തിരുവമ്പാടി :മത്തായി ചാക്കോ മെമ്മോറിയൽ മലബാർ സ്പോർട്സ് ഡെവലപ്മെൻറ് ആൻഡ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (മാസ്ഡികോസ്) യുടെ ഉദ്ഘാടനം ഇന്ന് തിരുവമ്പാടിയിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും.
തിരുവമ്പാടി നിയോജകമണ്ഡലം എംഎൽ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വിവിധ പ്രമുഖർ പങ്കെടുക്കും.
കോഴിക്കോട് ജില്ലയിലെ കായിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സഹകരണ മേഖലയിൽ തിരുവമ്പാടി ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ചിട്ടുള്ള സൊസൈറ്റിയാണ് മാസ്ഡികോസ്, കായിക പരിശീലനം മുഖ്യ ലക്ഷ്യമായി സംസ്ഥാനത്ത് ആദ്യമായി ആരംഭിയ്ക്കുന്ന സ്ഥാപനമെന്ന പ്രത്യേകത ഈ സൊസൈറ്റിയ്ക്കുണ്ട്. വരും തലമുറയെ കായികക്ഷമതയുള്ളവരായി മാറ്റുക എന്ന വിശാലമായ ലക്ഷ്യം നേടുവാൻ പര്യാപ്തമായ തരത്തിലുള്ള വിപുലമായ പദ്ധതികൾ സൊസൈറ്റി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് ലക്ഷ്യമിടുന്നു.
പ്രധാനപ്പെട്ട പ്രവർത്തന പരിപാടികൾ താഴെ പറയുന്നവയാണ്.
സൊസൈറ്റിയുടെ പ്രധാന പ്രവർത്തന ലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്
സമൂഹത്തിൽ കായികവും മാനസികവുമായി വളർച്ച പ്രാപിച്ച ഒരു തലമുറയെ വാർത്തെടുക്കുന്നതിനുവേണ്ട സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക.
ചെറുപ്രായത്തിൽ തന്നെ കായിക മത വളർത്തുന്ന വിദ്യാഭ്യാസ പദ്ധതികൾ സഹകരണ പ്രസ്ഥാനങ്ങളുടെയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാർ, സർക്കാർ നിയന്ത്രിത ഏജൻസികൾ, മറ്റു ഇതര സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെയും സഹകരണത്തോടെ നടപ്പിലാക്കുക.
കായിക താരങ്ങളെ ചെറുപ്പത്തിൽത്തന്നെ കണ്ടെത്തി വിദഗ്ധ പരിശീലനം നൽകി അവരെ ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുവാൻ പര്യാപ്തമാവുന്ന തരത്തിൽ വളർത്തിയെടുക്കുക.
കേരളത്തിന് അകത്തും പുറത്തുമുള്ള കായിക താരങ്ങൾക്ക് ഹോസ്റ്റൽ സൗകര്യം ഉൾപ്പെടെ ഒരുക്കി പരിശീലനം നൽകുക.
സ്പോർട്സ്, ഗെയിംസ് ഇനങ്ങളിൽ വിദഗ്ധ പരിശീലനം നൽകുന്നതിന് ജില്ല സംസ്ഥാന സ്പോർട്സ് കൗൺസിലുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സമിതികൾ, മലബാർ സ്പോർട്സ് അക്കാദമി, സമാന സ്വഭാവമുള്ള മറ്റു സ്ഥാപനങ്ങൾ/സംഘടനകൾ എന്നിവയുടെ സഹകരണം ഉറപ്പുവരുത്തുക.
സർക്കാർ തലത്തിലും മറ്റു ഏജൻസികൾ മുഖേനയും സംഘടിപ്പിക്കപ്പെടുന്ന വിവിധ കായിക മത്സരപരിപാടികൾ താരങ്ങളെ പങ്കെടുപ്പിക്കുന്നതിനുവേണ്ട സഹകരണം നൽകുക.
സംഘം സ്വന്തമായോ മറ്റു സ്ഥാപനങ്ങളുമായി ഏജൻസികളുമായി സഹകരിച്ചോ വിവിധ സ്പോർട്സ് ഗെയിംസ് ഫെസ്റ്റിവലുകൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുക.
ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തരായ കായിക പരിശീലകരുടെ സേവനം ലഭ്യമാക്കി തെരഞ്ഞെടുക്കപ്പെടുന്ന കായിക താരങ്ങൾക്ക് വിദഗ്ധ പരിശീലനം നൽകുക.
സ്കൂൾ അധികൃതർ, പി.ടി.എ. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ലോവർ പ്രൈമറി തലം മുതലുള്ള വിദ്യാർത്ഥികൾക്ക് വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകുക, ഇതിനായി കായിക മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അധ്യാപകർ, വിവിധ കായിക ഇനങ്ങളിൽ വൈദഗ്ധ്യം നേടിയിട്ടുള്ള പരിശീലകർ, കായിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുക.
