കാരശ്ശേരി : പണി അനിശ്ചിതമായി നീണ്ടതിനാൽ കരാറുകാരനെമാറ്റി പുതിയ കരാറുകാരെ നിയോഗിച്ചിട്ടും മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് രണ്ടാംറീച്ചിന്റെ പണി പുനരാരംഭിക്കാനായില്ല. ജലജീവൻമിഷന്റെ പൈപ്പ്‌ലൈൻ സ്ഥാപിക്കാനുള്ളതാണ് പുതിയ തടസ്സം. അതുകൂടി കഴിഞ്ഞാലെ ടാറിങ് നടത്താനാവൂ. രണ്ടുവർഷമായി നാട്ടുകാർ അനുഭവിക്കുന്ന ദുരിതം തീരാൻ ഇനിയും കാത്തിരിപ്പ് തുടരണം. 3.825 കി.മീ. നീളമുള്ളറോഡ് 5.5 കോടി ചെലവിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിക്കാനുള്ള പ്രവൃത്തി 2021 ഫെബ്രുവരി 17-നാണ് ഉദ്ഘാടനംചെയ്തത്.രണ്ടുറീച്ചുകളിലായാണ് പ്രവൃത്തി കരാർനൽകിയത്. രണ്ടുഭാഗത്തും പണി ഇഴഞ്ഞുനീങ്ങി. റോഡിനുകുറുകെ കലുങ്കിന് വലിയ കുഴികളെടുത്തുള്ള പ്രവൃത്തികൾ ഇഴഞ്ഞും ഇടയ്ക്കിടെ ഏറെനാൾ മുടങ്ങിയും കിടന്നു.
പണിതുടങ്ങിയതുമുതൽ റോഡിൽ ഗതാഗതവും മുടങ്ങിയതാണ്. രണ്ടാംറീച്ചിൽ കലുങ്കുപണി ഒരുവർഷംമുൻപ് തീർത്തെങ്കിലും ആദ്യറീച്ചിൽ കലുങ്കിനായി എട്ടുസ്ഥലത്ത് വലിയ കിടങ്ങുകൾ റോഡിനു കുറുകെ കുഴിച്ചിട്ടനില തുടർന്നു. ബസ്സടക്കം വലിയ വാഹനങ്ങൾക്ക് ഓടാൻകഴിയാതായി. രണ്ടാംറീച്ച് കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റ് മുതൽ മണ്ടാംകടവുവരെ പഴയടാറിങ് പൊളിച്ചിട്ടതിനാൽ ഈ ഭാഗത്തും ഗതാഗതം ദുരിതത്തിലായി.മെറ്റലും പാറപ്പൊടിയും കൂട്ടിക്കലർത്തി റോഡിൽ നിരത്തിയനിലയിൽ കിടക്കാൻതുടങ്ങിയിട്ട് അഞ്ചുമാസം പിന്നിട്ടു. മെറ്റൽ ഇളകി നിരന്നുകിടക്കുന്നു. നിറയെ കുഴികളാണ്. പാറപ്പെടി പറന്ന് കച്ചവടക്കാരും യാത്രക്കാരും പരിസരവാസികളും രോഗികളാവുന്ന സ്ഥിതിയാണ്. പ്രതിഷേധങ്ങളും സമരങ്ങളും ഉയർന്നു. ഇതിനിടെ കരാറുകാരൻ പിന്മാറാൻ തയ്യാറായതിനാൽ ലിന്റോ ജോസഫ് എം.എൽ.എ. ഇടപെട്ട് റീടെൻഡറിന് നടപടിയുണ്ടാക്കി.നവംബർ 28-ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് ടെൻഡർ ലഭിച്ചത്. ഇതോടെ വൈകാതെ ദുരിതം അവസാനിക്കുമെന്ന് നാട്ടുകാർ ആശ്വസിച്ചു.
അപ്പോഴാണ് ജലജീവൻമിഷന്റെ പൈപ്പ്‌ലൈൻ ഈ റൂട്ടിൽ സ്ഥാപിക്കാനുള്ളത് വീണ്ടും പ്രതിസന്ധിയായത്. ടാറിങ്ങിനുമുൻപ് പൈപ്പ്‌ലൈൻ സ്ഥാപിച്ചില്ലെങ്കിൽ ടാറിങ് കഴിഞ്ഞയുടൻ വീണ്ടും കുത്തിപ്പൊളിക്കേണ്ടിവരും.കഴിഞ്ഞദിവസം കളക്ടറേറ്റിൽ നടന്നയോഗത്തിൽ മൂന്നാഴ്ചയ്ക്കുള്ളിൽപൈപ്പ്‌ലൈൻ പ്രവൃത്തി നടത്തണമെന്ന് കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലിന്റോ ജോസഫ് എം.എൽ.എ. പറഞ്ഞു. അല്ലാത്തപക്ഷം ടാറിങ് നടത്താൻ നടപടിയെടുക്കും. പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിന് കരാറുൾപ്പെടെ നടപടികൾ പൂർത്തിയായതാണ്. എന്നാൽ, സ്ഥാപിക്കാനുള്ള പൈപ്പ് ഇതുവരെ ലഭ്യമായിട്ടില്ല. പൈപ്പ് എത്താൻ വൈകിയാൽ സമയബന്ധിതമായി പണികൾ നടക്കാൻ സാധ്യതയില്ല.
Post a Comment