ചാത്തമംഗലം : പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ച ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടിനെച്ചൊല്ലിയുള്ള കലഹം തുടരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് കോഴിക്കോട് ജില്ലാ കലക്ടർക്കും ഇതു സംബന്ധിച്ച് പരാതി നൽകിയത്. കട്ടൗട്ടുകൾ സ്ഥാപിച്ചതിനാൽ ചെറു പുഴയുടെ സ്വാഭാവിക ഒഴുക്കിനെ അത് തടസ്സപ്പെടുത്തുമെന്ന് ചൂണ്ടികാണിച്ചാണ് അഭിഭാഷകൻ പരാതി അയച്ചിരിക്കുന്നത്. കലക്ടർ ഈ പരാതി കൊടുവള്ളി നഗരസഭയ്ക്ക് കൈമാറിയിട്ടുണ്ട്
പരാതിക്കാരനെ നപടികൾ അറിയിക്കണമെന്നും, പരിശോധിച്ച് ആവശ്യമെങ്കിൽ നടപടിയെടുക്കണമെന്നും സൂചിപ്പിച്ച് കലക്ടർ ഈ പരാതി നഗരസഭയിലേക്ക് അയച്ചതായി കൊടുവള്ളി നഗരസഭാധ്യക്ഷൻ വെള്ളറ അബ്ദു വ്യക്തമാക്കി. എന്തായാലും കട്ടൗട്ടുകൾ എടുത്തുമാറ്റില്ലെന്ന നിലപാടിലാണ് കൊടുവള്ളി നഗരസഭ. പുഴയ്ക്ക് ഒരു നിലയ്ക്കും കട്ടൗട്ടുകൾ ഭീഷണിയല്ലെന്നും, ലോകകപ്പ് ഫുട്ബോൾ കഴിയുന്നത് വരെ കട്ടൗട്ടുകൾ മാറ്റില്ലെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു.
നേരത്തേ ചാത്തമംഗലം പഞ്ചായത്തിനും ഇതേ അഭിഭാഷകൻ പരാതി അയച്ചിരുന്നു. ചാത്തമംഗലം പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ നടപടി എടുത്തിരുന്നില്ല. അതേസമയം കട്ടൗട്ടുകൾ നിൽക്കുന്ന പുഴയുടെ ഭാഗം കൊടുവള്ളി നഗരസഭയുടേതാണെന്നു നഗരസഭ അധികൃതർ വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്നാണ് അഭിഭാഷകൻ കൊടുവള്ളി നഗരസഭയ്ക്ക് കഴിഞ്ഞ ആഴ്ച പരാതി നൽകിയത്.
സ്ഥലം സംബന്ധിച്ച ആശയക്കുഴപ്പം നീക്കാൻ താമരശ്ശേരി തഹസിൽദാരോട് റീ സർവ്വേ നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൊടുവള്ളി നഗരസഭാധ്യക്ഷൻ അറിയിച്ചു. ദിവസങ്ങൾക്ക് മുൻപ് ഫിഫയുടെ ഒഫീഷ്യൽ ട്വിറ്റർ പേജിലും പുള്ളാവൂരിലെ കട്ടൗട്ടുകളുടെ ചിത്രം ഷെയർ ചെയ്തിരുന്നു
Post a Comment