Nov 3, 2022

കവിയും ; ടി.പി.രാജീവന്‍ അന്തരിച്ചു".


കോഴിക്കോട്‌ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി പി രാജീവൻ (65) അന്തരിച്ചു. കോഴിക്കോട്‌ ഇഖ്‌റ ആശുപത്രിയിൽ ബുധൻ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന്‌ ദീർഘകാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം വ്യാഴം പകൽ മൂന്നിന്‌ ബാലുശേരി കോട്ടൂരിലെ വീട്ടുവളപ്പിൽ. രാവിലെ ഒമ്പതു മുതൽ 11 വരെ കോഴിക്കോട്‌ ടൗൺ ഹാളിൽ പൊതുദർശനം. പേരാമ്പ്ര പാലേരി തച്ചംപൊയിൽ വീട്ടിൽ റിട്ട. സ്‌കൂൾ അധ്യാപകൻ രാഘവൻ –- ദേവി ദമ്പതികളുടെ മകനായി 1959-ലാണ്‌ ജനനം. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവന്റെ കവിതകൾ വിവിധ ഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. ‘ദ ഹിന്ദു' ദിനപത്രത്തിൽ സാഹിത്യ നിരൂപണം നടത്തി. ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം നേടി. കുറച്ചുകാലം ഡൽഹിയിൽ പത്രപ്രവർത്തകനായും പ്രവർത്തിച്ചു. കലിക്കറ്റ്‌ സർവകലാശാലയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസറായി. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിൽ സാംസ്‌കാരിക വകുപ്പിൽ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിയായി. ‘കെ ടി എൻ കോട്ടൂർ: എഴുത്തും ജീവിതവും’ നോവലിന്‌ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഇത്‌ ‘ഞാൻ’ എന്ന പേരിൽ സിനിമയായി. ‘പാലേരി മാണിക്യം–- ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ നോവലും സിനിമയായി. വാതിൽ, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാൾ, വയൽക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം, വെറ്റിലചെല്ലം എന്നിവയാണ്‌ പ്രധാന കൃതികൾ. പുറപ്പെട്ടുപോകുന്ന വാക്ക് (യാത്രാവിവരണം), അതേ ആകാശം അതേ ഭൂമി(ലേഖനസമാഹാരം) എന്നിവയാണ്‌ മറ്റു കൃതികൾ. ഭാര്യ: സാധന. മക്കൾ: ശ്രീദേവി, പാർവതി (ആർജെ –- റേഡിയോ മിർച്ചി). മരുമകൻ: ശ്യാം സുധാകരൻ (സെന്റ്‌ തോമസ്‌ കോളേജ്‌ ഇംഗ്ലീഷ്‌ അധ്യാപകൻ).

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only