അൽ തുമാമ: ആക്രമണം.. പ്രത്യാക്രമണം..ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ച മത്സരത്തിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിന് വിജയം. ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് സെനഗൽ കീഴടക്കിയത്. പൊരുതി വീഴുകയായിരുന്നു ആതിഥേയർ. ഫിനിഷിങ്ങിലെ പോരായ്മകൾ കൂടി പരിഹരിച്ചിരുന്നെങ്കിൽ അവർ സെനഗലിനെ ഞെട്ടിച്ചേനേ. തോൽവിയിലും തലയുയർത്തിയാണ് ഖത്തർ മടങ്ങുന്നത്. ഫിഫ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോൾ നേടിക്കൊണ്ട് ഖത്തർ ചരിത്രം കുറിച്ചു. മത്സരത്തിൽ മികച്ച പോരാട്ടവീര്യം പുറത്തെടുത്ത അറേബ്യൻ സംഘം സെനഗലിന് വെല്ലുവിളി ഉയർത്തിയാണ് കീഴടങ്ങിയത്.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് സെനഗലായിരുന്നെങ്കിലും ചില മികച്ച നീക്കങ്ങളിലൂടെ ഖത്തർ ആരാധകരുടെ മനം കവർന്നു. ഫിനിഷിങ്ങിലെ പിഴവുകളാണ് ഖത്തറിന് തിരിച്ചടിയായത്. മറുവശത്ത് ടൂർണമെന്റിലെ ആദ്യ വിജയവുമായി സെനഗൽ നോക്കൗട്ട് റൗണ്ട് സാധ്യതകൾ സജീവമാക്കി.
മത്സരം തുടങ്ങിയപ്പോൾ തൊട്ട് സെനഗലാണ് ആക്രമിച്ച് കളിച്ചത്. നിരന്തരം മുന്നേറ്റങ്ങൾ നടത്തിയ സെനഗലിനെ പിടിച്ചുകെട്ടാൻ ഖത്തർ പാടുപെട്ടു. 16-ാം മിനിറ്റിൽ ഡയറ്റയുടെ മികച്ചൊരു ഷോട്ട് ഖത്തർ ഗോൾകീപ്പർ ബർഷാം തട്ടിയകറ്റി. 20-ാം മിനിറ്റിൽ ഖത്തർ മിഡ്ഫീൽഡർ ഇസ്മായിൽ മുഹമ്മദിന് മഞ്ഞക്കാർഡ് ലഭിച്ചു.
24-ാം മിനിറ്റിൽ സെനഗലിന്റെ ഗ്യുയെയുടെ തകർപ്പൻ ലോങ് റേഞ്ചർ ഗോൾപോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 28-ാം മിനിറ്റിൽ ഗോൾകീപ്പർ ബർഷാം തട്ടിയകറ്റിയ പന്ത് സ്വീകരിച്ച സെനഗൽ താരം സബാലിയ്ക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി.
34-ാം മിനിറ്റിൽ ഖത്തറിന് സുവർണാവസരം ലഭിച്ചു. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അക്രം അഫീഫിന് പക്ഷേ ഷോട്ടുതിർക്കാനായില്ല. ബോക്സിനകത്ത് കടന്നെങ്കിലും ഷോട്ടെടുക്കും മുൻപ് താരത്തെ പ്രതിരോധതാരം സാർ തടഞ്ഞു. ഷോട്ടുതിർക്കാൻ താമസിച്ചതാണ് അഫീഫിന് തിരിച്ചടിയായത്.
41-ാം മിനിറ്റിൽ ഖത്തറിന്റെ ഖൽബ് തകർത്തുകൊണ്ട് സെനഗൽ മുന്നിലെത്തി. മുന്നേറ്റതാരം ബൗലായെ ഡിയയാണ് ടീമിനായി വലകുലുക്കിയത്. പ്രതിരോധതാരം ഖൗക്കിയുടെ പിഴവിലൂടെയാണ് ഗോൾ പിറന്നത്. ബോക്സിനകത്തുവെച്ച് പന്ത് ക്ലിയർ ചെയ്യുന്നതിൽ ഖൗക്കി പിഴവുവരുത്തി. ഈ അവസരം മുതലെടുത്ത ഡിയ അനായാസം ലക്ഷ്യം കണ്ട് ടീമിന് നിർണായക ലീഡ് സമ്മാനിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സെനഗൽ വീണ്ടും ഖത്തറിനെ ഞെട്ടിച്ചു. ഇത്തവണ ഫമാറ ഡൈഡ്ഹിയോവുവാണ് സെനഗലിനായി ഗോളടിച്ചത്. ജേക്കബ്സിന്റെ പാസ് സ്വീകരിച്ച ഫമാറ തകർപ്പൻ ഫിനിഷിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്താൻ സെനഗലിന് സാധിച്ചു. രണ്ട് ഗോൾ വഴങ്ങിയതോടെ ഖത്തർ സർവം മറന്ന് ആക്രമിച്ച് കളിച്ചു. 66-ാം മിനിറ്റിൽ ഖത്തറിന്റെ ഖൗക്കി ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും അസാമാന്യമായ സേവിലൂടെ സൂപ്പർ ഗോൾകീപ്പർ മെൻഡി അത് വിഫലമാക്കി.
അതിനുശേഷം ഗോളെന്നുറിച്ച നിരവധി അവസരങ്ങളാണ് ഖത്തർ പാഴാക്കിയത്. ഒടുവിൽ ആ ആക്രമണങ്ങൾക്ക് ഫലം കണ്ടു. 78-ാം മിനിറ്റിൽ ഖത്തർ ലോകകപ്പിലെ ചരിത്ര ഗോൾ നേടി. ഫിഫ ഫുട്ബോൾ ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോളാണിത്. മുഹമ്മദ് മുൻടാരിയാണ് ഖത്തറിനായി ചരിത്രമെഴുതിയത്. മുഹമ്മദിന്റെ ക്രോസിന് കൃത്യമായി തലവെച്ച മുൻടാരി തകർപ്പൻ ഹെഡ്ഡറിലൂടെ വലകുലുക്കി.
പിന്നാലെ വന്നു സെനഗലിന്റെ ചുട്ടമറുപടി. തകർപ്പൻ ടീം ഗെയിമിലൂടെ സെനഗൽ 84-ാം മിനിറ്റിൽ മൂന്നാം ഗോളടിച്ചു. പകരക്കാരനായി വന്ന ബാംബ ഡിയെങ്ങാണ് സെനഗലിനായി വലകുലുക്കിയത്. എൻഡിയായെയുടെ മികച്ച പാസ് സ്വീകരിച്ച ബാംബ ഡിയെങ്ങ് മികച്ച ഫിനിഷിലൂടെ വലകുലുക്കി.
Post a Comment