Nov 20, 2022

എല്ലാ റേഷൻ കടകളിലും സമ്പുഷ്ട അരി


ന്യൂഡൽഹി ∙ ഏപ്രിൽ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും റേഷൻ കടകളിലൂടെ പോഷകസമ്പുഷ്ട അരി (ഫോർട്ടിഫൈഡ് റൈസ്) നൽകാൻ നീക്കം. വരുന്ന സാമ്പത്തികവർഷത്തോടെ രാജ്യമാകെ എല്ലാ സർക്കാർ പദ്ധതികളിലും ഫോർട്ടിഫൈഡ് അരി വിതരണം ചെയ്യാനാണ് കേന്ദ്ര തീരുമാനം. കഴിഞ്ഞദിവസം ഡൽഹിയിൽ സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്രം നൽകിയ നിർദേശത്തോടു കേരളം യോജിച്ചതായാണു വിവരം. എന്നാൽ, പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നു സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.

നിലവിൽ കേരളത്തിൽ വിതരണം ചെയ്യുന്ന ചമ്പ (മട്ട) അരിയിൽ ധാരാളം പോഷകമുള്ളതിനാൽ കൂടുതൽ സമ്പുഷ്ടീകരണം ആവശ്യമില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. എന്നാൽ, ഫോർട്ടിഫൈഡ് അരി നൽകിയില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽനിന്ന് സബ്സിഡി ഇനത്തിൽ അരി ലഭിക്കില്ലെന്നാണു വ്യവസ്ഥ. നിലവിൽ വയനാട് ജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഫോർട്ടിഫൈഡ് അരി നൽകുന്നത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, സംയോജിത ശിശുവികസന പദ്ധതി എന്നിവയ്ക്കായും ഇതാണു നൽകുന്നത്.


ഫോർട്ടിഫൈഡ് അരിയുടെ സംഭരണം, വിതരണം അടക്കമുള്ള കാര്യങ്ങളിൽ സമയബന്ധിത നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര ഭക്ഷ്യ–പൊതുവിതരണ സെക്രട്ടറി സഞ്ജീവ് ചോപ്ര സംസ്ഥാനങ്ങളോടു നിർദേശിച്ചിരിക്കുന്നത്. 2021 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണിത്.

 *എന്താണ് ഫോർട്ടിഫൈഡ് അരി ?*

വിളർച്ച, വളർച്ചക്കുറവ്, വൈറ്റമിൻ ബിയുടെ കുറവു മൂലമുണ്ടാകുന്ന മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയ്ക്കുള്ള പരിഹാരമെന്നതാണ് ഫോർട്ടിഫൈഡ് അരി സംബന്ധിച്ചുള്ള അനുകൂലവാദം. ഇരുമ്പ്, ഫോളിക് ആസിഡ്, വൈറ്റമിൻ ബി12 എന്നിവ ചേർത്ത് അരിമണിരൂപത്തിലാക്കി 1:100 അനുപാതത്തിൽ സാധാരണ അരിയിൽ ചേർക്കുകയാണു ചെയ്യുന്നത്. 

വിമർശനം എന്തുകൊണ്ട് ?

ഇരുമ്പിന്റെ ആധിക്യം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നാണ് വിമർശകരുടെ പക്ഷം. സിക്കിൾസെൽ അനീമിയ, തലാസീമിയ തുടങ്ങിയ രോഗങ്ങളുള്ളവർക്ക് രക്തത്തിൽ ഇരുമ്പിന്റെ അളവ് കൂടുതലായിരിക്കും. ഇവർക്ക് ഇരുമ്പ് ഉൾപ്പെടുത്തി സമ്പുഷ്ടീകരിച്ച അരി ആരോഗ്യപ്രശ്നത്തിനു കാരണമാകാം. ഇക്കാരണത്താൽ വയനാട്ടിൽ ഈ രോഗമുള്ളവർക്കു ഫോർട്ടിഫൈഡ് അരി നൽകുന്നില്ല. അതേസമയം, കൃത്യമായ അവബോധം ലഭിക്കാത്തതിനാൽ ഫോർട്ടിഫൈഡ് അരിയുടെ ഗുണം ആളുകൾ മനസ്സിലാക്കുന്നില്ലെന്നാണ് മേയിൽ കേന്ദ്രമിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നത്.

തീരുമാനമെടുത്തിട്ടില്ല

‘മറ്റു സംസ്ഥാനങ്ങളിലെ പോലെയല്ല, കേരളത്തിലെ അരിക്കു നല്ല പോഷകമൂല്യമുണ്ട്. ഇക്കാര്യം ലാബ് റിപ്പോർട്ട് സഹിതം കേന്ദ്രത്തിനു നൽകിയെങ്കിലും അവർ ഫോർട്ടിഫൈഡ് അരി വേണമെന്നാണ് നിർദേശിക്കുന്നത്. സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല.’ – മന്ത്രി ജി.ആർ.അനിൽ


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only