ന്യൂഡൽഹി: ചൈനയിൽ പടരുന്ന കൊറോണ വൈറസിൻറെ ഒമിക്രോൺ ബി.എഫ്-7 എന്ന വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ട് കേസും ഒഡീഷയിൽ ഒരു കേസുമാണ് സ്ഥിരീകരിച്ചത്. അതിവേഗവ്യാപനമാണ് വകഭേദത്തിന്റെ പ്രത്യേകത. പനി, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
പുതിയ വകഭേദം സ്ഥിരീകരിച്ചതിനു പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവരിൽ യാത്രക്കാരുടെ സംഘത്തിൽ നിന്ന് ചിലരെ പരിശോധിച്ച് ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ ബാക്കിയുള്ളവരെ കൂടി പരിശോധിക്കുകയും നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യുന്ന നടപടിയിലേക്ക് കേന്ദ്രം കടന്നിരിക്കുകയാണ്.
രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിരുന്നു. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്. ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ യോഗം വിളിച്ചത്. കോവിഡ് ഇതുവരെ പൂർണമായും അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏതുസാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനയിൽ കോവിഡ് ഗുരുതരമായി പടരുന്നതിനിടെ ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ആശുപത്രി നിറഞ്ഞുകവിഞ്ഞ് ചികിത്സാസംവിധാനങ്ങൾ തകരാറിലായതിൻറെയും മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചൈനയിലെ ഈ വകഭേദം തന്നെയാണ് ഇന്ത്യയിലും എത്തിയതെന്നാണ് റിപ്പോർട്ട്.
Post a Comment