◾എന്‍എസ്എസിനു പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ലെന്ന് ഹൈക്കോടതി. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ പത്നി പ്രിയ വര്‍ഗീസിനെ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചതു ചോദ്യം ചെയ്തുള്ള കേസിലാണ് കോടതിയുടെ നിരീക്ഷണം. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്റ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ പഠിപ്പിച്ചിരുന്നോയെന്നും കോടതി ചോദിച്ചു. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയമാകില്ല. പിഎച്ച്ഡി കാലത്തു 147 ഹാജറിനു പകരം പത്തു ഹാജര്‍ മാത്രമേ പ്രിയയ്ക്കുണ്ടായിരുന്നുള്ളൂവെന്നു യുജിസി ചൂണ്ടിക്കാട്ടി.
◾നാഷണല്‍ സര്‍വീസ് സ്‌കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന് പ്രിയ വര്‍ഗ്ഗീസ്. കണ്ണൂര്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരേ ഫേസ്ബുക്കിലൂടെയാണ് പ്രിയയുടെ പ്രതികരണം.
◾ഡോ. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഗവര്‍ണര്‍ തന്നെ നിയമിച്ചതു ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനു കഴിയില്ലെന്ന് ഡോ. സിസ തോമസ്. സര്‍ക്കാരിനു വേണ്ടി കോടതിയെ സമീപിക്കാന്‍ അഡീഷണല്‍ സെക്രട്ടറിക്ക് അധികാരമുണ്ടോയെന്നു പരിശോധിക്കണം. പ്രൊഫസറായി 13 വര്‍ഷം അടക്കം മുപ്പത്തൊന്നര വര്‍ഷത്തെ അദ്ധ്യാപന പരിചയമുള്ള തനിക്കു വിസി ആകാന്‍ യോഗ്യതയുണ്ടെന്നും ഡോ. സിസ തോമസ് കോടതിയെ അറിയിച്ചു.
◾സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധന ഹര്‍ജി നല്‍കും. നിയമോപദേശത്തിന് മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് പതിനഞ്ച് ലക്ഷം രൂപ നല്‍കും. വിധിക്കു മുന്‍കാല പ്രാബല്യം വരുത്തരുതെന്ന അപേക്ഷയുമായി മുന്‍ വിസി ഡോ എം.എസ്. രാജശ്രീ പുനഃപരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ട്. സെലക്ഷന്‍ കമ്മറ്റിയുടെ പിഴവിന് താന്‍ ഇരയായെന്നും രാജശ്രീയുടെ ഹര്‍ജിയില്‍ പറയുന്നു.
◾പാഠ്യപദ്ധതി പരിഷ്‌കരണത്തിനു വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇന്നു സ്വരൂപിക്കുമെന്നു മന്ത്രി ശിവന്‍കുട്ടി. എല്ലാ ക്ലാസ്മുറികളിലും കുട്ടികളുടെ ചര്‍ച്ചകള്‍ നടത്തും. ഇതിനായി പ്രത്യേക കുറിപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ സുപ്രധാന രേഖയാക്കി പ്രസിദ്ധീകരിക്കുന്നതാണ്. മന്ത്രി പറഞ്ഞു.
◾നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ മുന്‍ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെതിരെ വകുപ്പ് തല നടപടിക്കു സിബിഐ ശുപാര്‍ശ. സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്കുമാറിനെ അറസ്റ്റുചെയ്ത വിവരം അറിഞ്ഞ എസ്പി തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ട്. കട്ടപ്പന ഡിവൈഎസ്പി പി.പി ഷംസ് ഗുരുതര കൃത്യവിലോപം കാണിച്ചെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. (പോലീസ് അധോലോകം-
◾കോഴിക്കോട് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബി തോമസിനെതിരെ കുറ്റപത്രം. കൈയാങ്കളി കേസിലെ പ്രതിയുടെ വീട്ടില്‍നിന്നെടുത്ത സ്വര്‍ണവും പണവും കോടതിയില്‍ ഹാജരാക്കാതെ മുക്കിയെന്ന് കുറ്റപത്രത്തിലെ ആരോപണം. സംഭവം നടന്ന 2009 ല്‍ പേരൂര്‍ക്കട പ്രൊബേഷണറി എസ് ഐയായിരുന്നു സിബി തോമസ്.
◾വേലി തന്നെ വിളവ് തിന്നുന്നുവെന്നു പൊലീസിനെ വിമര്‍ശിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ പി.കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് ഇ.പി ജയരാജന്‍. ബലാത്സംഗ കേസില്‍ പ്രതിയായ സിഐ സുനുവിനെപ്പോലുള്ള ക്രിമിനല്‍ പോലീസിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.
