തൃപ്പൂണിത്തുറ (എറണാകുളം): അലക്ഷ്യമായി യൂ ടേൺ എടുത്ത ബൈക്കിൽ ഇടിച്ചു റോഡിൽ വീണ സ്കൂട്ടർ യാത്രിക തൊട്ടുപിറകെ വന്ന ബസിനടിയിൽപെട്ടു മരിച്ചു. ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിനു സമീപം സിദ്ധാർഥം വീട്ടിൽ സുബിന്റെ ഭാര്യ കാവ്യ(26)യാണു മരിച്ചത്.
സംഭവത്തിൽ ബൈക്ക് ഓടിച്ച ആമ്പല്ലൂർ കൊല്ലംപറമ്പ് വീട്ടിൽ വിഷ്ണു (29), ബസ് ഡ്രൈവർ കാഞ്ഞിരമറ്റം മുലതക്കുഴിയിൽ സുജിത്ത് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 08:30-ന് എസ്എൻ ജംക്‌ഷനു സമീപമുള്ള അലയൻസ് ജംക്‌ഷനിലായിരുന്നു അപകടം.
കടവന്ത്രയിലെ സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ ജീവനക്കാരിയായ കാവ്യ രാവിലെ ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു. യുവതിയുടെ സ്കൂട്ടറിന്റെ ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്തു കയറിയ ബൈക്ക് യാത്രികൻ വിഷ്ണു അലക്ഷ്യമായി യു ടേൺ എടുത്തതാണ് അപകടകാരണം. ബൈക്കിൽ തട്ടി സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റിയതോടെ യുവതി പിന്നാലെ വന്ന ബസിനടിയിലേക്കു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സംസ്കാരം ഇന്ന് (18-11-2022- വെള്ളി) രാവിലെ 11:00-നു തൃപ്പൂണിത്തുറ ശ്മശാനത്തിൽ.
മകൻ: സിദ്ധാർഥ്.
അപകടം ഉണ്ടാക്കിയ വിഷ്ണു ബൈക്ക് നിർത്താതെ പോയെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.
Post a Comment