക്കുമെന്ന് കണ്ടെത്തല്‍. ഇവരില്‍ ശ്വാസകോശ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത മൂന്നര മടങ്ങും ഹൃദയ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത മൂന്ന് മടങ്ങും തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കുള്ള സാധ്യത 1.6 മടങ്ങും അധികമാണ്.  വൈറസ് ബാധയെ തുടര്‍ന്നുള്ള ആദ്യ ദിവസങ്ങളിലാണ് ഇതിനെല്ലാമുള്ള അപകട സാധ്യത കൂടുതല്‍. എങ്കിലും, രോഗബാധയെ തുടര്‍ന്നുള്ള ആറ് മാസങ്ങളിലും രോഗികള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഓരോ തവണ കൊറോണ വൈറസ് അണുബാധ ഉണ്ടാകുമ്പോഴും  മരണസാധ്യത വര്‍ധിച്ചു കൊണ്ടിരിക്കും. ഇവരില്‍ ഒന്നിലധികം അവയവങ്ങള്‍ തകരാറിലാകാനും ദീര്‍ഘകാല കോവിഡിനുമുള്ള സാധ്യതയും അധികമാണ്. ശ്വാസകോശവും ഹൃദയവും വൃക്കകളും തലച്ചോറും നാഡീവ്യൂഹവ്യവസ്ഥയും  മാനസികാരോഗ്യവും പ്രമേഹരോഗവും ആയി ബന്ധപ്പെട്ട രോഗസങ്കീര്‍ണതകളും വീണ്ടും വൈറസ് ബാധിതരാകുന്നവര്‍ക്ക് ഉണ്ടാകാമെന്നും നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വാഷിങ്ടണ്‍ സര്‍വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിനും വെറ്ററന്‍സ് അഫേഴ്സ് സെന്റ് ലൂയിസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റവും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളും രണ്ടാമത് കോവിഡ് വന്നവരില്‍ കൂടുതലാണ്. ബ്രെയ്ന്‍ ഫോഗ്, മൈഗ്രേന്‍, ചുഴലി, തലവേദന, ഓര്‍മക്കുറവ്, ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ നാഡീവ്യൂഹ സംബന്ധമായ പല ലക്ഷണങ്ങളും ദീര്‍ഘകാല കോവിഡുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only