◾സംസ്ഥാനത്തെ 76 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ചില ഓഫീസുകളില്‍നിന്നു കണക്കില്‍പ്പെടാത്ത കോഴപ്പണം കണ്ടത്തിയെന്ന് വിജിലന്‍സ്. ഓപ്പറേഷന്‍ പഞ്ചി കിരണ്‍ എന്ന പേരിലാണ് പരിശോധന. മട്ടാഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്നു മദ്യവും കണക്കില്‍പ്പെടാത്ത പണവും കണ്ടത്തി. മലപ്പുറത്ത് 30,000 രൂപയും കോഴിക്കോട് ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് 21,000 രൂപയും കണ്ടെത്തി.
◾ഒരു സംരംഭകന്‍ ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ വിപണിയിലിറക്കാവൂവെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മായം ചേര്‍ത്ത വെളിച്ചെണ്ണ കണ്ടെത്താന്‍ സംസ്ഥാനത്തുടനീളം നൂറോളം കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 294 സ്ഥാപനങ്ങള്‍ക്കെതിരേ നോട്ടീസ് നല്‍കി. 651 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
◾യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രോസിക്യൂട്ടര്‍ നിയമനത്തിനു മന്ത്രിമാരും എംഎല്‍എമാരും എംപിമാരും കോണ്‍ഗ്രസ് നേതാക്കളും അയച്ച ശുപാര്‍ശ കത്തുകള്‍ പുറത്തുവിട്ട് സര്‍ക്കാര്‍. നിയമനങ്ങള്‍ക്ക് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ ശുപാര്‍ശക്കത്തുകള്‍ വിവാദമായിരിക്കേയാണ് യുഡിഎഫ് നേതാക്കളുടെ കത്തുകള്‍ പുറത്തായത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ പി ധനപാലന്‍, പീതാമ്പര കുറുപ്പ്, പി.ടി തോമസ് , പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍ തുടങ്ങിയവരുടെ ശുപാര്‍ശ കത്തുകളാണു പുറത്തുവിട്ടത്.
◾വിരമിച്ച 11 പേരടക്കം കേരളത്തിലെ 21 എസ്പിമാര്‍ക്ക് ഐപിഎസ്. 2019, 2020 വര്‍ഷങ്ങളിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. അന്വേഷണം നേരിടുന്ന രണ്ട് എസ്പിമാരെ യുപിഎസ്സി ഒഴിവാക്കി. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവര്‍ക്കും ഐപിഎസ് നല്‍കും. ഐപിഎസ് ലഭിച്ച ഉദ്യോഗസ്ഥര്‍ ഇന്നു സര്‍വ്വീസില്‍ പ്രവേശിക്കും.
◾തെലങ്കാനയില്‍ എംഎല്‍എമാരെ കോടികള്‍ നല്‍കി കൂറുമാറ്റിക്കാന്‍ ശ്രമിച്ച ഓപ്പറേഷന്‍ ലോട്ടസ് കേസില്‍ എന്‍ഡിഎ കേരള കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി 21 നു ഹൈദരാബാദില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു നോട്ടീസ്. എസ്പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള തെലങ്കാന പൊലീസ് സംഘം കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തിയാണു നോട്ടീസ് നല്‍കിയത്.
◾വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ സമരപന്തലില്‍. രാപ്പകല്‍ സമര പന്തലിലെത്തിയ സുധീരന്‍ മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. പദ്ധതിമൂലമുണ്ടായ തീരശോഷണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പ്രളയകാലത്ത് കേരളത്തിന്റെ രക്ഷാസൈന്യമെന്നു പ്രശംസിച്ച മത്സ്യ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണെന്നു സുധീരന്‍.
◾ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സിനോട് എന്തു നിലപാടെടുക്കണമെന്നു യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നു മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന്റെ തീരുമാനമാകുമെന്നും ലീഗിന്റെ തീരുമാനമല്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.
◾പാലക്കാട് ശ്രീനിവാസന്‍ കൊലക്കേസില്‍ വെസ്റ്റ് പട്ടാമ്പി സ്വദേശി നൗഷാദിനെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 48 ാം പ്രതിയാണ് നൗഷാദ്. ഗൂഢാലോചന, പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്നതടക്കമുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ്. കേസില്‍ 38 പേര്‍ ഇതോടെ അറസ്റ്റിലായി.