സ്പോർട്സ്, ഗെയിംസ് എന്നിവക്കാവശ്വമായ ഉപകരണങ്ങൾ, ഡ്രസ്സുകൾ, ആരോഗ്യ പരിപാലന ഉപകരണങ്ങൾ മറ്റു വസ്തുക്കൾ എന്നിവയുടെ വില്പന കേന്ദ്രങ്ങളും ഷോറൂമുകളും അനുയോജ്യമായ
സ്ഥലങ്ങളിൽ ആരംഭിക്കുക.
വിവിധ കായിക പരിശീലനങ്ങൾക്കുതകുന്ന ഇൻഡോർ, ഔട്ഡോർ സ്റ്റേഡിയങ്ങൾ അനുയോജ്യമായ സ്ഥലങ്ങളിൽ ആരംഭിക്കുക.
കളരിപ്പയറ്റ്, കരാട്ടെ കുങ്ഫു ജിംനാസ്റ്റിക് തുടങ്ങിയ വിവിധ ആയോധന കലകൾ, യോഗ, നീന്തൽ എന്നിവയിൽ പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ ആരംഭിക്കുക.
നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് സ്പോർട്സ് സ്കൂളുകൾ സ്ഥാപിക്കുക.
കായിക താരങ്ങളുടെയും കായിക പരിശീലനങ്ങളിലേർപ്പെടുന്നവരുടെയും പ്രത്യേക ചികിത്സയ്ക്ക് ആവശ്യമായ ഡിസ്പെൻസറി ആശുപത്രി, ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലിനിക്കൽ ലബോറട്ടറികൾ, എക്സ്റേ യൂണിറ്റുകൾ, സ്കാനിംഗ് സെന്ററുകൾ എന്നിവ സ്ഥാപിക്കുക.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കായിക പ്രതിഭകളെ കണ്ടെത്തി അവർക്ക് സൗജന്യ പരിശീലനം നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക.
ജില്ലയിലെ 4 താലൂക്കുകളിലും, ബ്ലോക്ക് പഞ്ചായത്ത് തലത്തിലും, തദ്ദേശ സ്വയംഭരണ സ്ഥാപനസ്ഥലങ്ങളിലും മേൽപറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായകരമായ തരത്തിൽ സബ്കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കുക.
പരിശീലനം നൽകപ്പെടുന്ന കായികതാരങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
കായികക്ഷമതയുള്ള പുതുതലമുറയെ വളർത്തിയെടുക്കുന്നതിന് വിപുലമായ തോതിലുള്ള ബോധവൽക്കരണ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക.
ജില്ലയിലെ നാല് താലൂക്കുകളിലും കായിക താരങ്ങൾക്ക് റസിഡൻഷ്യൽ സൗകര്യത്തോടെ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുക.
സൊസൈറ്റി പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് കായിക മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുക.
കായിക മേഖലയിൽ പ്രോജക്റ്റുകളുടെ നിർവ്വഹണം നടത്തുന്നതിനുള്ള അക്രഡിറ്റഡ് ഏജൻസിയായി പ്രവർത്തിക്കുക.
കോഴിക്കോട്, കൊയിലണ്ടി, വടകര, താമരശ്ശേരി താലൂക്കുകളിൽ കായിക പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുക.
ശ്രീ. ലിന്റോ ജോസഫ് എം.എൽ.എ, ജോർജ് എം തോമസ് എക്സ്. എം.എൽ.എ സംസ്ഥാനത്തെ മുൻനിരയിലുള്ള കായിക പരിശീലകനായ ടോമി ചെറിയാൻ, മലബാർ സ്പോർട്സ് അക്കാദമി പ്രതിനിധികൾ, സഹകരണ സ്ഥാപന അധ്യക്ഷന്മാർ തുടങ്ങിയവരടങ്ങുന്ന ഭരണസമിതിയാണ് സൊസൈറ്റിക്ക് നേതൃത്വം നൽകുന്നത്. ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നും നിർലോഭമായ പിന്തുണയും സഹകരണവും സൊസൈറ്റിക്ക് ലഭിച്ചു വരുന്നുണ്ട്.
ഒരു വർഷത്തിനകം സംസ്ഥാനത്തിന് മൊത്തം മാതൃകയാവുന്ന തരത്തിൽ കായികമേഖലയിൽ ഇടപെടൽ നടത്തുവാൻ മാസ്ഡികോസിന് സാധിക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കായിക മേഖലയുമായി ബന്ധപ്പെട്ട ഏജൻസികൾ, കായിക പ്രേമികളായ വ്യക്തികൾ, പൊതു, സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം ഉറപ്പുവരുത്തിക്കൊണ്ടാണ് പ്രവർത്തനം നടത്തുവാൻ ഉദ്ദേശിച്ചിട്ടുള്ളതെന്ന് സൊസൈറ്റി പ്രസിഡന്റ്
ജോസ് മാത്യു പറഞ്ഞു
Post a Comment