കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിലേക്കുള്ള യാത്രാ ദുരിതവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മറ്റി ഭാരവാഹികളും ഗ്രാമ പഞ്ചായത്ത്, പോലീസ്, മോട്ടോർ വാഹന വകുപ്പ്, സ്കൂൾ അധികൃതർ എന്നിവരുമായി നടന്ന ചർച്ചയിൽ പരിഹാരമായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിൻ്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ താമരശേരി ഡി.വൈ.എസ്.പി അഷ്ററഫ്, മുക്കം ഇൻസ്പെക്ടർ പ്രജീഷ്, എസ്.ഐ ജിതേഷ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പത്മലാൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടു മുറി, ഗ്രാമ പഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ,
റസാഖ് കൊടിയത്തൂർ,
പി.ടി.എം ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എസ്എ നാസർ, വൈസ് പ്രസിഡൻ്റ് ഫസൽ ബാബു, എസ് എം സി ചെയർമാൻ സി.പി അസീസ്, പ്രധാനാധ്യാപകൻ ജി സുധീർ, ആക്ഷൻ കമ്മറ്റി നേതാക്കളായ സുൽഫിക്കർ, ഗിരീഷ് കാരക്കുറ്റി, ഇ.സി സാജിദ്, വാദി റഹ്മ വൈസ് പ്രിൻസിപ്പൽ അബ്ദുൽ നാസർ തുടങ്ങിയവർ പങ്കെടുത്തു.
നിലവിൽ സ്കൂളിലേക്കുള്ള പ്രധാന റോഡിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടതുള്ളതിനാൽ 2 ദിവസത്തിനകം ആ പ്രവൃത്തി പൂർത്തീതീകരിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കരാറുകാറുമായി ബന്ധപ്പെട്ടതോടെ പ്രശ്നത്തിന് പരിഹാരമായി.
തുടർന്ന് ഇരു ഭാഗത്തും അറ്റകുറ്റ പ്രവൃത്തി നടത്തുതുന്നതിനും തീരുമാനമായി. ഗ്രാമ പഞ്ചായത്ത് റോഡിനായി വകയിരുത്തിയ രണ്ടര ലക്ഷം രൂപയുടെ പ്രവൃത്തി ക്രിസ്മസ് അവധിക്കാലത്ത് തീർക്കുന്നതിനും തീരുമാനമായി. റോഡിന് വീതി കുറവായ സ്ഥലങ്ങളിൽ സ്ഥലം എറ്റെടുക്കുന്നതിന് മാനേജ്മെൻ്റുകളുമായി സംസാരിക്കുന്നതിനും രണ്ടാഴ്ചക്കകം വിവരമറിയിക്കുന്നതിനും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിനെ ചുമതലപ്പെടുത്തി.
അത് വരെ മുഴുവൻ സ്കൂൾ ബസ്സുകളും നിലവിലെ റോഡിലൂടെ സർവീസ് നടത്തുന്നതിനും ധാരണയായി.
Post a Comment