◾കോട്ടയം മാങ്ങാനത്ത് ഒമ്പതു പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ മഹിളാ സമഖ്യ സൊസൈറ്റി നടത്തിയിരുന്ന ബാലികാ സംരക്ഷണ കേന്ദ്രം അടച്ചുപൂട്ടണമെന്നു ശുപാര്‍ശ. വനിത ശിശു വികസനവകുപ്പ് ഡയറക്ടര്‍ക്ക് ശിശുക്ഷേമ സമിതിയാണു റിപ്പോര്‍ട്ട് നല്‍കിയത്.
◾എസ്ഡിപിഐയുടെ കൊടിയാണെന്നു കരുതി പോര്‍ച്ചുഗലിന്റെ പതാക വലിച്ചു കീറിയ യുവാവിനെതിരെ കേസ്. കണ്ണൂര്‍ പാനൂര്‍ വൈദ്യര്‍ പീടികയില്‍ ഏലാങ്കോട് ദീപകിനെതിരെയാണു കേസെടുത്തത്. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീം ആരാധകര്‍ കെട്ടിയ പോര്‍ച്ചുഗല്‍ പതാകകളാണ് ഇയാള്‍ നശിപ്പിച്ചത്. സംഭവമറിച്ച് പോര്‍ച്ചുഗല്‍ ആരാധകര്‍ എത്തി യുവാവുമായി വാക്കേറ്റമുണ്ടായിരുന്നു.
◾മുംബൈയില്‍ യുവതിയുടെ രണ്ടുകോടി രൂപ തട്ടിയെടുത്ത യുവാവിനെ കാര്‍ വളഞ്ഞ് ചില്ലു തകര്‍ത്ത് പോലീസ് പിടികൂടി. ആലപ്പുഴ പൂങ്കാവ് സ്വദേശി ടോണി തോമസാണ് പിടിയിലായത്. മുംബെയില്‍ സോഫ്റ്റുവെയര്‍ കമ്പനിയില്‍ പാര്‍ട്ണറായ യുവതിയുടെ പണമാണ് തട്ടിയത്. കാര്‍ തുറക്കാനും പുറത്തിറങ്ങാനും തയാറാകാതായപ്പോഴാണ് ചില്ലു പൊളിച്ച് ലോക്ക് തുറന്ന് പിടികൂടിയത്.
◾പൊന്നാനി കടലോരത്തെ മല്‍സ്യത്തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടി സുള്‍ഫത്ത് ഡോക്ടറായി. മത്സ്യത്തൊഴിലാളിയായ ഏഴുകുടിക്കല്‍ ലത്തീഫിന്റെയും ലൈലയുടെയും മൂന്നു മക്കളില്‍ മൂത്തവളാണ്. എംബിബിഎസ് പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യ മത്സ്യത്തൊഴിലാളി കുടുംബാംഗമാണ് സുള്‍ഫത്ത്. കാര്‍ഡിയോളജിയില്‍ പിജി നേടി സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം ചെയ്യണമെന്നാണ് ആഗ്രഹമെന്നു സുള്‍ഫത്ത്.
◾ശബരിമല തിരുവാഭരണ കേസ് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്കെത്തുന്നത്.
◾മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിച്ചു.
◾ശബരിമലയില്‍ വന്‍ സുരക്ഷ. 1250 പൊലീസുകാരുടെ ആദ്യ ബാച്ച് ചുമതലയേറ്റു. 980 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, 12 ഡിവൈഎസ്പിമാര്‍, 110 എസ്‌ഐ/എഎസ്‌ഐമാര്‍, 30 സിഐമാര്‍ എന്നിവരടങ്ങിയ സംഘത്തിനാണു സുരക്ഷാ ചുമതല.
◾നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് 'ദിലീപിനെ പൂട്ടണം' എന്ന പേരില്‍ വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന കേസില്‍ പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ മൂന്നു മണിക്കൂര്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
◾ക്ലാസില്‍ ഹാജര്‍ കുറവാണെന്നു ചൂണ്ടിക്കാട്ടി സ്‌കൂളില്‍നിന്നു പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുത്തു. കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി എ.ആര്‍ മാധവനെയാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചെടുത്തത്.
◾കോളജ് വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ നെടുങ്കണ്ടം പോലീസ് കേസെടുത്തു. പരാതി നല്‍കാന്‍ വിദ്യാര്‍ത്ഥിനി പൊലീസ് സ്റ്റേഷനിലെത്തിയത് അമ്പതോളം സഹപാഠികള്‍ക്കൊപ്പമാണ്.
