ചലച്ചിത്ര നടനും വോളിബോള്‍ ദേശീയ താരവുമായിരുന്ന മിഗ്‍ദാദ് (മണി, 76) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്കാണ് അന്ത്യം. മുത്താരംകുന്ന് പി ഒ എന്ന സിബി മലയില്‍ ചിത്രത്തിലെ ഫയല്‍വാന്‍റെ വേഷത്തിലൂടെയാണ് മിഗ്‍ദാദിനെ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നത്. ഗാനരചയിതാവ് ചുനക്കര രാമന്‍കുട്ടിയാണ് മിഗ്‍ദാദിനെ സിനിമാ രംഗത്ത് എത്തിച്ചത്. എം മണിയുടെ സംവിധാനത്തിലും നിര്‍മ്മാണത്തിലും 1982 ല്‍ പുറത്തിറങ്ങിയ ആ ദിവസം എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ സിനിമാ അരങ്ങേറ്റം. പോസ്റ്റല്‍ ആന്‍ഡ് ടെലഗ്രാഫ് വകുപ്പില്‍ ഉദ്യോഗസ്ഥനുമായിരുന്നു.
1952 ഏപ്രിൽ 3 ന് അലിക്കുഞ്ഞ് – ഹാജിറുമ്മ ദമ്പതികളുടെ മകനായാണ് മിഗ്‍ദാദിന്‍റെ ജനനം. കുട്ടിക്കാലത്തു തന്നെ അഭിനയത്തോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്ന മിഗ്‍ദാദ് സ്കൂള്‍, കോളെജ് കാലത്ത് യുവജനോത്സവ നാടകവേദികളില്‍ കഴിവ് പ്രകടിപ്പിച്ചു. വര്‍ക്കല എസ് എന്‍ കോളെജിലും പത്തനംതിട്ട കോളെജിലുമായിരുന്നു കലാലയ വിദ്യാഭ്യാസം. ഇക്കാലത്ത് നാടകാഭിനയത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. അരങ്ങേറ്റ ചിത്രമായ ആ ദിവസത്തിലെ കഥാപാത്രം ചെറുതെങ്കിലും ശ്രദ്ധേയമായിരുന്നു. വില്ലന്മാരുടെ ഒരു നാല്‍വര്‍ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹത്തിന്‍റെ കഥാപാത്രം. എന്നാല്‍ 1985 ല്‍ പുറത്തെത്തിയ മുത്താരംകുന്ന് പി ഒ യിലെ ജിംഖാന അപ്പുക്കുട്ടൻ പിള്ളയാണ് അവതരിപ്പിച്ചവയില്‍ ഏറ്റവും ശ്രദ്ധേയ വേഷം.
ആനയ്ക്കൊരുമ്മ, പൊന്നുംകുടത്തിനും പൊട്ട്, നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, അദ്ദേഹം എന്ന ഇദ്ദേഹം, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്‍റെ ഫിലിമോഗ്രഫി.
കബറടക്കം നാളെ രാവിലെ 11.30 ന് കൊല്ലം പോളയത്തോട് ജുമാ മസ്ജിദില്‍. ഭാര്യ: റഫീക്ക മിദ്ഗാഗ്. മക്കള്‍ മിറ മിഗ്‍ദാദ്, റമ്മി മിഗ്‍ദാദ്. മരുമക്കള്‍ സുനിത് സിയാ, ഷിബില്‍ മുഹമ്മദ്.
Post a Comment