മംഗളൂരു: ഹിന്ദു വിദ്യാർത്ഥിനിയും മുസ്ലീം വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രണയത്തെ തുടര്‍ന്ന് മംഗളൂരു സ്വകാര്യ കോളേജിലെ 18 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. കോളേജ് മാനേജ്‌മെന്റ് ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.
ഇതിനിടെ ഇരുവരും ഇപ്പോഴും പ്രണയത്തിലാണെന്ന് അതേ കോളേജിലെ ഹിന്ദു സമുദായത്തില്‍പ്പെട്ട കുറച്ച് വിദ്യാര്‍ത്ഥികള്‍ അറിയാനിടയായി. ഇതോടെ കഴിഞ്ഞ ദിവസം നടന്ന കോളേജ് പരിപാടിക്കിടെ ഇവര്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി. പിന്നാലെ കുറച്ച് മുസ്ലീം വിദ്യാര്‍ത്ഥികള്‍ അവന് പിന്തുണയുമായെത്തി.
എന്നാല്‍, സംഭവത്തിനു ശേഷം, മുസ്ലീം വിദ്യാര്‍ത്ഥിയെ പിന്തുണച്ച വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ 18 പേരെ കോളേജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്ക് 2023 മാര്‍ച്ചിലെ പരീക്ഷ എഴുതാന്‍ മാനേജ്‌മെന്റ് അനുവാദം നല്‍കിയിട്ടുണ്ട്. സസ്‌പെന്‍ഡ് ചെയ്ത 18 വിദ്യാര്‍ത്ഥികളില്‍ മൂന്ന് പേര്‍ പെണ്‍കുട്ടികളാണ്. പത്ത് പെണ്‍കുട്ടികളും എട്ട് ആണ്‍കുട്ടികളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇവരെല്ലാം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്.
കോളേജിലെ പരിപാടിക്കിടെ ബുര്‍ഖ ധരിച്ച് ഡാന്‍സ് കളിച്ച നാല് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. കര്‍ണാടകയിലെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോളേജിലെ സ്റ്റുഡന്റ് അസോസിയേഷന്റെ പ്രോഗ്രാമിനിടെയായിരുന്നു വിദ്യാര്‍ഥികളുടെ ഡാന്‍സ്.
മംഗളൂരു സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിലായിരുന്നു സംഭവം. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളില്‍ നാല് വിദ്യാര്‍ത്ഥികള്‍ പ്രശസ്തമായ ബോളിവുഡ് ഗാനത്തിന് ചുവട് വെയ്ക്കുന്നതും കാണികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് അന്വേഷണം നടത്തി നാല് വിദ്യാര്‍ത്ഥികളെയും സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.
സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയിലുള്ള യാതൊരു വിധ പ്രവര്‍ത്തനങ്ങള്‍ക്കും കോളേജ് പിന്തുണ നല്‍കില്ലെന്നും ക്ഷമിക്കില്ലെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടന പരിപാടിയില്‍ ഇടിച്ചു കയറിയാണ് ഈ നാലു വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് ചെയ്തതെന്ന് കോളേജ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
Post a Comment