◾വായ്പ നല്‍കിയ പണം തിരികെ ചോദിച്ച യുവാവിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് നഗ്ന ദൃശ്യങ്ങളെടുത്ത യുവതി അടക്കമുള്ള സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് ബേപ്പൂര്‍ ബിസി റോഡ് പുതിയനിലത്ത് ശ്രീജയും കൂട്ടുകാരായ നാല് യുവാക്കളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. പാളയത്ത് കച്ചവടം നടത്തുന്ന ഒളവണ്ണ സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. ശ്രീജയും പാളയത്തെ വ്യാപാരിയാണ്.
◾ഡോക്ടറുമായി ചങ്ങാത്തമുണ്ടാക്കി മദ്യത്തില്‍ മയക്കുമരുന്നു നല്‍കി 19 ലക്ഷം രൂപ തട്ടിയെടുത്ത ഓട്ടോ ഡ്രൈവര്‍ പിടിയിലായി. ഇടുക്കി തടിയംപാടം സ്വദേശി നിഷാദ് ജബ്ബാറിനെയാണ് തൃശൂര്‍ പൊലീസ് പിടികൂടിയത്. യാത്രക്കിടെ ഭക്ഷണം വാങ്ങാനും പണമെടുക്കുന്നതിനും എടിഎം കാര്‍ഡും പിന്‍ നമ്പറും ഡോക്ടര്‍ നിഷാദിന് നല്‍കിയിരുന്നു. ഡോക്ടറുടെ ഫോണ്‍ ലോക്ക് അഴിക്കുന്നതും മനസിലാക്കിയാണു പ്രതി പണം തട്ടിയെടുത്തത്.
◾കോട്ടയം വാകത്താനത്ത് ഞാലിയക്കുഴി എമറാള്‍ഡ് ബാറില്‍ എയര്‍ഗണ്ണുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അറസ്റ്റില്‍. വാകത്താനം സ്വദേശി സരുണ്‍ സലീയാണ് അറസ്റ്റിലായത്.
◾തിമിംഗല ഛര്‍ദിയുമായി ഇരട്ട സഹോദരങ്ങളെ തിരുവനന്തപുരത്തു പിടികൂടി. കൊല്ലം ആശ്രമം സ്വദേശികളായ ദീപു, ദീപക് എന്നിവരെ കല്ലമ്പലം പൊലീസാണ് പിടികൂടിയത്.
◾ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സൂറത്ത് ഈസ്റ്റ് സ്ഥാനാര്‍ത്ഥി കാഞ്ചന്‍ ജരിവാല നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. ഗുണ്ടാസംഘവും പോലീസും ചേര്‍ന്നു ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചതാണെന്നാണ് ആരോപണം. ആം ആദ്മി പാര്‍ട്ടി ദേശീയ വക്താവ് രാഘവ് ചദ്ദ പങ്കുവച്ച വീഡിയോയില്‍ സ്ഥാനാര്‍ത്ഥി ഒരു സംഘം ആളുകള്‍ക്കും പോലീസിനുമൊപ്പം എത്തി പത്രിക പിന്‍വലിക്കുന്നതു കാണാം. ഇയാളെ ബിജെപി തട്ടിക്കൊണ്ടുപോയിയെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ ആരോപിച്ചിരുന്നു.
◾റിസര്‍വ് ബാങ്കിന്റെ നിര്‍ദേശാനുസരണം പാര്‍ലമെന്റിന്റെ അനുമതിയോടെയാണു നോട്ടു നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കള്ളപ്പണം ഇല്ലാതാക്കാനും നികുതി വെട്ടിപ്പു തടയാനും ഡിജിറ്റല്‍ പണമിടപാട് വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു.
◾ജമ്മു കഷ്മീരിലെ കത്വ കൂട്ടബലാംത്സംഗ കേസിലെ പ്രതികളിലൊരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം സുപ്രീംകോടതി തള്ളി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ജമ്മു കാഷ്മീര്‍ ഹൈക്കോടതിയും പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വിധിച്ച പ്രതി ശുഭം സംഗ്രയെ മുതിര്‍ന്ന ആളായി കണക്കാക്കി വിചാരണ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
◾തെരുവു നായ്ക്കള്‍ക്കു ഭക്ഷണം നല്‍കുന്നവര്‍ അവയുടെ സംരക്ഷണം കൂടി ഏറ്റെടുക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവു സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവു പ്രായോഗികമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
◾ബിജെപിയില്‍ ചേരാനിരുന്ന മുന്‍ ജനതാദള്‍ എസ് നേതാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ നേതാവായിരുന്ന മല്ലികാര്‍ജുന്‍ മുത്യാലിന്‍ (64) ആണ് കൊല്ലപ്പെട്ടത്. മുത്യാലിന്റെ ജനനേന്ദ്രിയത്തില്‍ മുറിവുകളുണ്ട്.
