Dec 21, 2022

ചരക്കുലോറി ഫറോക്ക്പഴയ പാലത്തിൽ ഇടിച്ചു:അൻപതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറി,


ഫറോക്ക് : വിദേശമദ്യം കയറ്റി വന്ന ചരക്കുലോറി പഴയ പാലത്തിൽ ഇടിച്ചു, റോഡിൽ വീണ മദ്യക്കുപ്പികൾ കൈക്കലാക്കി നാട്ടുകാർ. പുലർച്ചെ 6.30ന് ആണു പഞ്ചാബിൽ നിന്നു കൊല്ലത്തേക്കു പോകുകയായിരുന്ന ലോറി പാലത്തിന്റെ ഫറോക്ക് കരയിലെ സുരക്ഷാ കമാനത്തിൽ തട്ടി അൻപതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറിയത്.

പിന്നാലെ എത്തിയ യാത്രക്കാർ അറിയിച്ചിട്ടും ലോറിക്കാർ നിർത്താതെ പോയി. നടുറോഡിൽ കെയ്സ് കണക്കിനു മദ്യം കണ്ടതോടെ ഇതുവഴി വന്നവരെല്ലാം കൈക്കലാക്കി. പലയിടത്തു നിന്നും ആളുകൾ എത്തിയതോടെ പാലം പരിസരത്ത് ഗതാഗതക്കുരുക്കായി.
മദ്യക്കുപ്പികൾ വാരിക്കൂട്ടുന്ന തിരക്കിലായിരുന്നു പലരും. ഇതുവഴി കടന്നു പോയ ചില വാഹന യാത്രക്കാരും നിർത്തി കയ്യിൽ കിട്ടിയ കുപ്പികളുമായി കടന്നു. പ്ലാസ്റ്റിക് കുപ്പികൾ പൊട്ടി മദ്യം റോഡിൽ പരന്നൊഴുകി. പാലത്തിന്റെ മുകളിലെ കമാനത്തിൽ ഉടക്കിയാണ് പെട്ടികൾ താഴേക്കു വീണത്. മദ്യക്കുപ്പികൾ റോഡിലേക്കു വീണിട്ടും ലോറി നിർത്താതെ പോയത് സംശയത്തിനിടയാക്കി.ചുങ്കം ഭാഗത്തേക്കാണ് ലോറി അതിവേഗം പോയത്. പിന്നീട് പൊലീസ് എത്തി അവശേഷിച്ച മദ്യക്കുപ്പികൾ സ്റ്റേഷനിലേക്ക് മാറ്റി.
965 കുപ്പി മദ്യമാണ് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു കോടതിയിൽ റിപ്പോർട്ട് നൽകും. എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്തിന്റെ നേതൃത്വത്തിൽ മദ്യക്കുപ്പി പരിശോധിച്ചതിൽ പഞ്ചാബിൽ നിർമിച്ചതാണെന്നു സ്ഥിരീകരിച്ചു.കൊല്ലത്തെ വെയർ ഹൗസിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ലോറി അപകടത്തിൽപെട്ടത് എന്നാണു വിവരം. വാഹനം നിർത്താതെ പോയതു സംബന്ധിച്ചു പൊലീസ് അന്വേഷിക്കുന്നുണ്ട്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only