കൊച്ചി: പതിനേഴുകാരിയെ ലഹരിമരുന്ന് നല്‍കി സംസ്ഥാനത്തെ വിവിധ ജില്ലകളിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തില്‍ എട്ട് പേര്‍ പിടിയില്‍. കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ തിരുവനന്തപുരത്ത് നിന്നായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ഭയ ഹോമിലേക്ക് മാറ്റിയ കുട്ടി ഒരു മാസത്തിന് ശേഷമാണ് പീഡന വിവരം വെളിപ്പെടുത്തിയത്.
സംഭവത്തിൽ മട്ടാഞ്ചേരി ചക്കാമാടം ജോഷി തോമസ് (40), ആലുവ ചൂര്‍ണിക്കര കരിപ്പായില്‍ കെ.ബി. സലാം (49), തൃശൂര്‍ കൃഷ്ണപുരം കാക്കശേരി വീട്ടില്‍ അജിത്ത്കുമാര്‍ (24), പത്തനംതിട്ട പന്തളം കുരമ്പാല ഓലക്കാവില്‍ വീട്ടില്‍ മനോജ് സോമന്‍ (34), ഉദയംപേരൂര്‍ മാക്കാലിക്കടവ് പൂന്തുറ ചിറയില്‍ ഗിരിജ (52), പുത്തന്‍കുരിശ് കാഞ്ഞിരക്കാട്ടില്‍ അച്ചു (26), വൈറ്റില പൊന്നുരുന്നി പുറക്കാട്ട് വീട്ടില്‍ നിഖില്‍ ആന്റണി (37), കോട്ടയം കാണക്കാരി മുതിരക്കാല കൊച്ചുപറമ്പില്‍ ബിജിന്‍ മാത്യു (22) എന്നിവരാണ് സെന്‍ട്രല്‍, പാലാരിവട്ടം സ്റ്റേഷനുകളിലായി അറസ്റ്റിലായത്.
കേസിലെ പ്രധാന പ്രതിയായ ഡൊണാള്‍ഡ് വില്‍സണ്‍ എന്നയാള്‍ നേരത്തെ മറ്റൊരു കേസില്‍ പൊലീസിന്റെ പിടിയിലായിരുന്നു. വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 21 പ്രതികളാണ് ആകെയുള്ളത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലെ അഞ്ച് പ്രതികളില്‍ നാല് പേരെയും പാലാരിവട്ടം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലെ നാല് പ്രതികളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പാലപ്പുറം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിലായിരുന്നു പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് 14 പ്രാഥമിക വിവര റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും പീഡനം നടന്ന ജില്ലകളിലെ ബന്ധപ്പെട്ട സ്റ്റേഷനുകള്‍ക്ക് അന്വേഷണം കൈമാറുകയായിരുന്നു.
എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു ഡൊണാള്‍ഡ് പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയും മറ്റുള്ളവരെ വിളിച്ചു വരുത്തുകയുമായിരുന്നു. കഴിഞ്ഞ ജൂണ്‍ 21 മുതല്‍ ഓഗസ്റ്റ് 4 വരെ കുട്ടി പീഡനങ്ങള്‍ക്ക് ഇരയായെന്ന് പൊലീസ് പറഞ്ഞു. ലഹരിമരുന്ന് നല്‍കിയുള്‍പ്പടെ നല്‍കിയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു.
Post a Comment