◾വെട്ടിമുറിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കിണറ്റില്‍. മൃതദേഹത്തിന്റെ തല കണ്ടെത്താനായിട്ടില്ല. ആരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയിലെ പശ്ചിം പട്ടി ഗ്രാമത്തിലാണ് 22 കാരിയായ യുവതിയുടെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്.
◾സൗദി അറേബ്യയിലെ ജിദ്ദക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ തമിഴ്നാട് സ്വദേശിയായ ഉംറ തീര്‍ത്ഥാടകന്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ജിദ്ദയ്ക്കു സമീപം ഖുലൈസ് എന്ന സ്ഥലത്തുണ്ടായ അപകടത്തില്‍ പുതുച്ചേരി സ്വദേശി മുഹമ്മദ് സമീര്‍ കറൈക്കല്‍ (31) ആണ് മരിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തിന്റെ സഹോദരന്‍ നൂറുല്‍ ആമീന്‍ മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
◾ചര്‍ച്ചാ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയെന്ന് ആരോപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് ക്ഷുഭിതനായി. ബാലിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് സംഭവം. ചര്‍ച്ചാ വിവരങ്ങള്‍ പുറത്തുവട്ടത് ശരിയായില്ലെന്ന് രൂക്ഷമായ ഭാഷയില്‍ ഷി സംസാരിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.
◾സൗദി അറേബ്യയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ജഡ്ജി അറസ്റ്റില്‍. അപ്പീല്‍ കോടതി ജഡ്ജി ഇബ്രാഹിം ബിന്‍ അബ്ദുല്‍ അസീസ് അല്‍ ജുഹാനിയാണ് പിടിയിലായത്. ആവശ്യപ്പെട്ട കോഴത്തുകയായ 40 ലക്ഷം റിയാലിന്റെ ആദ്യ ഗഡുവായി അഞ്ച് ലക്ഷം റിയാല്‍ വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
◾ഇറാന്റെ തെക്കുപടിഞ്ഞാറന്‍ ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ പ്രതിഷേധക്കാര്‍ക്കും സുരക്ഷാ സേനയ്ക്കുമെതിരെ ഭീകരര്‍ വെടിവച്ചു. വെടിവയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. പത്തു പേര്‍ക്കു പരിക്ക്.
◾സൗഹൃദ മത്സരത്തില്‍ യു.എ.ഇ യോട് ഒട്ടും സൗഹൃദം കാണിക്കാതെ അര്‍ജന്റീന. ലോകകപ്പിനു മുന്നോടിയായി അബുദാബിയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ യു.എ.ഇ യെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് മെസ്സിയും സംഘവും തകര്‍ത്തുവിട്ടത്. മെസി ഗോള്‍ നേടിയ മത്സരത്തില്‍ ഏഞ്ചല്‍ ഡി മരിയ ഇരട്ട ഗോള്‍ നേടി.
◾മെറ്റയുടെ മുന്‍ പോളിസി മേധാവി സാംസങ്ങിലേക്ക്. സാംസങ്ങിലും അദ്ദേഹം ഇതേ പദവി തന്നെ വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറുമായി വിവിധ നയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയാണ് രാജീവ് അഗര്‍വാളിന്റെ ചുമതല. ഡിസംബര്‍ ഒന്ന് മുതലാണ് രാജീവ് അഗര്‍വാള്‍ സാംസങ്ങില്‍ ജോലിക്ക് ചേരുക. അതേസമയം, നിയമനം സംബന്ധിച്ച് അറിയിപ്പുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇന്ത്യയിലെ ഏറ്റവും ശക്തമായ വിദേശകമ്പനികളിലൊന്നായ സാംസങ്ങിലേക്കാണ് അഗര്‍വാള്‍ എത്തുന്നത്. കഴിഞ്ഞ ദിവസം വാട്സാപ്പ് ഇന്ത്യയുടെ മേധാവിയും സ്ഥാനം രാജിവെച്ചിരുന്നു. അതേസമയം, വാര്‍ത്തകളോട് പ്രതികരിക്കാന്‍ അഗര്‍വാള്‍ ഇതുവരെ തയാറായിട്ടില്ല. ഇമെയിലിനും അദ്ദേഹം മറുപടി നല്‍കിയിട്ടില്ല. നേരത്തെ മെറ്റ ഇന്ത്യ തലവന്‍ അജിത് മോഹനും രാജി സമര്‍പ്പിച്ചിരുന്നു. മെറ്റ 11,000ത്തോളം പേരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
