കോഴിക്കോട്: രാത്രികാലങ്ങളിൽ ആളുകളെ തടഞ്ഞ് ബ്ലേഡ് കഴുത്തിൽവെച്ച് ഭീഷണിപ്പെടുത്തി പണം കൊള്ളയടിക്കുന്നയാൾ അറസ്റ്റിൽ. മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിനടത്തുനിന്ന് ബ്ലേഡ് വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ എലത്തൂർ സ്വദേശി റമീഷ് റോഷനെയാണ് (23) നടക്കാവ് സബ് ഇൻസ്‌പെക്ടർ കൈലാസ് നാഥും സംഘവും സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ്ചെയ്തത്.വെള്ളിയാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചത്. എന്നാൽ, ശനിയാഴ്ച കോടതിയിൽ ഹാജരാക്കാനായി ലോക്കപ്പിൽനിന്ന് പുറത്തിറക്കിയ പ്രതി പൊലീസ് സ്റ്റേഷൻ റിസപ്ഷന്റെ ചില്ല് കൈകൊണ്ട് അടിച്ചുതകർത്തു. കൈക്ക് പരിക്കേറ്റ പ്രതിയെ പൊലീസ് ഉടൻ ബീച്ച് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളജിലെ ചികിത്സക്കുശേഷം പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.സ്റ്റേഷൻ റിസപ്ഷനിലെ ചില്ല് അടിച്ചുതകർത്ത പ്രതിയുടെ പേരിൽ പൊതുമുതൽ നശിപ്പിച്ചതിന് പി.ഡി.പി.പി പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി മുമ്പ് പോക്സോ കേസിൽ ഉൾപ്പെട്ട് ജയിൽമോചിതനായ ആളാണെന്നും പൊലീസ് പറഞ്ഞു
Post a Comment