Nov 9, 2022

മദ്യപിച്ചെത്തുന്ന പിതാവ്; അടിയേറ്റു ജീവച്ഛവം പോലെ കുട്ടി; നെഞ്ചു പിടയ്ക്കുന്ന കാഴ്ച"


മാവേലിക്കര : പന്ത്രണ്ടു വയസ്സുകാരനെ പിതാവ് അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ നൊമ്പരക്കാഴ്ചയാകുന്നു. മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെട്ടിക്കുളങ്ങരയ്ക്കു സമീപമുള്ള വീട്ടിൽ നിന്നു പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലും മറ്റും പുറത്തുവന്നത്. മദ്യപിച്ചെത്തുന്ന പിതാവ് സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരൻ മനോരമ ഓൺലൈനോട് വെളിപ്പെടുത്തി. ‘‘നെഞ്ചുപിടയ്ക്കുന്ന കാഴ്ചകൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. തടയാൻ പോയാൽ അറയ്ക്കുന്ന ഭാഷയിൽ ചേട്ടൻ തെറിവിളിക്കും. ചൈൽഡ് ലൈൻ അധികൃതരുടെയും മറ്റും ഇടപെടലുണ്ടാകേണ്ട സാഹചര്യമുണ്ട്. പൊലീസും മറ്റു സംവിധാനങ്ങളും ഇതിൽ ഇടപെടണമെന്ന ആവശ്യമാണുള്ളത്. മാസങ്ങൾക്ക് മുൻപ് മാവേലിക്കര സ്റ്റേഷനിൽ ഇതു,സംബന്ധിച്ച് പരാതി നൽകിയിരുന്നു. – അദ്ദേഹം പറഞ്ഞു.
കുടുംബപ്രശ്നങ്ങളെത്തുടർന്ന് ചേച്ചി (ഏട്ടത്തിയമ്മ)യും ചേട്ടനും വേർപിരിഞ്ഞു. കുഞ്ഞ് ചേച്ചിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി മറ്റൊരാളെ വിവാഹം ചെയ്തു. അപ്പോഴേക്കും കുഞ്ഞിന് അച്ഛനെ കാണണമെന്നായി. കഴിഞ്ഞ വർഷമാണ് അവനെ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. മാനസിക വെല്ലുവിളി നേടുന്ന കുട്ടി ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. തുടക്കത്തിൽ പ്രശ്നമൊന്നും ഉണ്ടായില്ല. പിന്നീട് സ്ഥിരം മദ്യപിച്ചെത്തി അവനോട് ദേഷ്യപ്പെടുകയും മര്‍ദിക്കുകയുമായിരുന്നു. അവനെ പലപ്പോഴും ഉറങ്ങാൻ പോലും സമ്മതിക്കില്ല. പലപ്പോഴും എന്താണ് തനിക്കെതിരെ സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ കുട്ടി അന്ധാളിച്ചു നിൽക്കുന്നത് കാണാം. കുട്ടിയെ മർദിക്കുന്നത് കണ്ട് തടയാൻ പോയാൽ തെറിയഭിഷേകമാണ്. അതിക്രമം അമ്മയുൾപ്പെടെയുള്ളവർക്കു നേരെ തിരിഞ്ഞതോടെ മാവേലിക്കര പൊലീസിനെ സമീപിക്കുകയായിരുന്നു. ശിശുസംരക്ഷണ നിയമം അനുസരിച്ച് ചേട്ടനെതിരെ കേസെടുത്തു. ഇടയ്ക്ക് പൊലീസ് വീട്ടിൽ പരിശോധനയ്ക്കും വന്നു. എന്നാൽ അതിനു ശേഷവും കുഞ്ഞിനെ ഉപദ്രവിക്കുന്നതിൽ മാറ്റമുണ്ടായില്ല.  – കുട്ടിയുടെ പിതാവിനറെ സഹോദരൻ പറഞ്ഞു.

കുട്ടിയെ തല്ലുന്നതായി പരാതിയുണ്ടായതിനെത്തുടർന്ന് രണ്ടു മാസം മുൻപ് സംഭവത്തിൽ കേസെടുത്തതായി മാവേലിക്കര പൊലീസ് അറിയിച്ചു. പൊലീസ് ഇടപെടലിനു ശേഷം പിന്നീട് പ്രശ്നങ്ങളുണ്ടായതായി അറിവില്ല. പുതിയതായി പരാതി ലഭിച്ചിട്ടില്ലെന്നും വിവരം അറിഞ്ഞതുപ്രകാരം സംഭവം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു."

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only