◾ക്രിസ്മസ്, പുതുവത്സര യാത്രകളും ലോകകപ്പ് ഫുട്ബോളും കാരണം വിമാനയാത്രാടിക്കറ്റ് നിരക്കുകള്‍ ഉയരര്‍ന്നു. വര്‍ധന 500 ശതമാനം വരെ. കൊച്ചി - ദോഹ ശരാശരി നിരക്ക് 20,000 - 25000 രൂപയില്‍ നിന്ന് ഉയര്‍ന്നത് 60,000 - 80000 രൂപ വരെ! കൊച്ചിയില്‍ നിന്നു നേരിട്ടു ഖത്തറിലേക്കു സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വേയ്സ്, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിരക്കുകളെല്ലാം പറക്കുന്നത് ഉയരങ്ങളിലൂടെയാണ്. യുഎഇയിലെ ദുബായ്, അബുദാബി, ഷാര്‍ജ തുടങ്ങിയ നഗരങ്ങള്‍ വഴി ദോഹയിലേക്കുള്ള നിരക്കുകളുടെ സ്ഥിതിയും അങ്ങനെ തന്നെ. കൊച്ചിയില്‍ നിന്ന് ഈ വിമാനത്താവളങ്ങള്‍ വഴി ദോഹയിലേക്കു പറക്കുന്നതിന് ഇപ്പോള്‍ 80,000 രൂപയോളമാണു ചെലവ്. ഡിസംബര്‍ അവസാനം വരെ നിരക്കുകള്‍ ഉയര്‍ന്നു തന്നെ പറക്കും.
◾വിജയ് സേതുപതി നായകനാകുന്ന 'ഡിഎസ്പി' എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ഉദിത് നാരായണന്‍, സെന്തില്‍ ഗണേഷ്, മാളവിക സുന്ദര്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. പൊന്റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷന്‍ ചിത്രസംയോജനം നിര്‍വഹിക്കുമ്പോള്‍ സംഗീത സംവിധാനം ഡി ഇമ്മനാണ്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.
◾വംശീയതയ്ക്കെതിരെയും ഒരു നല്ല മാനസികാവസ്ഥ എങ്ങനെ വികസിപ്പിക്കാം എന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്ന ചിത്രമാണ് 'ദ ഗുഡ് മൈന്‍ഡ് സെറ്റ്'. ഒരു ആക്ഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം രണ്ടു വര്‍ഷത്തിന് ശേഷം നാട്ടിലേയ്ക്കെത്തുന്ന ഒരു വിദ്യാര്‍ത്ഥിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ രചന, സംവിധാനം, നിര്‍മാണം, അഭിനയം എന്നിവയെല്ലാം എസ്.എസ് ഉണ്ണിക്കൃഷ്ണനാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പിതൃക്കാര്‍ ഉപയോഗിച്ചിരുന്ന ഒരു ഭാഷയും ഉപയോഗിക്കുന്നുണ്ട്. വര്‍ണമോ വംശമോ ജാതിയോ വച്ച് മനുഷ്യനെ തരം തിരിക്കരുതെന്ന സന്ദേശമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. ചിത്രം യുട്യൂബില്‍ റിലീസ് ചെയ്തു.
◾ഓണ്‍ലൈനില്‍ നിന്ന് 200 ഷോറൂമുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഓല. 2021 ഓഗസ്റ്റില്‍ ബ്രാന്‍ഡ് അവതരിപ്പിച്ച് ഒരു വര്‍ഷത്തോളം സമയമെടുത്ത ശേഷമാണ് ഷോറൂമിനെക്കുറിച്ചുള്ള തീരുമാനം ഓല അറിയിക്കുന്നത്. എക്സ്പീരിയന്‍സ് സെന്റര്‍ എന്ന് ഓല വിശേഷിപ്പിക്കുന്ന പുതിയ ഷോറൂമുകളില്‍ എസ്1, എസ്1 പ്രോ, എസ്1 എയര്‍ തുടങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറുകളും വകഭേദങ്ങളും പ്രദര്‍ശിപ്പിക്കും. വാഹനങ്ങള്‍ വാങ്ങുന്നതിനു മുന്‍പ് നേരിട്ട് കണ്ട് ഉറപ്പാക്കാനും ടെസ്റ്റ് റൈഡ് ചെയ്യാനും സംശയദൂരീകരണം നടത്താനുമെല്ലാം ഓല എക്സ്പീരിയന്‍സ് സെന്ററില്‍ സൗകര്യമുണ്ട്. ഒന്നര മാസത്തിനുള്ളില്‍ 100 കേന്ദ്രങ്ങളില്‍ എക്സ്പീരിയന്‍സ് സെന്റര്‍ തുറക്കുമെന്നാണ് സൂചന. ഓണ്‍ലൈന്‍ മാത്രമാകാതെ ഓഫ്‌ലൈനിലൂടെ ഷോറൂം കേന്ദ്രീകരിച്ച് വില്‍ക്കാനാണോ ഓല ലക്ഷ്യമിട്ടിരിക്കുന്നത്.
