കൊണ്ടോട്ടി :ഹൈവേ കേന്ദ്രീകരിച്ചു കവർച്ച നടത്തുന്ന, അച്ഛനും മകനും ഉൾപ്പെട്ട ആറംഗ സംഘം കൊണ്ടോട്ടിയിൽ അറസ്റ്റിലായി. തൃശൂർ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. കോഴിക്കോട് –പാലക്കാട് ദേശീയപാതയിൽ നെടിയിരുപ്പ് കൊട്ടുക്കരയ്ക്കു സമീപം ഒക്ടോബർ 28ന് സ്കൂട്ടറിൽ പണവുമായി പോകുകയായിരുന്ന വള്ളുവമ്പ്രം സ്വദേശിയിൽനിന്നു കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത് 9.5 ലക്ഷം രൂപ കവർന്ന കേസിലാണ് അറസ്റ്റ്.തൃശൂർ കൊടകര സ്വദേശി പന്തവളപ്പിൽ ബിനു (ജാക്കി ബിനു –40), നെല്ലായി സ്വദേശി തൈവളപ്പിൽ ഹരിദാസൻ (54), മകൻ തൈവളപ്പിൽ നിശാന്ത് (22), വടക്കേക്കാട് കല്ലൂർ സ്വദേശി അക്ഷയ് (21), അമ്മാടം സ്വദേശികളായ കിഴക്കേകുണ്ടിൽ നവീൻ (28), ആനക്കാരൻ സുധി (25) എന്നിവരാണ് പിടിയിലായത്.പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കങ്ങളിലാണ് ഒരു മാസത്തിനകം പ്രതികളെ പിടികൂടാനായത്. 6 മാസം മുൻപ് വള്ളുവമ്പ്രത്തു നടന്ന 35 ലക്ഷത്തോളം രൂപയുടെ കവർച്ച സംബന്ധിച്ചു ചില സൂചനകൾ ലഭിച്ചതായും കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു. എഎസ്പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.എൻ.മനോജ്, എസ്ഐ കെ.നൗഫൽ, പ്രത്യേക അന്വേഷണ സംഘാംഗങ്ങൾ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷിക്കുന്നത്.
Post a Comment