ഇന്നത്തെ അർജന്റിന – സൗദി അറേബ്യ മത്സരത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിക്കുകയാണ് സംഘാടകർ
തിരുവമ്പാടി: ഖത്തറിൽ വേൾഡ് കപ്പ് ഉദ്ഘാടന ചടങ്ങുകൾ നടക്കുമ്പോൾ കോസ്മോസ് ക്ലബ് തിരുവമ്പാടിയിൽ ഒരുക്കിയ ഇന്ത്യയിലെ ആദ്യത്തെ ഫുട്ബോൾ തിയേറ്ററിലും പ്രദർശന ഉദ്ഘാടനം നടത്തി.
മലയോര മേഖലയിലെ പ്രധാന ഫുട്ബോൾ ക്ലബ്ബായ കോസ്മോസിന്റെ നേതൃത്വത്തിലാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫുട്ബോൾ തിയേറ്റർ ഒരുങ്ങിയത്. ഏറ്റവും വലിയ സ്ക്രീൻ എന്ന പ്രത്യേകതയും ഈ തീയേറ്ററിന് ഉണ്ട്. കാൽപ്പന്തുകളിയുടെ തട്ടകമായ തിരുവമ്പാടിയിൽ ലോകകപ്പ് ഫുട്ബോളിനെ വരവേറ്റത് വർഷങ്ങൾക്കുമുമ്പ് പൂട്ടിയ ഹാരിസൻ സിനിമാതിയേറ്ററിലെ ബിഗ് സ്ക്രീനിലൂടെയാണ്
600 പേർക്കിരുന്ന് വിശാലമായി കളി കാണാനുള്ള സൗകര്യത്തിലാണ് തിയേറ്റർ ഒരുക്കിയിരിക്കുന്നത്. ബാൽക്കണിയിൽ സ്ത്രീകൾക്കും, കുട്ടികൾക്കും മാത്രമാണ് പ്രവേശനം. കോവിഡിനെത്തുടർന്ന് പൂട്ടിയ തിയേറ്റർ ലോകകപ്പ് മത്സരം തീരുന്നതുവരെ ഫുട്‌ബോൾ കൊട്ടകയായി തുടരും.ലോകകപ്പിന്റെ പ്രദർശനം നടത്തുന്നതിന് സൗജന്യമായാണ് ഉടമ പി.ടി. ഹാരിസ് തിയേറ്റർ വിട്ടുനൽകിയിരിക്കുന്നത്. ടിക്കറ്റൊന്നുമില്ലാതെ സംഭാവന മാത്രം സ്വീകരിച്ചാണ് പ്രദർശനം ഒരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
ഇന്ന് നടക്കുന്ന അർജൻറീന മത്സരത്തിന് മുന്നോടിയായി ഉച്ചക്ക് 1.30 മുതൽ വിവിധ ഫാൻസുകാരുടെ റോഡ് ഷോ തിയേറ്ററിന് സമീപം നടക്കും.ഞായറാഴ്ച വൈകിട്ട് 7 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. കോസ്മോസ് ക്ലബ്ബ് പ്രസിഡൻറ് ബഷീർ ചാലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുറഹിമാൻ കെ എ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, തിരുവമ്പാടി സി ഐ സുമിത്, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി.ടി അഗസ്റ്റിൻ, വാർഡ് മെമ്പർ ഷൗക്കത്ത് കൊത്തളത്തിൽ, കെ എ മുഹമ്മദാലി, പി. ടി ഹാരിസ്, ജോളി ജോസഫ്, റിയാസ് പി എ, ബാബു പൈക്കാട്ടിൽ, സണ്ണി കെ ജെ ടി തുടങ്ങിയവർ പങ്കെടുത്തു
Post a Comment