◾'ആ തടാകസന്ധ്യ എത്ര ഹൃദ്യമായിരുന്നു!.'' ''അവിടെ സഞ്ചാരികളാരും പോകാറില്ല. അല്ലെങ്കില്‍പ്പിന്നെ സൗന്ദര്യം തേടിപ്പിടിക്കുന്നവരാകണം.'' ''മനുഷ്യരില്‍ അത്തരക്കാര്‍ കുറവാണ്. തൊട്ടുമുമ്പിലുള്ളതിനെ ആസ്വദിക്കാനേ അവര്‍ക്കറിയൂ. ഏതോ ഒരു മനുഷ്യന്റെ പിന്തുടര്‍ച്ചക്കാരാണ് മനുഷ്യരില്‍ ഭൂരിപക്ഷവും!.'' ''അപ്പോള്‍ നമ്മളോ?'' ഗിരി ചോദിച്ചു. ''നമ്മള്‍ സ്വയം തേടുകയല്ലേ. അങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ മനുഷ്യരല്ല.'' ''പിന്നെ!.'' ''പ്രേതങ്ങള്‍.'' ''പ്രേതങ്ങളോ.'' ''അതെ ഗിരീ. നമ്മളൊരു മായിക ലോകത്തല്ലേ. പായല്‍ പറഞ്ഞിട്ടുണ്ട് അത്തരക്കാര്‍ വില്യംസായിപ്പിനെപ്പോലെ പ്രേതങ്ങളാണെന്ന്.'' ''ഏയ് ബാരക്ക് ഭ്രാന്തു പറയുകയാണ്.'' കൊളോണിയല്‍ പൈതൃകം പേറുന്ന ഹൈറേഞ്ച് കോട്ടേജിലെ അന്തേവാസികളുടെ ജീവിതത്തിലേക്കു സഞ്ചരിക്കുന്ന നോവല്‍. സങ്കീര്‍ണ്ണമായ മനുഷ്യകാമനകളെ അടയാളപ്പെടുത്തുന്ന അപൂര്‍വ്വ രചന. 'ബാരക്ക് കോട്ടേജ്'. അനാര്‍ക്കലി. ചിന്ത പബ്ളിക്കേഷന്‍സ്. വില 171 രൂപ.
◾തണ്ണുപ്പിനെ പ്രതിരോധിക്കാന്‍ ഭക്ഷണക്രമത്തില്‍ നെയ്യ് ഒഴിവാക്കരുതെന്ന് വിദഗ്ധര്‍. തണുപ്പുകാലത്തെ അതിജീവിക്കാന്‍ ശരീരത്തിന് ഏറ്റവും ഉത്തമമായ ഒന്നാണിത്. നെയ്യ് ശരീരത്തെ ചൂടാക്കാന്‍ സഹായിക്കുമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. നെയ്യിന് ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ബാക്ടീരിയല്‍ സവിശേഷതകള്‍ ഉണ്ടെന്നും ആയുര്‍വേദം പറയുന്നു. അതിനാല്‍ ചുമ, ജലദോഷം പോലുള്ളവര്‍ക്ക് ഇത് ആശ്വാസമാകും. ശുദ്ധമായ പശുവിന്‍ നെയ്യുടെ ചൂട് തുള്ളികള്‍ മൂക്കിലൊഴിക്കുന്നത് ഉടന്‍ ഫലം കാണിക്കും. ഭക്ഷണത്തിന് രുചി പകരാനും ചര്‍മ്മസംരക്ഷണത്തിനും മാത്രമല്ല ഓര്‍മ്മശക്തിക്കും പ്രതിരോധശേഷിക്കുമെല്ലാം നെയ്യ് നല്ലതാണ്. കുടലിന്റെ ആരോഗ്യത്തിനും ചുമ, ജലദോഷം മുതലായ ആരോഗ്യപ്രശ്‌നങ്ങളെ നിയന്ത്രിക്കാനും നെയ്യ് സഹായിക്കും. തണുത്ത കാലാവസ്ഥയില്‍ പാചകത്തിന് അനുയോജ്യമാണ് നെയ്യ്. ഭക്ഷണപദാര്‍ത്ഥങ്ങളുടെ സ്വാഭാവിക രുചി നഷ്ടപ്പെടാതിരിക്കാനും ഇത് സഹായിക്കും. ദോശ, ചപ്പാത്തി മുതലായവ ഉണ്ടാക്കുമ്പോഴും പച്ചക്കറികള്‍ പാകം ചെയ്യുമ്പോഴുമെല്ലാം ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ക്കാവുന്നതാണ്. ദഹനം സുഗമമാക്കാന്‍ സഹായിക്കുന്ന ഗ്യാസ്ട്രിക് ജ്യൂസുകള്‍ നെയ്യില്‍ ഉണ്ട്. കഴിക്കുന്ന ഭക്ഷണത്തെ ചെറിയ സംയുക്തങ്ങളാക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് മലവിസര്‍ജ്ജനത്തെയും സുഗമമാക്കും. പ്രകൃതിദത്ത മോയിസ്ചറൈസര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പുറമേ തേക്കുമ്പോള്‍ മാത്രമല്ല ഉള്ളില്‍ കഴിക്കുമ്പോഴും നെയ്യ് ചര്‍മ്മത്തിന് ഗുണം ചെയ്യും. ചര്‍മ്മത്തിന്റെ മൃദുത്വം നിലനിര്‍ത്താന്‍ സഹായിക്കും. മാത്രവുമല്ല ശിരോചര്‍മ്മത്തിന്റെ വരള്‍ച്ചയും മുടിയിലെ ഈര്‍പ്പവും അകറ്റാന്‍ നെയ്യ് നല്ലതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ നാട്ടില്‍ കൊടിയ വരള്‍ച്ചയായിരുന്നു. അപ്പോഴാണ് അവിടെയൊരു സന്യാസി എത്തിയത്. അദ്ദേഹം പട്ടണമധ്യത്തില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. ദിവസങ്ങള്‍ ഈ നൃത്തം തുടര്‍ന്നു. നാലാം ദിവസം മഴ പെയ്തപ്പോള്‍ സന്യാസി നൃത്തം അവസാനിപ്പിച്ചു. മഴപെയ്യിക്കുന്ന സന്യാസി എന്ന പേര് അദ്ദേഹത്തിന് വീണു. ഇത് കേട്ടറിഞ്ഞ ചെറുപ്പക്കാര്‍ അദ്ദേഹത്തെ വെല്ലുവിളിച്ചു. താങ്കള്‍ക്ക് കഴിയുമെങ്കില്‍ ഞങ്ങള്‍ക്കും ഇത് സാധിക്കും.. ജനക്കൂട്ടത്തിന് നടുവില്‍ അവര്‍ നൃത്തം ആരംഭിച്ചു. ഉച്ചയായപ്പോഴേക്കും എല്ലാവരും തളര്‍ന്നു. അപ്പോഴും സന്യാസി നൃത്തം തുടര്‍ന്നു. ഏകദേശം പത്ത് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും മഴ പെയ്യാന്‍ തുടങ്ങി. യുവാക്കള്‍ ക്ഷമാപണം നടത്തി. അവര്‍ അദ്ദേഹത്തോട് ചോദിച്ചു: ഇതെങ്ങനെ സാധിക്കുന്നു? സന്യാസി പറഞ്ഞു. നിങ്ങള്‍ മടുക്കുന്നത് വരെ നൃത്തം ചെയ്യുന്നു. ഞാന്‍ മഴ പെയ്യുന്നതു വരെയും.. തുടര്‍ച്ചയില്ലാത്തതെല്ലാം തുടങ്ങിയിടത്ത് അവസാനിക്കും. ക്ഷീണിക്കുന്നതുവരെ തുടരാന്‍ ആര്‍ക്കും സാധിക്കും. തുടക്കം നല്ലതല്ലാത്തതുകൊണ്ടല്ല പലതും പാതിവഴിയില്‍ നിന്നുപോകുന്നത്. തുടരേണ്ട കാലത്തോളം തുടരാത്തത് കൊണ്ടാണ്.. തളരുന്നതിനനുസരിച്ച് ഉള്‍വലിയാന്‍ തീരുമാനിച്ചാല്‍ തകര്‍ച്ചയിലേ അവസാനിക്കൂ. ലക്ഷ്യത്തിലെത്തുന്നത് വരെ യാത്രതുടരാനുള്ള അചഞ്ചല മനസ്സുണ്ടെങ്കില്‍ മാത്രമേ ജീവിതത്തില്‍ വ്യക്തിമുദ്രപതിപ്പിക്കാന്‍ സാധിക്കൂ. നമ്മുടെ യാത്രകള്‍ വിജയം വരെ തുടരാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.
Post a Comment